Thursday, December 2, 2021

ന്യൂനമര്‍ദങ്ങളും ചക്രവാതച്ചുഴികളും മേഘവിസ്‌ഫോടനങ്ങള്‍ക്ക്‌കാരണമായാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ എങ്ങനെ ബാധിക്കുമെന്ന ഭീതിയില്‍ പെരിയാര്‍ തീരവാസികള്‍

Must Read

കുമളി : തുടര്‍ച്ചയായുണ്ടാകുന്ന ന്യൂനമര്‍ദങ്ങളും ചക്രവാതച്ചുഴികളും മേഘവിസ്‌ഫോടനങ്ങള്‍ക്ക്‌കാരണമായാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ എങ്ങനെ ബാധിക്കുമെന്ന ഭീതിയില്‍ പെരിയാര്‍ തീരവാസികള്‍. മുമ്പെങ്ങും ഇല്ലാത്തവിധമാണ്‌ അണക്കെട്ടിന്റെ വൃഷ്‌ടിപ്രദേശത്ത്‌ ഇപ്പോള്‍ മഴ പെയ്‌തിറങ്ങുന്നത്‌. ഈ സാഹചര്യത്തില്‍ മേഘവിസ്‌ഫോടനം സംഭവിച്ചാല്‍ മണിക്കൂറുകള്‍ കൊണ്ട്‌ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലം നിറയും.
ജലനിരപ്പ്‌ ഉയരുന്നതിനെക്കാള്‍ ഭീതിയാണ്‌ മുന്നറിയിപ്പില്ലാതെ അണക്കെട്ടില്‍നിന്നു വെള്ളം തുറന്നുവിടുന്നത്‌. 2018ല്‍ ജലനിരപ്പ്‌ 142 അടിയില്‍ നിലനിര്‍ത്തിയിരുന്നു. പെട്ടെന്നുണ്ടായ നീരൊഴുക്കിനെ തുടര്‍ന്ന്‌ അണക്കെട്ടില്‍ ജലനിരപ്പ്‌ കുതിച്ചുയരാന്‍ കാരണമായി. അര്‍ധരാത്രിയോടെ മുന്നറിയിപ്പില്ലാതെ സ്‌പില്‍വേ തുറന്നതിനെ തുടര്‍ന്ന്‌ പെരിയാറിന്റെ തീരങ്ങളില്‍ വെള്ളം ഇരച്ചുകയറി. നിരവധി വീടുകളില്‍ വെള്ളം കയറിയിരുന്നു. റോഡുകളും പാലങ്ങളും ഒലിച്ചു പോയി. ഈ സാഹചര്യം ഇനിയുണ്ടാകരുതെന്നാണ്‌ തീരവാസികളുടെ ആവശ്യം.
തമിഴ്‌നാട്ടിലേക്കു ജലം ഒഴുക്കി ജലനിരപ്പ്‌ 140 അടിക്കുമേല്‍ ഉയരാതെ നിയന്ത്രിച്ച്‌ നിര്‍ത്തണമെന്ന ആവശ്യവും ഇപ്പോള്‍ ശക്‌തമായിരിക്കുകയാണ്‌. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുക മാത്രമാണ്‌ പരിഹാരമെന്നു ജനങ്ങള്‍ ഒരേ സ്വരത്തില്‍ പറയുന്നുണ്ടങ്കിലും അധികാരികള്‍ നിസംഗത പാലിക്കുകയാണ്‌. ജലനിരപ്പ്‌ 136 അടിയില്‍ നിന്ന്‌ 142 അടിയായും, പിന്നീട്‌ അണക്കെട്ട്‌ ബലപെടുത്തിയ ശേഷം 152 അടിയായും ഉയര്‍ത്താമെന്നുമുള്ള സുപ്രീം കോടതി വിധിയെ തുടര്‍ന്നായിരുന്നു അക്കാലത്ത്‌ മുല്ലപ്പെരിയാര്‍ സമര സമിതി രൂപം കൊണ്ടത്‌. ഇതിന്റെ പ്രതിഫലനമെന്നോണം തമിഴ്‌നാട്ടിലും കേരള വിരുദ്ധ സമരം നടന്നു. നിരവധി മലയാളികള്‍ക്കു നേരെ ആക്രമണം ഉണ്ടായി. മുല്ലപ്പെരിയാര്‍ സമരത്തില്‍ പങ്കെടുത്തതിനു കുമളിയിലെ യുവാക്കള്‍ക്കെതിരെ കേരള പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു.
മുല്ലപ്പെരിയാറിലെ ജലനിരപ്പ്‌ നിരീക്ഷിക്കാനും സ്‌ഥിതിഗതികള്‍ വിലയിരുത്താനുമായി സുപ്രീം കോടതി ഉന്നതാധികാര സമതിയേയും ഉപസമിതിയേയും നിയോഗിച്ചിരുന്നു.
ആറു മാസത്തില്‍ ഒരിക്കല്‍ ഉന്നതാധികാര സമിതിയും മുന്നു മാസത്തിലൊരിക്കല്‍ ഉപസമിതിയും അണക്കെട്ടു സന്ദര്‍ശിച്ച്‌ സ്വീപ്പേജ്‌ വാട്ടറിന്റെ അളവ്‌ പരിശോധിക്കണമെന്ന വ്യവസ്‌ഥയുണ്ടങ്കിലും ഇതൊന്നും യഥാസമയം പാലിക്കപ്പെടാറില്ല. ജലനിരപ്പ്‌ ഉയരുന്ന സമയങ്ങളില്‍ മാത്രമാണ്‌ സമിതികള്‍ എത്താറുള്ളതെന്നാണ്‌ ആക്ഷേപം. സമിതികളില്‍ കേരളത്തിന്റെ പ്രതിനിധികള്‍ ആവശ്യപ്പെടുന്ന കാര്യങ്ങളൊന്നും പരിഗണിക്കപ്പെടാറുമില്ല. മുല്ലപ്പെരിയാറില്‍ ജലനിരപ്പ്‌ ഉയരുമ്പോള്‍ മാത്രമുള്ള ഉദ്യോഗസ്‌ഥ കൂട്ടായ്‌മ പ്രഹസനമായി മാറുകയാണ്‌.

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News