സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട ജിപിഎസ് സര്‍വേയെയും യുഡിഎഫ് എതിര്‍ക്കുമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍

0

 
കൊച്ചി: സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട ജിപിഎസ് സര്‍വേയെയും യുഡിഎഫ് എതിര്‍ക്കുമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. കല്ലിടലുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉത്തരവും മന്ത്രിമാരും പറയുന്നത് രണ്ടുതരത്തിലാണ്. ഇനി കല്ലിടില്ല എന്നാണ് ഉത്തരവില്‍ പറയുന്നത്.  റവന്യൂമന്ത്രി പറയുന്നത് കല്ലിടുമെന്നാണ്. സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായാണ് മന്ത്രിമാര്‍ പറയുന്നതെന്ന് വിഡി സതീശന്‍ പറഞ്ഞു. 

മഞ്ഞ കല്ല് ഇടേണ്ട ആവശ്യമില്ലെന്ന് പ്രതിപക്ഷം  ആദ്യമേ പറഞ്ഞതാണ്.  അത് കൗശലം ഉപയോഗിച്ച് ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാരിന്റെ നടപടിയായിരുന്നു. അത് പരാജയപ്പെട്ടു. സില്‍വര്‍ ലൈന്‍ സമരം പൂര്‍ണവിജയമാകുക പദ്ധതി ഉപേക്ഷിച്ചെന്ന് മുഖ്യമന്ത്രി പറയുന്ന ദിവസമായിരിക്കുമെന്ന് സതീശന്‍ പറഞ്ഞു. കല്ല് ഇട്ടാല്‍ ഒരു ബാങ്ക് പോലും ലോണ്‍ കൊടുക്കില്ല. സാധാരണക്കാരന്റെ അവസ്ഥ ദുസ്സഹമാകുമെന്നതു കൊണ്ടാണ് എതിര്‍ത്തത്. അന്ന് മുഖ്യമന്ത്രി പറഞ്ഞത് എന്ത് എതിര്‍പ്പുണ്ടായാലും കല്ലിടുമെന്നാണ്. ഇപ്പോള്‍ പിന്നെ എന്തിനാണ് കല്ലിടല്‍ മാറ്റിയതെന്നും സതീശന്‍ ചോദിച്ചു. 

സില്‍വര്‍ ലൈന്‍ പദ്ധതിയെ പ്രതിപക്ഷം ഒരുതരത്തിലും അനുകൂലിക്കുന്നില്ല. മുഖ്യമന്ത്രി ആദ്യം പറഞ്ഞത് സാമൂഹികാഘാത പഠനം നടത്തും. പിന്നെ പറഞ്ഞു പാരിസ്ഥിതികാഘാത പഠനം നടത്തും. മൂന്നാമത് പറഞ്ഞത് ഇതിന്റെ റിസല്‍ട്ട് എന്തായായാലും പദ്ധതിയുമായി മുന്നോട്ടുപോകുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇത് ജനങ്ങളെ വെല്ലുവിളിക്കലാണ്. ഇതുകൊണ്ടാണ് പ്രതിപക്ഷം  എതിര്‍ക്കുന്നതെന്നും സതീശന്‍ പറഞ്ഞു.
സര്‍ക്കാരിന്റെ നൂറ് ദിന പദ്ധതി ഏഴുനിലയില്‍ പൊട്ടിപ്പോയി. നേരത്തെ പൂര്‍ത്തിയാക്കിയ പദ്ധതിയുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നടത്തുന്നത്. സംസ്ഥാനത്ത് പൂര്‍ണമായും ഭരണസ്തംഭനമാണ്. അടുത്ത മാസം ശമ്പളം കൊടുക്കാന്‍ പറ്റുമോയെന്നത് സംശയമാണ് എന്ന് ധനകാര്യമന്ത്രി വരെ പറയുന്ന അവസ്ഥയാണുള്ളത്. സംസ്ഥാനത്തിന്റെ സാമ്പത്തിക അവസ്ഥ ജനങ്ങളെ അറിയിക്കാന്‍ വൈറ്റ് പേപ്പര്‍ ഇറക്കണം. ഈ രീതിയില്‍ പോയാല്‍ കേരളം ശ്രീലങ്കയാകും. കെഎസ്ആര്‍ടിസിയിലെ പ്രശ്‌നങ്ങള്‍ യുഡിഎഫ് ഏറ്റെടുക്കുമെന്നും. സാധാരണക്കാരന്റെ പൊതുഗതാഗതസംവിധാനം നിലനിര്‍ത്താന്‍ കെഎസ്ആര്‍ടിയെ സംരക്ഷിക്കാന്‍ നിലപാടുമായി മുന്നോട്ടുപോകുമെന്നും സതീശന്‍ പറഞ്ഞു. 

LEAVE A REPLY

Please enter your comment!
Please enter your name here