പാക്കിസ്ഥാനിൽ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ നേതൃത്വത്തിൽ 34 അംഗ മന്ത്രിസഭ സ്ഥാനമേറ്റു

0

ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാനിൽ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ നേതൃത്വത്തിൽ 34 അംഗ മന്ത്രിസഭ സ്ഥാനമേറ്റു. വിദേശകാര്യമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന പിപിപിയുടെ ബിലാവൽ ഭൂട്ടോ സത്യപ്രതിജ്ഞ ചെയ്തിട്ടില്ല. മന്ത്രിസഭ വികസിപ്പിക്കുന്ന ഘട്ടത്തിൽ ബിലാവൽ ചേരുമെന്നാണ് സൂചന. 31 മന്ത്രിമാരും 3 സഹമന്ത്രിമാരും അടങ്ങുന്ന മന്ത്രിസഭയിൽ ഇരുപതോളം പുതുമുഖങ്ങളുണ്ട്. മറിയം ഔറംഗസേബ്, ഷെറി റഹ്മാൻ, ഷസിയ മാരി, അയിഷ ഗോസ് പാഷ, ഹിന റബ്ബാനി ഖർ എന്നീ 5 വനിതകളും മന്ത്രിസഭയിലുണ്ട്.

ഇമ്രാന്റെ കടുത്ത വിമർശകനായ അബ്ദുൽ ഖാദിർ പട്ടേൽ (പിപിപി), ജെയുഐ–എഫ് നേതാവായ മൗലാന ഫസലുർ റഹ്മാന്റെ മകൻ അസദ് മഹ്മൂദ്, കൊല്ലപ്പെട്ട ബലൂചിസ്ഥാൻ ഗോത്രത്തലവൻ നവാസ് അക്ബർ ഖാൻ ബുഗ്തിയുടെ കൊച്ചുമകൻ നവാബ്സദ ഷഹ്സയിൻ ബുഗ്തി എന്നിവർ മന്ത്രിസഭയിലെ പുതുമുഖങ്ങളാണ്.

ഷഹബാസ് ഷരീഫിന്റെ പിഎംഎൽ–എലിന് 13 മന്ത്രിമാരെയും ബിലാവൽ ഭൂട്ടോയുടെ പിപിപിക്ക് 9 മന്ത്രിമാരെയും ജെയുഐ–എഫിന് 4 മന്ത്രിമാരെയും എംക്യുഎം–പിക്ക് 2 മന്ത്രിമാരെയും ബിഎപി, പിഎംഎൽ–ക്യു, ജെഡബ്ല്യൂപി എന്നിവയ്ക്ക് ഓരോ മന്ത്രിമാരെ വീതവും ലഭിച്ചു. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പിടിഐയിലെ വിമതവിഭാഗത്തിന് മന്ത്രിപദവിയുള്ള ഉപദേഷ്ടാവിനെ അനുവദിച്ചു.

മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സഭാംഗമല്ലാത്ത മിഫ്താഹ് ഇസ്മയിലിനെ ധനമന്ത്രിയായി നിയോഗിക്കുമെന്നാണ് സൂചന. സഖ്യകക്ഷികൾ തമ്മിൽ നീണ്ട ചർച്ചകൾ നടത്തിയശേഷമാണ് മന്ത്രിമാരെ നിശ്ചയിച്ചത്. പിഎംഎലിനു തനിച്ച് 86 സീറ്റ് മാത്രമാണുള്ളത്. ഇമ്രാനോടുള്ള വിരോധമല്ലാതെ സഖ്യകക്ഷികളൊന്നും തമ്മിൽ മറ്റു വിഷയങ്ങളിൽ യോജിപ്പില്ല.

മന്ത്രിസഭ രൂപീകരിക്കാൻ 8 ദിവസം വൈകി. പ്രസിഡന്റ് ആരിഫ് അൽവി സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുന്നതിൽ നിന്നു രണ്ടാമതും ഒഴിവായതിനാൽ സെനറ്റ് ചെയർമാൻ സാദിഖ് സഞ്ജ്റാണിയാണ് ഈ ചുമതല നിർവഹിച്ചത്.

Leave a Reply