ബത്തേരിയിലിറങ്ങിയത്‌ ഗൂഡല്ലൂരിനെ വിറപ്പിച്ച ‘പി.എം-2’ കാട്ടാന; വനംവകുപ്പ്‌ തെരച്ചില്‍ തുടങ്ങി

0


ബത്തേരി: ബത്തേരി ടൗണില്‍ ഇറങ്ങി ആക്രമണം നടത്തിയത്‌ തമിഴ്‌നാട്‌ ഗൂഡല്ലൂരിനെ വിറപ്പിച്ച പി.എം-2 എന്ന മോഴയാന. ആനയെ കണ്ടെത്താന്‍ വയനാട്‌ വന്യജിവീസങ്കേതം അധികൃതര്‍ തിരച്ചില്‍ ഊര്‍ജിതമാക്കി.
ഇതിനായി മുത്തങ്ങ ആനപ്പന്തിയില്‍നിന്നു കുങ്കിയാനകളായ സുരേന്ദ്രനെയും സൂര്യനെയും കുപ്പാടി ആര്‍.ആര്‍.ടി. റേഞ്ച്‌ ഓഫീസ്‌ പരിസരത്ത്‌ എത്തിച്ചു. പ്രദേശങ്ങളില്‍ നിരീക്ഷണവും ശക്‌തമാക്കി. ആന വനത്തിലേക്കു കടന്നെങ്കിലും ഉള്‍ക്കാട്ടിലേക്ക്‌ കടന്നിട്ടില്ലന്നാണു ലഭിക്കുന്ന വിവരം. ആനയെ മയക്കുവെടിവച്ചു പിടികൂടാന്‍ ചീഫ്‌ വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡന്റെ അനുമതിക്കായി കാത്തിരക്കുകയാണ്‌.
ആന ടൗണിലിറങ്ങി ആക്രമണം നടത്തിയതോടെ, പാലക്കാട്‌ ധോണിയില്‍ ജനവാസകേന്ദ്രത്തില്‍ ഇറങ്ങി പ്രശ്‌നം സൃഷ്‌ടിക്കുന്ന പി.ടി. സെവന്‍ എന്ന ആനയെ പിടികൂടാന്‍ പോയ ഡോക്‌ടറടക്കമുള്ള ആര്‍.ആര്‍.ടി. സംഘം വെള്ളിയാഴ്‌ച പുലര്‍ച്ചതന്നെ തിരികെയെത്തി. അതേസമയം, വെള്ളിയാഴ്‌ച രാവിലെ ബത്തേരി ടൗണിലൂടെ തലങ്ങും വിലങ്ങും നടന്നും ആളെ ആക്രമിച്ചും കാട്ടാന പരത്തിയ ഭീതിയില്‍ വിറങ്ങലിച്ചിരിക്കുകയാണ്‌ ബത്തേരി നിവാസികള്‍. മുമ്പോരിക്കലും ഇത്തരത്തില്‍ ഒരു സംഭവം കേട്ടുകേള്‍വിയില്‍പോലും ഇല്ലെന്ന്‌ പ്രദേശവാസികള്‍ പറയുന്നു. വിനോദസഞ്ചാരികളടക്കം നിരവധി യാത്രക്കാരെത്തുന്ന വയനാട്ടിലെ പ്രധാന ടൗണില്‍ കാട്ടാനയിറങ്ങിയത്‌ വനംവകുപ്പും ഗൗരവത്തോടെയാണു കാണുന്നത്‌.
ഇതിനു മുമ്പം ഈ ആന ഗുഡല്ലൂരിലും പരിസര പ്രദേശങ്ങളിലും വീടുകള്‍ തകര്‍ക്കുകയും ആളുകളെ കൊല്ലുകയും ചെയ്‌തിട്ടുണ്ട്‌. ഗൂഡല്ലൂരില്‍ നൂറോളം വീടുകളാണ്‌ പി.എം-2 എന്ന മോഴയാന തകര്‍ത്തത്‌. രണ്ടു പേരെ കൊല്ലുകയും ചെയ്‌തു. ഇതില്‍ ഒരാളെ വീടുതകര്‍ത്താണ്‌ ആന കൊന്നത്‌. ആനയുടെ ആക്രമണം രൂക്ഷമായതോടെ തമിഴ്‌നാട്‌ വനംവകുപ്പ്‌ ആനയെ പിടികൂടി കോളര്‍ ഐഡി ഘടിപ്പിച്ച്‌ ഉള്‍വനത്തില്‍ തുറന്നുവിടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here