Monday, January 24, 2022

ആക്‌സിഡും ജാന്‍വിയും വിവാഹിതരായി;ആക്‌സിഡ്‌ സില്‍ക്ക്‌ ഷര്‍ട്ടും ജാന്‍വി കസവില്‍ നെയ്‌ത പട്ടു പാവാടയുമാണ്‌ അണിഞ്ഞത്‌; വിവാഹച്ചടങ്ങിലേക്കു പെണ്ണിന്റെയും ചെക്കന്റെയും ആളുകളായി 50 പേരെ ക്ഷണിച്ചു; കൗതുകമായി നായ കല്യാണം

Must Read

പുന്നയൂര്‍ക്കുളം: മന്ത്രകോടിയുടുത്ത്‌ വരനൊപ്പം കതിര്‍മണ്ഡപത്തിലേക്കു കയറിയ വധുവിന്റെ മുഖത്തു തെല്ലു ജാള്യത. മിന്നുന്ന ഫ്‌ളാഷ്‌ ലൈറ്റുകളും കൗതുകക്കല്യാണത്തിനെത്തിയവരുടെ തിരക്കും കണ്ട്‌ തെല്ല്‌ അമ്പരപ്പും. “സേവ്‌ ദി ഡേറ്റി”ലൂടെ കേരളം ഏറ്റെടുത്ത നായ്‌ക്കളുടെ “വിവാഹ”മായിരുന്നു ഇന്നലെ. കന്നിമാസത്തിലെ ശുഭമൂഹൂര്‍ത്ത ദിവസമായ ഇന്നലെ 11നും 12നും ഇടയില്‍ പുന്നയൂര്‍ക്കുളം കുന്നത്തൂര്‍മന ഹെറിറ്റേജില്‍വച്ച്‌ ആക്‌സിഡും ജാന്‍വിയും വിവാഹിതരായി.
കുന്നത്തൂര്‍മന ഉടമ വാടാനപ്പിള്ളി പൊയ്യാറ ഷെല്ലി-നിഷ ദമ്പതികളുടെ ഓമനയാണ്‌ ബീഗിള്‍ ഇനത്തില്‍പ്പെട്ട ആക്‌സിഡ്‌(കുട്ടന്‍)എന്ന നായ. 28 വയസുള്ള സ്വന്തം മകന്‍ പെണ്ണുകെട്ടിയിട്ടില്ലെങ്കിലും കല്യാണപ്രായമെത്തിയ ആക്‌സിഡിനൊരു ഇണ വേണ്ടേ എന്നായിരുന്നു ഷെല്ലിയുടെയും നിഷയുടെയും ചിന്ത. പെണ്ണന്വേഷണത്തിനൊടുവില്‍ മൂന്നുമാസം മുമ്പ്‌ പുന്നയൂര്‍ക്കുളത്തുനിന്ന്‌ കനകഞ്ചേരി സുബീഷ്‌ ഭാസ്‌കറിന്റെ പക്കല്‍നിന്ന്‌ ഒന്നര വയസുകാരി ജാന്‍വിയെ കണ്ടെത്തി. ഒറ്റനോട്ടത്തില്‍ ഇരുവരും കൂട്ടുകാരായി. ഉത്തമകാലം കൂടി കണക്കിലെടുത്താണ്‌ കല്യാണം കന്നി മാസത്തിലേക്കു നീട്ടിയത്‌.
സേവ്‌ ദി ഡേറ്റ്‌ ഫോട്ടോ ഷൂട്ടും കല്യാണത്തിന്‌ മുമ്പുള്ള ഔട്ട്‌ ഡോര്‍ വെഡ്‌ഡിങ്‌ വീഡിയോയും കോസ്‌റ്റ്യൂം സെലക്‌ഷനുമായി ഒരു മാസം മുമ്പേ ഒരുക്കം തുടങ്ങിയിരുന്നു. ഷെല്ലിയുടെ മക്കളായ ആകാശും അര്‍ജുനുമാണ്‌ കല്ല്യാണം ഗംഭീരമാക്കാന്‍ കാരണവന്മാരായി ഓടിനടന്നത്‌.
തിങ്കളാഴ്‌ച്ച രാവിലെ പൂമാല കൊണ്ട്‌ അലങ്കരിച്ച കതിര്‍മണ്ഡപത്തില്‍ വിദേശ ഇനത്തില്‍പ്പെട്ട വിവിധ നായകളുടെയും ഉറ്റബന്ധുക്കളുടെയും സാന്നിധ്യത്തില്‍ ഹാരമണിഞ്ഞ്‌ ഇരുവരും ഒന്നായി. ആക്‌സിഡ്‌ സില്‍ക്ക്‌ ഷര്‍ട്ടും ജാന്‍വി കസവില്‍ നെയ്‌ത പട്ടു പാവാടയുമാണ്‌ അണിഞ്ഞത്‌. വിവാഹച്ചടങ്ങിലേക്കു പെണ്ണിന്റെയും ചെക്കന്റെയും ആളുകളായി 50 പേരെ ക്ഷണിച്ചു. “നവദമ്പതി”കളുടെ കൂടി ഇഷ്‌ടം കണക്കിലെടുത്ത്‌ ചിക്കന്‍ ബിരിയാണിയും ഫ്രൈയുമാണ്‌ സല്‍ക്കാരത്തിനൊരുക്കിയത്‌. ഭക്ഷണത്തിനു ശേഷം ഇ രുവരും ചെറുക്കന്റെ വീടായ വാടാനപ്പള്ളിയിലേക്കു പോയി. തങ്ങളുടെ പൊന്നോമനയ്‌ക്ക്‌ അനുയോജ്യമായ ഇണയെ കണ്ടെത്തിയതിലുള്ള സന്തോഷത്തിലാണ്‌ ഷെല്ലിയും കുടുംബവും.

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News