ഇംഗ്ലണ്ടിന്‍റെ ഏകദിന, ടി20 ടീമുകളുടെ നായകനായ ഓയിൻ മോര്‍ഗൻ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

0

ലണ്ടന്‍: ഇംഗ്ലണ്ടിന്‍റെ ഏകദിന, ടി20 ടീമുകളുടെ നായകനായ ഓയിൻ മോര്‍ഗൻ

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. മോശം ഫോമും പരിക്കും കാരണം മോര്‍ഗന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് മോര്‍ഗന്‍റെ വിരമിക്കല്‍ വാര്‍ത്ത സ്ഥിരീകരിച്ചു. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരവും ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരവുമാണ് 35കാരനായ മോര്‍ഗന്‍. 2019ല്‍ ഇംഗ്ലണ്ട് ഏകദിന ലോകകപ്പില്‍ കന്നിക്കിരീടം നേടിയതും മോര്‍ഗന്‍റെ കീഴിലാണ്.

നീണ്ടനാളത്തെ ആലോചനക്ക് ശേഷം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയാണെന്ന് മോര്‍ഗന്‍ പ്രസ്താവനയില്‍ പറഞ്ഞു. വിരമിക്കല്‍ തീരുമാനമെടുക്കുക എളുപ്പമായിരുന്നില്ലെന്നും എന്നാല്‍ ഇതാണ് ശരിയായ സമയമെന്നും മോര്‍ഗന്‍ വ്യക്തമാക്കി. കരിയറില്‍ പിന്തുണച്ച കുടുംബാംഗങ്ങള്‍ക്കും സഹതാരങ്ങള്‍ക്കും നന്ദി പറഞ്ഞു.രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ ഹണ്ട്രഡ് ടൂര്‍ണമെന്‍റില്‍ ലണ്ടന്‍ സ്പിരിറ്റിനായി മോര്‍ഗന്‍ കളി തുടരും.

ഇംഗ്ലണ്ടിന്‍റെ തലവര മാറ്റിയ നായകന്‍

2015ലെ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ട് ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായതിന് പിന്നാലെയാണ് അലിസ്റ്റര്‍ കുക്കിന്‍റെ പിന്‍ഗാമിയായി മോര്‍ഗന്‍ ഇംഗ്ലണ്ടിന്‍റെ വൈറ്റ് ബോള്‍ ടീമിന്‍റെ നായക സ്ഥാനംഏറ്റെടുത്തത്. പിന്നീട് മോര്‍ഗന് കീഴില്‍ ഇംഗ്ലണ്ട് എതിരാളികള്‍ ഭയക്കുന്ന ടീമായി മാറി.

2019ല്‍ ഇംഗ്ലണ്ടിനെ ആദ്യ ഏകദിന ലോകകപ്പ് വിജയത്തിലേക്ക് നയിച്ച മോര്‍ഗന്‍ 2016ലെ ടി20ലോകകപ്പില്‍ ഇംഗ്ലണ്ടിനെ ഫൈനലിലെത്തിച്ചു. എന്നാല്‍ അവസാന ഓവറില്‍ കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റിന്‍റെ അവിശ്വസനീയ ഇന്നിംഗ്സിന് മുന്നില്‍ വെസ്റ്റ് ഇന്‍ഡീസിനോട് ഇംഗ്ലണ്ട് ഫൈനലില്‍ തോറ്റു. ഇംഗ്ലണ്ടിനെ 126 ഏകദിനങ്ങളിലും 72 ടി20 മത്സരങ്ങളിലും മോര്‍ഗന്‍ നയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here