ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ പാലക്കാട്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ തുടരന്വേഷണത്തിന്‌ ഉത്തരവ്‌

0

പാലക്കാട്‌: ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ പാലക്കാട്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ തുടരന്വേഷണത്തിന്‌ ഉത്തരവ്‌.
കോങ്ങാട്‌ പോലീസ്‌ ഫയല്‍ ചെയ്‌ത അന്തിമറിപ്പോര്‍ട്ടിലെ ന്യൂനതകള്‍ പരാമര്‍ശിച്ചാണ്‌ ഉത്തരവ്‌. 2021 മാര്‍ച്ച്‌ ഏഴിനാണു കല്ലടിക്കോട്‌ ചെറുള്ളി പുറ്റുണ്ട വീട്ടില്‍ അഹമ്മദ്‌ സാഹിബിന്റെ മകള്‍ റിന്‍സിയ(23)യെ ഭര്‍തൃഗൃഹത്തിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്‌.
അന്വേഷണം അട്ടിമറിച്ചെന്ന്‌ ആരോപിച്ചു റിന്‍സിയയുടെ പിതാവ്‌ മുഖ്യമന്ത്രിക്കും ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്കും പരാതി നല്‍കിയെങ്കിലും തുടര്‍നടപടിയുണ്ടായില്ല. റിന്‍സിയയുടെ മരണസമയത്തു വീട്ടിലുണ്ടായിരുന്ന പ്രതികളുടെ ബന്ധുക്കളെക്കുറിച്ചും കൃത്യമായ അന്വേഷണം നടന്നില്ലെന്നും പ്രതികള്‍ക്കും ബന്ധുക്കള്‍ക്കുമെതിരേ കൊലക്കുറ്റവും തെളിവ്‌ നശിപ്പിച്ചതിനുള്ള കുറ്റവും ചുമത്തണമെന്നും പിതാവ്‌ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
തലേന്നു രാത്രി 9.30ന്‌ വീട്ടിലേക്കു വിളിച്ച റിന്‍സിയ സന്തോഷവതിയായിരുന്നെന്നും പിറ്റേന്നു പുലര്‍ച്ചെ മൂന്നിനു മരണവിവരമാണ്‌ അറിഞ്ഞതെന്നും പിതാവ്‌ ചൂണ്ടിക്കാട്ടുന്നു.
മരണത്തില്‍ ദുരൂഹതയുണ്ടെന്നും തൂങ്ങിമരിച്ച മുറിയില്‍ കസേരകളോ മറ്റു ഫര്‍ണിച്ചറുകളോ ഉണ്ടായിരുന്നില്ലെന്നും റിന്‍സിയയുടെയും ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും ഫോണ്‍കോളുകള്‍ പോലീസ്‌ പരിശോധിച്ചില്ലെന്നും പോസ്‌റ്റ്‌ മോര്‍ട്ടത്തില്‍ ദുരൂഹതയുണ്ടെന്നും പിതാവ്‌ ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരന്റെ വാദത്തില്‍ കഴമ്പുണ്ടെന്ന്‌ കണ്ടെത്തിയാണു കോടതി തുടരന്വേഷണത്തിന്‌ ഉത്തരവിട്ടത്‌. ഹര്‍ജിക്കാരനുവേണ്ടി അഡ്വ. പി.എസ്‌. അഹമ്മദ്‌ ഫൈസല്‍ ഹാജരായി.

LEAVE A REPLY

Please enter your comment!
Please enter your name here