Sunday, December 5, 2021

ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്‌ സൂപ്പര്‍ 12 ഗ്രൂപ്പ്‌ 2 ലെ അവസാന മത്സരത്തിലും ജയിച്ച്‌ പാകിസ്‌താന്‍

Must Read

ഷാര്‍ജ: ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്‌ സൂപ്പര്‍ 12 ഗ്രൂപ്പ്‌ 2 ലെ അവസാന മത്സരത്തിലും ജയിച്ച്‌ പാകിസ്‌താന്‍. സ്‌കോട്ട്‌ലന്‍ഡിനെതിരേ നടന്ന മത്സരത്തില്‍ 72 റണ്ണിനാണ്‌ അവര്‍ ജയിച്ചത്‌.
ആദ്യം ബാറ്റ്‌ ചെയ്‌ത പാകിസ്‌താന്‍ നാല്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 189 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത സ്‌കോട്ട്‌ലന്‍ഡിന്‌ ആറ്‌ വിക്കറ്റിന്‌ 117 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. 37 പന്തില്‍ ഒരു സിക്‌സറും നാല്‌ ഫോറുമടക്കം 54 റണ്ണുമായിനിന്ന റിച്ചി ബെറിങ്‌ടണ്‍ സ്‌കോട്ട്‌ലന്‍ഡിനെ 100 കടത്തി. പാകിസ്‌താനു വേണ്ടി ഷാബാദ്‌ ഖാന്‍ രണ്ട്‌ വിക്കറ്റും ഷഹീന്‍ ഷാ അഫ്രീഡി, ഹാരിസ്‌ റൗഫ്‌, ഹസന്‍ അലി എന്നിവര്‍ ഒരു വിക്കറ്റ്‌ വീതമെടുത്തു. ടോസ്‌ നേടിയ പാക്‌ നായകന്‍ ബാബര്‍ അസം ആദ്യം ബാറ്റ്‌ ചെയ്യാന്‍ തീരുമാനിച്ചു. ഈ ലോകകപ്പില്‍ ആദ്യമായാണു ടോസ്‌ നേടിയ ടീം ആദ്യം ബാറ്റ്‌ ചെയ്യുന്നത്‌. ഓപ്പണര്‍ കൂടിയായ ബാബര്‍ അസമിന്റെയും (47 പന്തില്‍ മൂന്ന്‌ സിക്‌സറും അഞ്ച്‌ ഫോറുമടക്കം 66) ഷുഐബ്‌ മാലിക്കിന്റെയും (18 പന്തില്‍ ആറ്‌ സിക്‌സറും ഒരു ഫോറുമടക്കം പുറത്താകാതെ 54) അര്‍ധ സെഞ്ചുറികളുടെ ബലത്തില്‍ പാകിസ്‌താന്‍ മുഹമ്മദ്‌ ഹഫീസും കിട്ടിയ അവസരം പാഴാക്കിയില്ല. 19 പന്തില്‍ ഒരു സിക്‌സറും നാല്‌ ഫോറുമടക്കം 31 റണ്ണെടുത്താണ്‌ ഹഫീസ്‌ തിളങ്ങിയത്‌. 18 പന്തിലാണു ഷുഐബ്‌ മാലിക്ക്‌ അര്‍ധ സെഞ്ചുറി കടന്നത്‌. 40 പന്തുകളിലാണ്‌ ബാബര്‍ അസം 50 ലെത്തിയത്‌. ഓപ്പണറും വിക്കറ്റ്‌ കീപ്പറുമായ മുഹമ്മദ്‌ റിസ്‌വാന്‍ (19 പന്തില്‍ ഒരു സിക്‌സറടക്കം 15), ഫഖര്‍ സമാന്‍ (13 പന്തില്‍ എട്ട്‌) എന്നിവര്‍ ദുഃഖ ബിന്ദുക്കളായി.
ട്വന്റി20 യില്‍ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്ണെന്ന നേട്ടം മുഹമ്മദ്‌ റിസ്‌വാന്‍ സ്വന്തമാക്കി. വെസ്‌റ്റിന്‍ഡീസിന്റെ ക്രിസ്‌ ഗെയ്‌ല്‍ 2015 ല്‍ കുറിച്ച 1,165 റണ്ണിന്റെ റെക്കോഡാണു റിസ്‌വാന്‍ തിരുത്തിയത്‌. 36 മത്സരങ്ങളില്‍ നിന്നായിരുന്നു ഗെയ്‌ലിന്റെ നേട്ടം. 41 മത്സരങ്ങളില്‍നിന്ന്‌ 1,676 റണ്ണാണു പാക്‌ താരം കുറിച്ചത്‌്. ഈ വര്‍ഷം രാജ്യാന്തര ട്വന്റി20 യില്‍ 23 മത്സരങ്ങളില്‍നിന്ന്‌ 980 റണ്ണെടുക്കാനും റിസ്‌വാനായി.

Leave a Reply

Latest News

ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ

തൊടുപുഴ: ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ. കോലാനി പാറക്കടവ് കുളങ്ങാട്ടു ഷാഫിയാണു (29)...

More News