മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരനെന്ന് കരുതപ്പെടുന്ന സാദിദ് മിറിന് 15 വർഷം തടവ് ശിക്ഷ വിധിച്ച് പാക്കിസ്ഥാൻ കോടതി

0

മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരനെന്ന് കരുതപ്പെടുന്ന സാദിദ് മിറിന് 15 വർഷം തടവ് ശിക്ഷ വിധിച്ച് പാക്കിസ്ഥാൻ കോടതി. തീവ്രവാദ പ്രവർത്തനത്തിന് സാമ്പത്തിക സഹായം ചെയ്ത കേസിലാണ് പാക്കിസ്ഥാൻ തീവ്രവാദ വിരുദ്ധ കോടതിയുടെ ഉത്തരവ്. നിരോധിത ഭീകര സംഘടനയായ ലഷ്‌കർ ഇ തയ്ബയിലെ അംഗമാണ് സാജിദ് മജീദ് മിർ. ഇന്ത്യയും യുഎസും തേടിക്കൊണ്ടിരുന്ന തീവ്രവാദിയായിരുന്നു സാജിദ് മജീദ് മിർ. ഇയാൾ മരിച്ചെന്ന് നേരത്തെ അഭ്യൂഹങ്ങൾ പരന്നിരുന്നു. ഏപ്രിൽ മാസത്തിലാണ് ഇയാൾ അറസ്റ്റിലായത്. പ്രതിക്ക് 400,000 പിഴയും കോടതി വിധിച്ചിട്ടുണ്ട്.

അമേരിക്കയുടെ കണ്ണിൽ പൊടിയിടാനാണ് ഈ അറസ്റ്റ് നാടകമെന്നാണ് റിപ്പോർട്ട്. ഭീകരർക്കുള്ള സാമ്പത്തിക സഹായം തടയുന്നതിൽ പരാജയപ്പെട്ടതിന്റെ പേരിൽ രാജ്യാന്തര സമിതി എഫ്എടിഎഫ് (സാമ്പത്തിക നടപടി കർമ സമിതി) പാക്കിസ്ഥാനെ ഗ്രേ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിൽ നിന്നു പുറത്തുകടക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് അറസ്റ്റ്. മിർ ജീവിച്ചിരിപ്പില്ലെന്നു നേരത്തെ പാക്കിസ്ഥാൻ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇതു സംബന്ധിച്ച് എഫ്എടിഎഫ് തെളിവ് ആവശ്യപ്പെട്ടു. യുഎസ് അന്വേഷണ ഏജൻസി എഫ്ബിഐയുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലുള്ള മിറിനെതിരെ നടപടി വൈകുന്നതിൽ യുഎസും പാക്കിസ്ഥാനു മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെയാണ് അറസ്റ്റ് നാടകം.

ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ (എഫ്എടിഎഫ്) ഗ്രേ ലിസ്റ്റിൽ നിന്ന് ഒഴിവാക്കാനാണ് സാജിദിനെതിരെ നടപടിയെടുത്തതെന്നാണ് റിപ്പോർട്ട്. ഭീകര പ്രവർത്തനങ്ങൾക്ക് സഹായം ചെയ്‌തെന്ന് ആരോപിച്ച് 2018 മുതൽ എഫ്ടിഎഫിന്റെ ഗ്രേ ലിസ്റ്റിലാണ് പാക്കിസ്ഥാൻ. ജൂൺ 14 മുതൽ 17 വരെ നടന്ന ഈ വർഷത്തെ എഫ്എടിഎഫ് യോഗത്തിൽ സാജിദ് അറസ്റ്റിലാണെന്ന് പാക്കിസ്ഥാൻ അറിയിച്ചിരുന്നു. പാക്കിസ്ഥാനിൽ നേരിട്ടെത്തി കാര്യങ്ങൾ പരിശോധിക്കുമെന്ന് എഫ്എടിഎഫും വ്യക്തമാക്കിയിരുന്നു. ജർമ്മനിയിൽ വച്ചാണ് എഫ്എടിഎടിഎഫ് യോഗം നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here