മസ്‌ജിദ്‌ വളപ്പിലെ ശിവലിംഗത്തില്‍ ആരാധനാനുമതി തേടിയും ഹര്‍ജി

0

ഗ്യാന്‍വാപി മസ്‌ജിദ്‌ സര്‍വേയില്‍ ഇടപെടുന്നില്ലെന്നു വ്യക്‌തമാക്കിയ സുപ്രീം കോടതി, വിഷയം കീഴ്‌ക്കോടതിക്കുതന്നെ വിട്ടതിനു പിന്നാലെയാണു കേസില്‍ വാദമാരംഭിച്ചത്‌. വിഷയം സങ്കീര്‍ണവും വൈകാരികവുമാണെന്ന മുന്നറിയിപ്പും സുപ്രീം കോടതി നല്‍കി. ജില്ലാ കോടതിയില്‍ ഇന്നലെ 45 മിനിട്ടാണു വാദം നടന്നത്‌. മസ്‌ജിദ്‌ വളപ്പില്‍ കണ്ടെത്തിയ ശിവലിംഗത്തില്‍ ആരാധന അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള പുതിയ ഹര്‍ജിയും ഫയലില്‍ സ്വീകരിക്കപ്പെട്ടു.
ആരാധനാലയങ്ങളുടെ തല്‍സ്‌ഥിതി നിലനിര്‍ത്തണമെന്ന 1991-ലെ നിയമപ്രകാരം ഹര്‍ജിക്കാരുടെ ആവശ്യം നിലനില്‍ക്കുമോയെന്ന്‌ ആദ്യം തീരുമാനിക്കണമെന്നു മസ്‌ജിദ്‌ ഭരണകര്‍ത്താക്കളായ അന്‍ജുമാന്‍ ഇന്തെസാമിയ മസ്‌ജിദ്‌ കമ്മിറ്റിയുടെ അഭിഭാഷകര്‍ വാദിച്ചു. 1936 മുതല്‍ മസ്‌ജിദില്‍ പ്രാര്‍ഥന നടന്നുവരുന്നതാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. വാദത്തിന്റെ ഭാഗമായി കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ട വീഡിയോ ദൃശ്യങ്ങളും ഫോട്ടോകളും ലഭ്യമാക്കണമെന്നു ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ വിഷ്‌ണു ജെയ്‌ന്‍ ആവശ്യപ്പെട്ടു. വാദം കേള്‍ക്കുന്ന അവസരത്തില്‍ നാല്‌ ഹര്‍ജിക്കാരും 19 അഭിഭാഷകരും ഉള്‍പ്പെടെ 23 പേരെ മാത്രമേ കോടതി മുറിയില്‍ അനുവദിച്ചിരുന്നുള്ളൂ. കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷനില്‍നിന്നു പുറത്താക്കപ്പെട്ട മുന്‍ കമ്മിഷണര്‍ അജയ്‌ മിശ്രയുടെ സാന്നിധ്യവും അനുവദിച്ചില്ല.

LEAVE A REPLY

Please enter your comment!
Please enter your name here