Wednesday, December 1, 2021

ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്‌ മത്സരത്തില്‍ പാകിസ്‌താന്‌ അഞ്ച്‌ വിക്കറ്റ്‌ ജയം

Must Read

ഷാര്‍ജ: ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്‌ മത്സരത്തില്‍ പാകിസ്‌താന്‌ അഞ്ച്‌ വിക്കറ്റ്‌ ജയം. ആദ്യം ബാറ്റ്‌ ചെയ്‌ത ന്യൂസിലന്‍ഡ്‌ എട്ട്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 134 റണ്ണെടുത്തു.
മറുപടി ബാറ്റ്‌ ചെയ്‌ത പാകിസ്‌താന്‍ തകര്‍ച്ച നേരിട്ടെങ്കിലും കളി തീരാന്‍ എട്ട്‌ പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. ലോകകപ്പില്‍ പാകിസ്‌താന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്‌. ഇന്ത്യക്കെതിരേ അപരാജിതരായിനിന്ന പാക്‌ ഓപ്പണിങ്‌ ജോഡിക്ക്‌ ഇന്നലെ പിടിച്ചു നില്‍ക്കാനായില്ല. 11 പന്തില്‍ ഒന്‍പത്‌ റണ്ണെടുത്ത നായകന്‍ ബാബര്‍ അസമാണ്‌ ആദ്യം മടങ്ങിയത്‌. അസമിനെ ടിം സൗത്തി ബൗള്‍ഡാക്കി. സഹ ഓപ്പണറും വിക്കറ്റ്‌ കീപ്പറുമായ മുഹമ്മദ്‌ റിസ്‌വാനെ (34 പന്തില്‍ 33) ഇഷ്‌ സോധി വിക്കറ്റിനു മുന്നില്‍ കുടുക്കി. റിസ്‌വാന്‍ മുമ്പു തന്നെ ഫഖര്‍ സമാന്‍ (17 പന്തില്‍ 11) സോധിക്കു വിക്കറ്റ്‌ സമ്മാനിച്ചിരുന്നു.
പരിചയ സമ്പന്നായ മുഹമ്മദ്‌ ഹഫീസിനെ (ആറ്‌ പന്തില്‍ ഒരു സിക്‌സറടക്കം 11) മിച്ചല്‍ സാന്റ്‌നര്‍ ഡെവണ്‍ കോണ്‍വേയുടെ കൈയിലെത്തിച്ചതും ഇമാദ്‌ വാസിമിനെ (12 പന്തില്‍ 11) ട്രെന്റ്‌ ബോള്‍ട്ട്‌ വിക്കറ്റിനു മുന്നില്‍ കുടുക്കിയതും പാകിസ്‌താനെ പ്രതിസന്ധിയിലായി. ആസിഫ്‌ അലി (12 പന്തില്‍ മൂന്ന്‌ സിക്‌സറും ഒരു ഫോറുമടക്കം 27), ഷുഐബ്‌ മാലിക്ക്‌ (20 പന്തില്‍ ഒരു സിക്‌സറും രണ്ട്‌ ഫോറുമടക്കം 27) എന്നിവര്‍ ഒത്തു ചേര്‍ന്നതോടെ ജയം പാകിസ്‌താനൊപ്പമായി.
ടോസ്‌ നേടിയ പാക്‌ നായകന്‍ ബാബര്‍ അസം ന്യൂസിലന്‍ഡിനെ ബാറ്റിങ്ങിനു വിട്ടു. 22 റണ്‍ വഴങ്ങി നാല്‌ വിക്കറ്റെടുത്ത ഹാരീസ്‌ റൗഫാണ്‌ ന്യൂസിലന്‍ഡിനെ പിടിച്ചു നിര്‍ത്തിയത്‌. 20 പന്തില്‍ രണ്ട്‌ സിക്‌സറും ഒരു ഫോറുമടക്കം 27 റണ്ണെടുത്ത ഓപ്പണര്‍ ഡാരില്‍ മിച്ചല്‍, 24 പന്തില്‍ മൂന്ന്‌ ഫോറുകളടക്കം 27 റണ്ണെടുത്ത ഡെവണ്‍ കോണ്‍വേ, നായകന്‍ കെയ്‌ന്‍ വില്യംസണ്‍ (26 പന്തില്‍ 25) എന്നിവരാണു ന്യൂസിലന്‍ഡിനെ നൂറ്‌ കടത്തിയത്‌. മാര്‍ട്ടിന്‍ ഗുപ്‌ടിലും (20 പന്തില്‍ 17) മിച്ചലും ചേര്‍ന്ന്‌ അവര്‍ക്ക്‌ മികച്ച തുടക്കം നല്‍കി. സ്‌കോര്‍ 36 ല്‍ നില്‍ക്കേ റൗഫ്‌ ഗുപ്‌ടിലിന്റെ വിക്കറ്റ്‌ തെറുപ്പിച്ചു. മൂന്നാമനായെത്തിയ വില്യംസണും മിച്ചലും ചേര്‍ന്ന്‌ ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ ശ്രമിച്ചു.
ഇമാദ്‌ വാസിമിന്റെ പന്തില്‍ മിച്ചല്‍ ഫഖ്‌തര്‍ സമാന്‌ ക്യാച്ച്‌ നല്‍കിയതോടെ കൂട്ടുകെട്ട്‌ പൊളിഞ്ഞു. ജെയിംസ്‌ നീഷാമിനെ (ഒന്ന്‌) മുഹമ്മദ്‌ ഹഫീസ്‌ പുറത്താക്കിയതോടെ ന്യൂസിലന്‍ഡ്‌ വിയര്‍ത്തു. വില്യംസണ്‍ ഹസന്‍ അലിയുടെ നേരിട്ടുള്ള ഏറില്‍ പുറത്തായതു കൂടുതല്‍ ക്ഷീണമായി. ബൗളറുടെ മുന്നിലേക്കു തട്ടിയിട്ട പന്തില്‍ സിംഗിള്‍ എടുക്കാന്‍ വില്യംസണ്‍ കാണിച്ച മണ്ടത്തരം നിര്‍ണായമായി. താരം തിരിച്ചെത്തും മുമ്പ്‌ ഹസന്‍ അലിയുടെ ത്രോ വിക്കറ്റ്‌ തെറുപ്പിച്ചു. കോണ്‍വേയും ഗ്ലെന്‍ ഫിലിപ്‌സും (15 പന്തില്‍ 13) ചേര്‍ന്നാണു സ്‌കോര്‍ മൂന്നക്കത്തിലെത്തിച്ചത്‌. കോണ്‍വേയെ റൗഫ്‌ അസമിന്റെ കൈയിലെത്തിച്ചു.
അതേ ഓവറില്‍ തന്നെ ഫിലിപ്‌സിനെ ഹസന്‍ അലിയും പിടികൂടി. വിക്കറ്റ്‌ കീപ്പര്‍ ടിം സീഫര്‍ട്ട്‌ (എട്ട്‌ പന്തില്‍ എട്ട്‌), മിച്ചല്‍ സാന്റ്‌നര്‍ (അഞ്ച്‌ പന്തില്‍ ആറ്‌) എന്നിവര്‍ക്കും പിടിച്ചു നില്‍ക്കാനായില്ല. പാകിസ്‌താനു വേണ്ടി ഷഹീന്‍ ഷാ അഫ്രീഡി, ഇമാസ്‌ വാസിം, മുഹമ്മദ്‌ ഹഫീസ്‌ എന്നിവര്‍ ഒരു വിക്കറ്റ്‌ വീതമെടുത്തു.

Leave a Reply

Latest News

പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. അയ്യപ്പഭക്തരും...

More News