തിരുവനന്തപുരം: രണ്ട് വോട്ടിന് വേണ്ടി ഏത് വർഗീയ പ്രചരണവും നടത്താൻ സി പി എമ്മിന് മടിയില്ലെന്ന് തെളിയിക്കുന്ന വാക്കുകളാണ് എം വിജയരാഘവനിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജയരാഘവൻ വായ തുറന്നാൽ വർഗീയതയാണെന്നും തമിഴ്നാട്ടിൽ ഒരേ മുന്നണിയിൽ മത്സരിക്കുന്ന സി പി എം കേരളത്തിൽ മാത്രം ലീഗിനെ മതമൗലികവാദിയാക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിൽ തുടങ്ങിവച്ച വർഗീയ ചേരിതിരിവുണ്ടാക്കാനുളള ശ്രമം ഇപ്പോഴും സി പി എം തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു. എ ഐ സി സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പാണക്കാട്ടുപോയി മുസ്ലിംലീഗ് അദ്ധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളെ സന്ദർശിച്ചതിനെ കുറിച്ചുളള വിജയരാഘവന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു ചെന്നിത്തല.
‘എല്ലാ മതവിഭാഗങ്ങളെയും ഒരുമിച്ച് കൊണ്ടുപോകേണ്ട സർക്കാർ വർഗീയ പ്രചാരണത്തിന് കുടപിടിക്കുന്നു. മുഖ്യമന്ത്രിയാണ് ഇതിന് തുടക്കം കുറിച്ചത്. കോൺഗ്രസും യു ഡി എഫും മതേതര നിലപാടുകൾ ഉയർത്തിപ്പിടിക്കുന്ന പ്രസ്ഥാനമാണ്. ഞങ്ങളെ പഠിപ്പിക്കാൻ വിജയരാഘവൻ വളർന്നിട്ടില്ല. മുന്നണിയിലെ ഘടകകക്ഷികളുമായി ചർച്ച നടത്തിയാൽ അതിൽ വർഗീയത കണ്ടെത്താൻ ഇടുങ്ങിയ മനസിന്റെ ഉടമകൾക്ക് മാത്രമേ കഴിയൂ. അത് കേരളം അംഗീകരിക്കില്ല.’ രമേശ് ചെന്നിത്തല ചെന്നിത്തല പറഞ്ഞു.
English summary
Opposition leader Ramesh Chennithala has said that M Vijayaraghavan’s words are now proving that the CPM does not hesitate to launch any communal campaign for two votes.