യുഎസ് പ്രസിഡന്റ് ജോ ബൈഡനു കീഴിൽ വൈറ്റ് ഹൗസ് മിലിറ്ററി ഓഫിസ് ഡയറക്ടർ പദവിയിൽ നിയമിതനായി ആഗോള ശ്രദ്ധ നേടിയ പത്തനംതിട്ടക്കാരൻ മജു വർഗീസ് രാജിവച്ചു

0

വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ജോ ബൈഡനു കീഴിൽ വൈറ്റ് ഹൗസ് മിലിറ്ററി ഓഫിസ് (ഡബ്ല്യുഎച്ച്എംഒ) ഡയറക്ടർ പദവിയിൽ നിയമിതനായി ആഗോള ശ്രദ്ധ നേടിയ പത്തനംതിട്ടക്കാരൻ മജു വർഗീസ് രാജിവച്ചു.

വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണു രാജി. മിലിറ്ററി ഓഫിസ് മേധാവിയാകും മുൻപു ബൈഡന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിനും തുടർന്ന് സ്ഥാനാരോഹണച്ചടങ്ങിനു വേണ്ട തയാറെടുപ്പുകൾ നടത്തിയ സമിതിക്കും ചുക്കാൻ പിടിച്ചിരുന്നു. ബൈഡ‍നും വൈറ്റ് ഹൗസിലെ സഹപ്രവർത്തകർക്കും നന്ദി പറഞ്ഞ മജു, കരിയറിലെ അടുത്ത ചുവട് എന്താണെന്നു വ്യക്തമാക്കിയില്ല.

തിരുവല്ലയിൽനിന്നു യുഎസിലേക്കു കുടിയേറിയ ടാക്സി ഡ്രൈവർ മാത്യുവിന്റെയും നഴ്സ് സരോജയുടെയും മകനായി ന്യൂയോർക്കിലാണു ജനിച്ചത്. മാസച്യുസിറ്റ്സ് സർവകലാശാലയിൽനിന്നു പഠിച്ചിറങ്ങി ഡമോക്രാറ്റ് പാർട്ടി നേതാവ് അൽ ഗോറിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പു പ്രചാരണങ്ങളിൽ (2000) സജീവമായി. ബറാക് ഒബാമ പ്രസിഡന്റായപ്പോൾ വൈറ്റ് ഹൗസിൽ 6 വർഷം ജോലി ചെയ്തു.

പ്രസിഡന്റ് ബൈഡന്റെ സുരക്ഷ, യാത്രകൾ, താമസം, പരിപാടികൾ തുടങ്ങിയയുമായി ബന്ധപ്പെട്ട് വിവിധ സൈനികവിഭാഗങ്ങളുമായുള്ള ഏകോപനമായിരുന്നു മിലിറ്ററി ഓഫിസ് ഡയറക്ടറെന്ന നിലയിൽ മജുവിന്റെ മുഖ്യചുമതല.

Leave a Reply