സെക്രട്ടേറിയറ്റിൽ പി ജയരാജനില്ല, ‘പക്ഷേ ജനങ്ങളോടൊപ്പം ഉണ്ട്’, വിമ‍ർശനവുമായി റെഡ് ആ‍ർമി

0

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ പി ജയരാജനില്ലെന്ന് അറിഞ്ഞതോടെ നേതാവിനായി സമൂഹ മാധ്യമങ്ങളിൽ മുറവിളി. സിപിഎം സംസ്ഥാന സെക്രട്ടറേറിയേറ്റിൽ ജയരാജനെ ഉൾപ്പെടുത്താത്തതിലുള്ള പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. പി.ജയരാജനെ അനുകൂലിച്ചുകൊണ്ട് റെഡ് ആർമി ഒഫീഷ്യൽ എഫ് ബി പേജിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു.

“പി.ജയരാജൻ സെക്രട്ടേറിയറ്റിൽ ഇല്ല, പക്ഷേ ജനങ്ങളോടൊപ്പം ഉണ്ട്”, “സ്ഥാനമാനങ്ങളിൽ അല്ല, ജനഹൃദയങ്ങളിലാണ് സ്ഥാനം” എന്നാണ് റെഡ് ആർമി ഒഫീഷ്യൽ എഫ് ബി പേജിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളിൽ പറയുന്നത്. ‘കണ്ണൂരിൻ ചെന്താരകമല്ലോ ജയരാജൻ’ എന്ന പാട്ടും പേജിൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

പോസ്റ്റുകൾ ഫേസ് ബുക്കിലും വാട്സാപ്പിലും പ്രചരിക്കുകയാണ് ഇപ്പോൾ. സംസ്ഥാന സെക്രട്ടറിയേറ്റിൽ എടുക്കാത്തതിൽ അനുയായികളുടെ വിമർശനം ഉയരുന്നതിനിടെയാണ് ഇത്. അതേസമയം ജയരാജൻ അനുകൂല പോസ്റ്റുകൾ ഇടുന്നതിൽ നിന്ന് ഈ ഫേസ്ബുക്ക് പേജിനെ പാർട്ടി വിലക്കിയിരുന്നു.

75 വയസ്സ് എന്ന പ്രായപരിധി പിന്നിട്ടവരെ സംസ്ഥാന ഭാരവാഹിത്വത്തിൽ നിന്നും നീക്കിയപ്പോൾ യുവജനനേതാക്കൾ പലർക്കും നേതൃതലത്തിലേക്ക് വരാൻ അവസരമൊരുങ്ങി. പി.കെ.ശശിയെ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതും പി.ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താതിരുന്നതുമാണ് മാറ്റങ്ങളിൽ ഏറെ ശ്രദ്ധേയം.

Leave a Reply