ദേശീയപാതയിൽ ഉന്തുവണ്ടിയിൽ കൊണ്ടുവന്ന് തള്ളിയ മാലിന്യം ഇട്ടവരെക്കൊണ്ട് തിരിച്ചെടുപ്പിച്ച് പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ്

0

ആലുവ: ദേശീയപാതയിൽ മാലിന്യം ഇട്ടവരെ പിടികൂടി അവരെക്കൊണ്ട്തന്നെ അത് എടുത്തു മാറ്റിച്ചു. ചൂർണിക്കര പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷാണ് സി.സി. ടി.വി. ക്യാമറയിൽ പതിഞ്ഞ ദൃശ്യത്തിന്റെ പിന്നാലെ അന്വേഷിച്ച് മാലിന്യം ഇട്ടവരെ കണ്ടെത്തിയത്. ദേശീയപാതയിൽ മാലിന്യമിടുന്നത് തടയുന്നതിനായി പഞ്ചായത്ത് വിവിധയിടങ്ങളിൽ ക്യാമറകൾ സ്ഥാപിച്ചിരുന്നു. പഞ്ചായത്തിലും പ്രസിഡന്റിന്റെ മൊബൈലിലും ഇതിന്റെ ദൃശ്യങ്ങൾ ലഭ്യമാകും.

കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് രണ്ട് വലിയ ചാക്കുകളിൽ മാലിന്യം തള്ളിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉന്തുവണ്ടി കൊണ്ടുവന്ന് തള്ളിയതായും ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്തി.

സമീപത്തുള്ള ആക്രി സാധനങ്ങൾ ശേഖരിക്കുന്ന കടകളിൽ പ്രസിഡന്റ് നേരിട്ട് അന്വേഷിച്ച് മാലിന്യം നിക്ഷേപിച്ചവരുടെ വിവരങ്ങൾ ശേഖരിച്ചു. പോലീസിനേയും വിവരം അറിയിച്ചു. സ്ഥിരമായി ആലുവ മേൽപ്പാലത്തിന് താഴെ തമ്പടിക്കുന്നവരാണ് മാലിന്യം ഇട്ടതെന്ന് കണ്ടെത്തിയതോടെ പ്രസിഡന്റ് രാജി സന്തോഷും പഞ്ചായത്തംഗം രാജേഷ് പുത്തനങ്ങാടിയും അവിടെയെത്തി. പോലീസിന്റെ സഹായത്തോടെ ഇവരെ മാലിന്യം നിക്ഷേപിച്ച സ്ഥലത്തെത്തിച്ച് എടുത്തു മാറ്റിച്ചു.

വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, സ്ഥിരം സമിതി ചെയർമാൻ കെ.എസ്. മുഹമ്മദ് ഷെഫീക്, എസ്.ഐ. സുരേഷ് എന്നിവരും ഉണ്ടായിരുന്നു.

Leave a Reply