വെള്ളിമാടുകുന്നിൽ തിരിച്ചെത്തിച്ച പെൺകുട്ടികളിലൊരാൾ ജനൽ ചില്ല് തകർത്ത് കൈമുറിച്ചു; ചിൽഡ്രൻസ് ഹോമിൽ സ്വാതന്ത്ര്യമില്ലെന്നും നിൽക്കാൻ ബുദ്ധിമുട്ടാണെന്നും പെൺകുട്ടികൾ; തിരികെ എത്തിയത് മുതൽ കുട്ടികൾ ബഹളം വെച്ച് പ്രതിഷേധിച്ചതായും റിപ്പോർട്ടുകൾ

0

കോഴിക്കോട്: വെള്ളിമാടുകുന്നിൽ നിന്ന് കാണാതായി ബാംഗ്ലൂരിൽ നിന്ന് കണ്ടെത്തി തിരിച്ചെത്തിച്ച പെൺകുട്ടികളിൽ ഒരാൾ കൈ മുറിച്ചു. പരിക്ക് സാരമുള്ളതല്ല. ആത്മഹത്യാശ്രമമായി കണക്കാക്കാനാകില്ലെന്ന് പൊലീസ് പറയുന്നു. പൊലീസും ചിൽഡ്രൻസ് ഹോമിലെ ജീവനക്കാരും ചേർന്ന് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ച് പ്രഥമ ശ്രൂശ്രൂഷ നൽകി. പെൺകുട്ടികൾക്ക് ബാലികാമന്ദിരത്തിൽ തുടരാൻ താല്പര്യമില്ലെന്നാണ് പറയുന്നത്.

ഇന്നലെ രാത്രിയാണ് സംഭവം. ചിൽഡ്രൻസ് ഹോമിൽ നിന്ന് ദിവസങ്ങൾക്ക് മുൻപ് കാണാതായ ആറുപെൺകുട്ടികളെ കണ്ടെത്തി ഇന്നലെയാണ് കോഴിക്കോട്ട് തിരിച്ചെത്തിച്ചത്. പെൺകുട്ടികളുടെ മൊഴിയെടുത്ത ശേഷമാണ് ചിൽഡ്രൻസ് ഹോമിലേക്ക് തന്നെ തിരികെ കൊണ്ടുപോയത്. ചിൽഡ്രൻസ് ഹോമിലേക്ക് തിരികെ പോകാൻ താത്പര്യമില്ലെന്ന് കുട്ടികൾ പൊലീസിനോട് പറഞ്ഞതായാണ് റിപ്പോർട്ടുകൾ. അവിടെ സ്വാതന്ത്ര്യമില്ലെന്നും നിൽക്കാൻ ബുദ്ധിമുട്ടാണെന്നും കുട്ടികൾ പറഞ്ഞു. തുടർന്ന് ചിൽഡ്രൻസ് ഹോമിൽ തിരികെ എത്തിയത് മുതൽ കുട്ടികൾ ബഹളം വച്ച് പ്രതിഷേധിച്ചതായാണ് റിപ്പോർട്ട്.

ഇന്നലെ രാത്രി കുട്ടികൾ താമസിക്കുന്ന മുറിയിൽ ജനലിന്റെ ചില്ല് തകർത്താണ് ഒരു കുട്ടി കൈമുറിച്ചത്. ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രഥമ ശ്രൂശ്രൂഷയ്ക്ക് ശേഷം കുട്ടിയെ വീണ്ടും ചിൽഡ്രൻസ് ഹോമിലേക്ക് തന്നെ തിരികെ കൊണ്ടുവന്നു. ആത്മഹത്യാശ്രമമായി കണക്കാക്കാനാകില്ലെന്നാണ് പൊലീസ് പറയുന്നത്.

പെൺകുട്ടികളുടെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തിയിരുന്നു. യുവാക്കൾ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് മൊഴിയെടുത്തത്. കസ്റ്റഡിയിലെടുത്ത യുവാക്കളുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ബംഗളൂരുവിൽ നിന്ന് പെൺകുട്ടികൾക്കൊപ്പം പിടിയിലായ കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫി, കൊല്ലം സ്വദേശി ടോം തോമസ് എന്നിവരെ ആണ് ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ പൊക്സോ 7,8 വകുപ്പുകൾ പ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ട് 77 എന്നിവ ചേർത്തുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ പെൺകുട്ടികളെ ടോം തോമസും ഫെബിൻ റാഫിയും ചേർന്ന് ഫ്രഷാകാമെന്ന് പറഞ്ഞാണ് ഫ്ലാറ്റിലേക്ക് ക്ഷണിച്ചത്. ട്രെയിനിൽ ബാംഗ്ലൂരിലെത്തിയ പെൺകുട്ടികൾ അവിടെ വെച്ചാണ് യുവാക്കളെ പരിചയപ്പെട്ടത്. ഫ്ലാറ്റിലേക്ക് വിളിച്ചുകൊണ്ടുപോയ ശേഷം യുവാക്കൾ പെൺകുട്ടികൾക്ക് മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കൊല്ലം കണ്ണനല്ലൂർ സ്വദേശി ടോം തോമസ്, കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫി എന്നിവരെയാണ് ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ പോക്സോ, ജുവനൈൽ ജസ്റ്റിസ് വകുപ്പുകൾ പ്രകാരം കേസെടുത്തു.

റിപ്പബ്ലിക്ക് ഡേയായ 26ന് വൈകിട്ട് ഗേൾസ് ഹോമിൽനിന്നു പുറത്തുകടന്ന 6 പെൺകുട്ടികൾ പാലക്കാടുനിന്നും ട്രെയിൻ മാർഗം ബെംഗളൂരു വൈറ്റ് ഫീൽഡിൽ എത്തി. അവിടെവച്ചാണ് ടോം തോമസിനെയും ഫെബിൻ റാഫിയെയും പരിചയപ്പെടുന്നത്. ഗോവയിലേക്കു പോകുകയാണെന്നും ബാഗ് നഷ്ടപ്പെട്ടെന്നും പെൺകുട്ടികൾ പറഞ്ഞതിനെ തുടർന്ന് ‘ഫ്രഷ് ആകാമെന്ന്’ പറഞ്ഞ് മടിവാളയിലെ ഫ്ലാറ്റിലേക്ക് കുട്ടികളെ ടോം തോമസ് ക്ഷണിക്കുകയായിരുന്നു. കുട്ടികൾ സമ്മതിച്ചതോടെ അവരെ ബസിൽ കയറ്റി വിട്ട ശേഷം ടോം തോമസും ഫെബിൻ റാഫിയും ബൈക്കിൽ പുറകേ പോയി. പെൺകുട്ടികളെ ഫ്ലാറ്റിൽ എത്തിച്ചശേഷം പുറത്തേക്ക് പോയ ഇവർ മദ്യവും ഭക്ഷണവുമായാണ് തിരിച്ചെത്തിയത്.

പെൺകുട്ടികളിൽ ഒരാൾക്ക് മദ്യപിക്കുന്ന ശീലമുണ്ടെന്നു പൊലീസ് പറയുന്നു. യുവാക്കൾക്കൊപ്പം മദ്യപിച്ച് സ്വബോധമില്ലാതെ പെരുമാറാൻ തുടങ്ങിയപ്പോൾ ടോം തോമസും ഫെബിൻ റാഫിയും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. മറ്റു പെൺകുട്ടികൾ ബഹളമുണ്ടാക്കി പുറത്തേക്ക് ഓടിയതോടെയാണ് നാട്ടുകാർ വിവരം അറിഞ്ഞത്.

പൊലീസ് എത്തുമ്പോഴേക്കും 5 പെൺകുട്ടികൾ രക്ഷപ്പെട്ടു. ഒരു കുട്ടിയെയും രണ്ടു യുവാക്കളെയും കസ്റ്റഡിയിലെടുത്തു. ബസ് മാർഗം നിലമ്പൂർ എടക്കരയിൽ എത്തിയപ്പോഴാണ് 4 പെൺകുട്ടികളെ പിടികൂടിയത്. ഒരു പെൺകുട്ടിയെ പിന്നീട് ബെംഗളൂരുവിൽനിന്നു കോഴിക്കോട്ടേക്കുള്ള സ്വകാര്യ ബസിൽ മാണ്ഡ്യയിൽ വച്ചു കണ്ടെത്തി. എടക്കരയിൽ പിടിയിലായ 4 പെൺകുട്ടികളെ ഇന്നലെ വൈകിട്ടും കർണാടകയിൽ പിടിയിലായ പെൺകുട്ടികളെയും ടോം തോമസ്, ഫെബിൻ റാഫി എന്നിവരെയും ഇന്നലെ പുലർച്ചെയും കോഴിക്കോട്ടെത്തിച്ചു.

Leave a Reply