തിരുവനന്തപുരം: നിലവിലെ എൽ.ജി.എസ് റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒന്നരവർഷം നീട്ടണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. കാലാവധി കഴിഞ്ഞ സി.പി.ഒ റാങ്ക് ലിസ്റ്റ് നീട്ടിക്കിട്ടാൻ കോടതിയിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സമരം തുടരുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനെയും വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥനെയും സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളെയും സന്ദർശിച്ച ഉമ്മൻചാണ്ടി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
പുതിയ ലിസ്റ്റ് ഇല്ലെങ്കിൽ പഴയ ലിസ്റ്റ് ഒന്നര വർഷം കൂടി നീട്ടി നൽകാൻ വ്യവസ്ഥയും ചട്ടവുമുണ്ട്. സർക്കാർ അത് ചെയ്യണം. യു.ഡി.എഫ് അഞ്ച് വർഷവും അത് പാലിച്ചു. പണം വാങ്ങിയാണ് യു.ഡി.എഫ് സർക്കാർ പി.എസ്.സി ലിസ്റ്റുകളുടെ കാലാവധി നീട്ടി നൽകിയതെന്ന ആരോപണം തെളിയിക്കാൻ ഇടതുമുന്നണി കൺവീനർ എ. വിജയരാഘവനെ ഉമ്മൻചാണ്ടി വെല്ലുവിളിച്ചു.ഓരോറാങ്ക് ലിസ്റ്റും റദ്ദാക്കാൻ കാത്തിരിക്കുകയാണ് ഇടത് സർക്കാർ. ചർച്ച നടത്തില്ലെന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ല. ഇതു രാഷ്ട്രീയ സമരമല്ല. യു.ഡി.എഫ് സർക്കാർ നിയമിച്ച താത്കാലികക്കാരുടെ കണക്ക് സർക്കാർ പുറത്ത് വിടണമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.
English summary
Oommen Chandy wants LGS rank list to be extended for one and a half years