മന്ത്രി ആർ ബിന്ദുവിനെതിരായ ഹർജി; അന്വേഷണം ആവശ്യമുണ്ടോയെന്ന് ലോകായുക്ത തീരുമാനം മറ്റന്നാൾ

0

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലാ വിസി നിയമനത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദുവിനെതിരെ അന്വേഷണം ആവശ്യമുണ്ടോ എന്ന് ലോകായുക്ത വെള്ളിയാഴ്ച തീരുമാനം അറിയിക്കും. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് ഹർജി നൽകിയത്. വിസിയുടെ പുനർനിയമനത്തിന് ആർ. ബിന്ദു ചാൻസലർക്കു നൽകിയ കത്തിൽ ശുപാർശയല്ല മറിച്ച് നിർദേശമാണ് ഉണ്ടായിരുന്നതെന്നും നിയമനാധികാരിയായ ചാൻസലർക്ക് അതു നിരസിക്കാമായിരുന്നല്ലോയെന്നും വാദത്തിനിടെ ലോകായുക്ത നിരീക്ഷിച്ചു.

ചാൻസലറുടെ ഓഫിസ് ഉന്നതവിദ്യാഭ്യാസ സെക്രട്ടറിക്കു നൽകിയ കത്തിനുള്ള മറുപടിയായാണു പ്രഫ.ഗോപിനാഥ് രവീന്ദ്രനു പുനർനിയമനം നൽകാമെന്നു മന്ത്രി നിർദേശം വച്ചതെന്നും രേഖകളിൽ കാണുന്നതായി ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു. ചാൻസലറാണു പൂർണമായ അധികാരി. അദ്ദേഹമാണു പുനർനിയമനം നൽകിയത്. ആ വഴിക്കു ചിന്തിച്ചാൽ മന്ത്രിയെ കുറ്റപ്പെടുത്താനാകില്ലെന്നും ലോകായുക്ത പറഞ്ഞു.

ചാൻസലർക്കെതിരെ ആരോപണമില്ലെന്നും മന്ത്രി തന്റെ പദവി ദുരുപയോഗം ചെയ്തെന്നും പക്ഷപാതം കാണിച്ചെന്നും ആണു പരാതിയെന്നും ഹർജിക്കാരനു വേണ്ടി ഹാജരായ അഡ്വ.ജോർജ് പൂന്തോട്ടം പറഞ്ഞു. വിസി നിയമനത്തിനു സേർച് കമ്മിറ്റിയെ നിയമിച്ചുള്ള വിജ്ഞാപനം റദ്ദാക്കാൻ നിർദേശിച്ചുള്ള കത്ത് മന്ത്രിയാണ് ആദ്യം അയച്ചതെന്ന് അദ്ദേഹം വാദിച്ചു.

ബിന്ദു മന്ത്രി പദവി ദുരുപയോഗം ചെയ്തെന്ന ആരോപണത്തിനു തെളിവ് ഹാജരാക്കിയിട്ടില്ലെന്നു ലോകായുക്ത പറഞ്ഞു. മന്ത്രിയുടെ കത്തിന്റെ ഉപോൽപന്നമാണു വിസിയുടെ പുനർനിയമനമെന്നും പദവിയുടെ ദുരുപയോഗവും പക്ഷപാതവും നടത്തിയോ എന്ന് അന്വേഷണത്തിലൂടെയാണു കണ്ടെത്തേണ്ടതെന്നും ഹർജിഭാഗം വാദിച്ചു .

മന്ത്രി ചാൻസലർക്കു നൽകിയ കത്തുകൾ നിഷേധിക്കുന്നില്ലെന്നും ചാൻസലറും പ്രോ ചാൻസലറും തമ്മിലുള്ള ആശയവിനിമയമായിരുന്നു അതെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ.ഷാജി വാദിച്ചു. പഴയ പ്രതിപക്ഷ നേതാവിന്റേതാണു പരാതിയെന്നു ഡിജിപി ചൂണ്ടിക്കാണിച്ചപ്പോൾ, അതുകൊണ്ട് എന്താണു കുഴപ്പമെന്നും രാഷ്ട്രീയം പറയേണ്ടെന്നും ലോകായുക്ത മറുപടി നൽകി.

കേസ് പരിഗണിക്കുന്ന വെള്ളിയാഴ്ചയ്ക്കകം ലോകായുക്ത ഭേദഗതി ഓർഡിനൻസ് പ്രാബല്യത്തിൽ വരുമോയെന്നു തമാശരൂപേണ ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് ചോദിച്ചു. താൻ ഈ നാട്ടുകാരനല്ലെന്നായിരുന്നു ഡിജിപിയുടെ മറുപടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അർഹരല്ലാത്തവർക്കു ക്രമവിരുദ്ധമായി ഫണ്ട് അനുവദിച്ചെന്ന പരാതിയും വെള്ളിയാഴ്ച പരിഗണിക്കും.

Leave a Reply