തൃക്കാക്കരയിൽ വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

0

കൊച്ചി: തൃക്കാക്കരയിൽ വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വോട്ടർ പട്ടികയിൽ ചേർക്കാൻ യുഡിഎഫ് നൽകിയ മൂവായിരം വോടടർമാരുടെ അപേക്ഷ തള്ളിക്കളഞ്ഞതായാണ് വിഡി സതീശൻ ആരോപിച്ചത്. ഭൂരിപക്ഷം കുറയ്ക്കാൻ ലക്ഷ്യമിട്ട് മനഃപൂർവം ഇത് തള്ളിയതാണെന്ന് അദ്ദേഹം പറഞ്ഞു.

ആറായിരം വോട്ടർമാരെ പുതുതായി ചേർക്കാനുള്ള അപേക്ഷയാണ് യുഡിഎഫ് നൽകിയത്. ഇതിൽ നിന്ന് മൂവായിരം വോട്ടർമാരെ ഒഴിവാക്കുകയായിരുന്നുവെന്ന് സതീശൻ ആരോപിച്ചു. ബിഎൽഒമാർ രേഖകൾ ഹാജരാക്കിയിട്ടും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ആദ്യ ലിസ്റ്റ് തയ്യാറായ ഉടൻ പരാതി നൽകിയെങ്കിലും നടപടി ഒന്നും ഉണ്ടായില്ലെന്നും സതീശൻ ആരോപിച്ചു. പാർട്ടി സമ്മേളനങ്ങളുടെ തിരക്കായതിനാൽ സിപിഎമ്മിന് കൂടുതൽ വോട്ട് ചേർക്കാൻ ആയിട്ടില്ല. ഇത് മറികടക്കാനാണ് യുഡിഎഫിന്റെ അർ‍ഹമായ വോട്ടുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കിയത്.

കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് ജില്ലാ കളക്ടർക്കും റിട്ടേണിംഗ് ഓഫീസർക്കും പരാതി നൽകിയിരുന്നു. പുതിയതായി അപേക്ഷ നൽകിയ ഒട്ടേറെ ആളുകളെ വോട്ടർ പട്ടികയിൽ ചേർത്തില്ല. ക്രമക്കേടിന് പേരുകേട്ട ഉദ്യോഗസ്ഥനെ വച്ചത് തന്നെ കൃത്രിമം കാണിക്കാനാണ്. ക്രമക്കേടിന് കാട്ടിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുെമന്നും വി ഡി സതീശൻ പറഞ്ഞു.
തൃക്കാക്കരയിലെ 161ആം ബൂത്തിൽ കള്ളവോട്ടുണ്ടെന്ന ആരോപണവും വി.ഡി.സതീശൻ ഉന്നയിച്ചു. ഈ ബൂത്തിൽ 5 വ്യാജ വോട്ടുകൾ ചേർത്തിട്ടുണ്ട്. അതിൽ പലരുടേയും വോട്ടുകൾ യഥാർത്ഥ പേരുകളിൽ കിടക്കുന്നുണ്ട്. അവർ അറിയാതെ അവരുടെ പടം വെച്ച് വ്യാജ വോട്ടുകൾ ചേർത്തിട്ടുണ്ട്. ഇങ്ങനെ ചേർത്ത വോട്ടുകൾ പട്ടികയിൽ നിന്ന് നീക്കം ചെയ്യണമെന്ന് യുഡിഎഫ് പരാതി നൽകിയിരുന്നു. എന്നാൽ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. പല വോട്ടർമാർക്കും അഷ്റഫ് എന്നയാളെയാണ് രക്ഷകർത്താവ് ആയി ചേർത്തിട്ടുള്ളത്. അഷ്റഫ് ദേശാഭിമാനി ഏജന്റാണ്.

കള്ള വോട്ട് ചെയ്താൽ ശക്തമായ നടപടി ഉണ്ടാകും. കള്ള വോട്ട് ചെയ്യാൻ ആരും തൃക്കാക്കര യിലേക്ക് വരേണ്ടെന്നും അങ്ങനെ വന്നാൽ ജയിലിലേക്ക് പോകാൻ തയ്യാറായി വരണമെന്ന് വി.ഡി.സതീശൻ മുന്നറിയിപ്പ് നൽകി. തെരഞ്ഞെടുപ്പിന് വെബ് ക്യാമറയുണ്ട്. ഏതെങ്കിലും തരത്തിൽ കള്ളവോട്ടിന് ശ്രമമുണ്ടായാൽ അത് കണ്ടെത്താൻ യുഡിഎഫിന് ശക്തമായ മെക്കാനിസം ഇക്കുറി ഉണ്ടെന്നും സതീശൻ പറഞ്ഞു.
മണ്ഡലത്തിലെ 164 ബൂത്തുകളിലേയും മരിച്ചുപോയ ആളുകളുടെ പേരുകൾ, വിദേശത്തുള്ളവരുടെ പേരുകൾ, ഒരു കാരണവശാലും വോട്ടു ചെയ്യാൻ ഇടയില്ലാത്ത – സ്ഥലത്തില്ലാത്തവരുടെ പേരുകൾ പ്രത്യേകം അടയാളപ്പെടുത്തി യുഡിഎഫ് പോളിങ് ഏജന്റുമാരുടെ പക്കലുണ്ട്. ഇത് തെരഞ്ഞെടുപ്പ് ദിവസം ഓരോ ബൂത്തിലെയും പ്രിസൈഡിങ് ഓഫീസർമാരെ ഏൽപ്പിക്കും.

സ്വന്തം ജില്ലാ സെക്രട്ടറി കിടക്കുന്ന ലെനിൻ സെന്ററിലെ കട്ടിലിനടിയിൽ ക്യാമറ വച്ച വിരുതൻമാരാണ് എറണാകുളത്തെ CPM നേതാക്കൾ. എന്തും ചെയ്യാൻ മടിക്കാത്ത ഒരു സംഘം ഉണ്ട്. വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ രണ്ട് പേർ CPM ബന്ധമുള്ളവരാണ്. ശരിയായ അന്വേഷണം നടത്തിയാൽ വാദി പ്രതിയാകും. പി.ടി.തോമസ് വിജയിച്ചതിനേക്കാൾ വലിയ ഭൂരിപക്ഷത്തിൽ ഉമ തോമസ് വിജയിക്കുമെന്നും സതീശൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here