പി.സി. ജോര്‍ജിനെ കണ്ടെത്താനുള്ള തെരച്ചില്‍ തുടരാന്‍ പോലീസ്‌

0

കൊച്ചി : പി.സി. ജോര്‍ജിനെ കണ്ടെത്താനുള്ള തെരച്ചില്‍ തുടരാന്‍ പോലീസ്‌. ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി തെരഞ്ഞിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. എറണാകുളം വെണ്ണലയിലെ വിദ്വേഷപ്രസംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ്‌ അദ്ദേഹത്തെ അറസ്‌റ്റു ചെയ്യുന്നതിനായി പോലീസ്‌ ശ്രമം തുടങ്ങിയത്‌.
മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയ വിവരമറിഞ്ഞതിനു പിന്നാലെയാണു പി.സി. ജോര്‍ജ്‌ ഈരാട്ടുപേട്ടയിലെ വീട്ടില്‍ നിന്നു പോയതെന്നു പോലീസിനു വിവരം കിട്ടിയിട്ടുണ്ട്‌.
വീട്ടിലെ സി.സി. ടിവി പോലീസ്‌ പരിശോധിച്ചിരുന്നു. വീട്ടുകാരെ ചോദ്യം ചെയ്‌തെങ്കിലും പി.സി. ജോര്‍ജ്‌ എവിടെയെന്ന്‌ അറിയില്ലെന്ന മറുപടിയാണു കിട്ടിയത്‌.
എറണാകുളത്തിനും കോട്ടയത്തിനും പുറമേ തിരുവനന്തപുരമടക്കം പി.സി. ജോര്‍ജ്‌ പോകാനിടയുള്ള സ്‌ഥലങ്ങളില്‍ കൊച്ചി സിറ്റി പോലീസ്‌ ഇന്നലെയും തിരച്ചില്‍ നടത്തി. അതേസമയം, മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ എറണാകുളം ജില്ലാ സെഷന്‍സ്‌ കോടതി ഉത്തരവിനെതിരേ ഇന്നു പി.സി. ജോര്‍ജ്‌ ഹൈക്കോടതിയെ സമീപിച്ചേക്കും. അനുകൂലമായ ഇടക്കാല നിര്‍ദേശം ജോര്‍ജ്‌ പ്രതീക്ഷിക്കുന്നുണ്ട്‌. ഹൈക്കോടതി എതിരായാല്‍, സുപ്രീംകോടതിയെ സമീപിക്കും.
വെണ്ണല പ്രസംഗത്തിന്റെ എഡിറ്റുചെയ്‌ത ഭാഗമാണു സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കിയതെന്നും കേസിനു പിന്നില്‍ രാഷ്‌ടീയ ലക്ഷ്യങ്ങള്‍ ഉണ്ടെന്നുമാകും അറിയിക്കുക. ജാതിവിദ്വേഷം വളര്‍ത്തുന്ന രീതിയിലും പൊതു സൗഹാര്‍ദം തകര്‍ക്കുന്ന രീതിയിലും പ്രസംഗിച്ചെന്നായിരുന്നു കൊച്ചി സിറ്റി പൊലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസ്‌.
ഇത്തരത്തിലൊരു വിദ്വേഷ പ്രസംഗം ആദ്യത്തേതല്ലെന്നും ഇതിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമുളള പ്രോസിക്യൂഷന്‍ വാദംകൂടി പരിഗണിച്ചാണ്‌ എറണാകുളം ജില്ലാ സെഷന്‍സ്‌ കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയത്‌.
രാഷ്‌്രടീയ ലക്ഷ്യങ്ങളോടെ സര്‍ക്കാര്‍ തനിക്കെതിരേ നീങ്ങുകയാണെന്നും കളളക്കേസെന്നുമാണു പി.സി. ജോര്‍ജിന്റെ നിലപാട്‌.
എന്നാല്‍ തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ വിദ്വേഷ പ്രസംഗത്തിനു സമാനമായ നടപടി പി.സി. ജോര്‍ജ്‌ ആവര്‍ത്തിച്ചതു ഗൂഢലക്ഷ്യങ്ങളോടെ മനപൂര്‍വമാണെന്നാണു സര്‍ക്കാര്‍ നിലപാട്‌. സമാന കുറ്റം ആവര്‍ത്തിക്കരുതെന്നു തിരുവനന്തപുരം കോടതി നിര്‍ദേശിച്ചിരുന്നില്ലേയെന്ന്‌ എറണാകുളം സെഷന്‍സ്‌ കോടതി വാദത്തിനിടെ ചോദിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here