മുഖ്യമന്ത്രിക്കു പങ്കില്ലെന്ന ഫോണ്‍ സന്ദേശം സ്വപ്‌നയുടെ മൊഴിയില്‍ പോലീസുകാരെ ചോദ്യംചെയ്യാന്‍ ഇ.ഡി.

0

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ ജുഡീഷ്യല്‍ കസ്‌റ്റഡിയിലിരിക്കെ സ്വപ്‌ന സുരേഷിനു മുഖ്യമന്ത്രി പിണറായി വിജയന്‌ അനുകൂലമായി ഫോണ്‍ സന്ദേശം പ്രചരിപ്പിക്കാന്‍ കൂട്ടുനിന്ന പോലീസ്‌ ഉദ്യോഗസ്‌ഥരെ ചോദ്യംചെയ്യാന്‍ ഇ.ഡി. നീക്കം. ശബ്‌ദസന്ദേശം നല്‍കിയതു മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ അറിവോടെയാണെന്നു കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയ സ്വപ്‌നയെ 15-നു ചോദ്യംചെയ്യുന്നുണ്ട്‌. തുടര്‍ന്ന്‌, പോലീസുകാരെ വിളിപ്പിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌.
ജുഡീഷ്യല്‍ കസ്‌റ്റഡിയിലിരുന്ന പ്രതിയുടെ ശബ്‌ദസന്ദേശം പുറത്തുവന്ന കാര്യത്തില്‍ പോലീസ്‌ അന്വേഷണം നടത്തുന്നില്ലെങ്കില്‍ ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ച്‌ സി.ബി.ഐ. അന്വേഷണത്തിനു ശിപാര്‍ശ നല്‍കുന്നതും പരിഗണിക്കുന്നു. ശിവശങ്കറിന്റെ പുസ്‌തകം “അശ്വത്ഥാമാവ്‌ വെറും ഒരു ആന” പുറത്തുവന്നതിനു പിന്നാലെ സ്വപ്‌ന നടത്തിയ വെളിപ്പെടുത്തലാണു പോലീസിനെ വെട്ടിലാക്കുന്നത്‌.
ഇ.ഡി. അറസ്‌റ്റ്‌ ചെയ്‌ത്‌ കോടതി ജുഡീഷ്യല്‍ കസ്‌റ്റഡിയിലാക്കിയിരിക്കെയാണു 2020 ഡിസംബറില്‍ സ്വപ്‌നയുടേതായി ശബ്‌ദസന്ദേശം പുറത്തുവന്നത്‌. സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിക്കോ സര്‍ക്കാരിനോ പങ്കില്ലെന്നായിരുന്നു അതിന്റെ കാതല്‍. ഒരു വര്‍ഷത്തിലേറെ അന്വേഷണം നടത്തിയിട്ടും പോലീസ്‌ ആ ശബ്‌ദം സ്വപ്‌നയുടേതാണോയെന്നു സ്‌ഥിരീകരിച്ചില്ല. അതു തന്റെ ശബ്‌ദമാണെന്നും ശിവശങ്കര്‍ അടക്കമുള്ളവരുടെ നിര്‍ദേശ പ്രകാരമായിരുന്നു അതെന്നും സ്വപ്‌ന ഏതാനും ദിവസം മുമ്പു വെളിപ്പെടുത്തിയതാണ്‌ ഇ.ഡിക്കു പുതിയ ആയുധമായത്‌.
പോലീസ്‌ അസോസിയേഷന്റെ ജില്ലാ ഭാരവാഹിയായ വനിതാ കോണ്‍സ്‌റ്റബിളും പാലാരിവട്ടം സ്‌റ്റേഷനിലെ ഒരു വനിതാ കോണ്‍സ്‌റ്റബിളുമാണു സ്വപ്‌നയ്‌ക്ക്‌ എസ്‌കോര്‍ട്ട്‌ ഡ്യൂട്ടി പോയിരുന്നത്‌. ജില്ലാ ഭാരവാഹി തൃപ്പുണിത്തുറ സ്‌റ്റേഷനിലായിരുന്നു. സ്വപ്‌നയെക്കൊണ്ടു പറയിച്ച്‌ ഫോണില്‍ റെക്കോഡ്‌ ചെയ്‌ത്‌ ചാനലുകളിലൂടെ പ്രചരിപ്പിച്ചുവെന്നാണു കരുതുന്നത്‌. മൂന്നു പോലീസ്‌ ഉദ്യോഗസ്‌ഥരുടെയും ശിവശങ്കറിന്റെയും പങ്കാണു കൂടുതല്‍ അന്വേഷിക്കുക.
ജുഡീഷ്യല്‍ കസ്‌റ്റഡിയിലായിരുന്ന സ്വപ്‌നയുടെ ശബ്‌ദം റെക്കോഡ്‌ ചെയ്‌തു പ്രചരിപ്പിച്ചതു ജയില്‍ ചട്ടത്തിന്റെ ലംഘനമാണെന്നും ഹൈക്കോടതിയില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെടാമെന്നും ഇ.ഡിക്കു നിയമോപദേശം ലഭിച്ചിരുന്നു. എന്നാല്‍ അന്നു ശബ്‌ദസന്ദേശം പുറത്തുവന്നതിനെക്കുറിച്ച്‌ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച്‌ പോലീസ്‌ ഹൈടെക്‌ സെല്ലിന്‌ ഇതു കൈമാറി. ശബ്‌ദ സന്ദേശം പ്രചരിച്ചതില്‍ ഉദ്യോഗസ്‌ഥര്‍ക്കു വീഴ്‌ചയില്ലെന്നായിരുന്നു അന്വേഷണത്തിനു നേതൃത്വം കൊടുത്ത എസ്‌.പിയുടെ റിപ്പോര്‍ട്ട്‌. എന്നാല്‍ ഉദ്യോഗസ്‌ഥരുടെ ഒത്താശയോടെയാകാം ഇതു ചെയ്‌തതെന്ന്‌ സംസ്‌ഥാന ഇന്റലിജന്‍സ്‌ സര്‍ക്കാരിനെ അറിയിച്ചിരുന്നു.
ശബ്‌ദരേഖയുടെ ആധികാരികത പരിശോധിക്കാന്‍ ഓഡിയോ അനാലിസിസ്‌ നടത്താനും ക്രൈംബ്രാഞ്ച്‌ തീരുമാനിച്ചിരുന്നു. ഫോറന്‍സിക്‌ സയന്‍സ്‌ ലബോറട്ടറിയില്‍ ഫിസിക്‌സ്‌ ഡിവിഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓഡിയോ-വീഡിയോ ലാബിലോ കേരളത്തിനു പുറത്തുള്ള സെന്‍ട്രല്‍ ഫോറന്‍സിക്‌ ലബോറട്ടറികളിലേക്കോ ശബ്‌ദരേഖ അയച്ചു കൊടുക്കുന്നത്‌ ആലോചിച്ചതാണ്‌. എന്നാല്‍, കാര്യമായി ഒന്നും നടന്നില്ല.

Leave a Reply