അംബുജാക്ഷിയെ കാണാതായിട്ട് ഒരു മാസം; മൃതദേഹം കണ്ടെത്തി മരണം സ്ഥിരീകരിച്ചിട്ടും വീണ്ടും പോലീസ് ‘തിരയുന്നു’

0

ആലപ്പുഴ: മരിച്ചെന്ന് സ്ഥിരീകരിച്ച വയോധികയെ പോലീസ് വീണ്ടും ‘തിരയുന്നു’. അഞ്ച് ദിവസങ്ങൾക്ക് മുമ്പ് മൃതദേഹം കണ്ടെത്തി മരിച്ചെന്ന് സ്ഥിരീകരിച്ച വയോധികയ്ക്ക് പോലീസ് തിരച്ചിൽ നോട്ടീസ് ഇറക്കി. ആലപ്പുഴയിലാണ് സംഭവം. പുളിങ്കുന്ന് പഞ്ചായത്ത് ഒൻപതാം വാർഡ് കെട്ടിടത്തിൽ വീട്ടിൽ അംബുജാക്ഷിയെയാണ് (70) മരണത്തിനു ശേഷം പൊലീസ് ‘തിരയുന്നത്.’

ജില്ലാ തലത്തിൽ തിരച്ചിൽ നോട്ടിസുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥർക്കു പറ്റിയ അബദ്ധമാണ് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. സംസാരശേഷിയില്ലാത്ത അംബുജാക്ഷിയെ കാണാനില്ലെന്ന് ഒരു മാസം മുൻപാണ് പരാതി ലഭിച്ചത്. പരാതിക്ക് പിന്നാലെ പുളിങ്കുന്ന് പൊലീസ് കേസെടുക്കുകയും അന്വേഷണത്തിൽ ഒരു വിവരവും ലഭിക്കാത്തതിനാൽ‍ തിരച്ചിൽ നോട്ടീസ് പ്രസിദ്ധീകരിക്കാനായി പൊലീസ് 13ന് ആലപ്പുഴ ഡിസിആർബി ഡിവൈഎസ്പിക്കു വിവരങ്ങൾ കൈമാറുകയും ചെയ്തിരുന്നു. ഈ നോട്ടീസാണ് ഇന്നലെ പ്രസിദ്ധീകരിച്ചത്.

16ന് വീടിനടുത്തുള്ള വയലിൽ അഴുകിയ നിലയിൽ കണ്ട മൃതദേഹം അംബുജാക്ഷിയുടേതാണെന്ന് സ്ഥിരീകരിച്ചു. ഇതറിയാതെയാണ് ആലപ്പുഴയിൽ നിന്ന് തിരച്ചിൽ നോട്ടീസ് പ്രസിദ്ധീകരിച്ചത്.

മൃതദേഹത്തിലെ വസ്ത്രങ്ങൾ നോക്കിയാണ് മരിച്ചത് അംബുജാക്ഷിയാണെന്ന് പൊലീസ് പ്രാഥമികമായി സ്ഥിരീകരിച്ചത്. ഡിഎൻഎ സാംപിളും മറ്റും പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെങ്കിലും ഫലം വേഗം ലഭിക്കില്ല. അതിനാൽ ശാസ്ത്രീയമായി സ്ഥിരീകരിച്ചിട്ടില്ലെന്നു പറയാമെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു.

മൃതദേഹം ഇപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഫൊറൻസിക് പരിശോധനാ ഫലം ലഭിച്ച ശേഷമേ സംസ്കാരം നടത്തൂ എന്നും പൊലീസ് അറിയിച്ചു. അംബുജാക്ഷിയുടെ വീടിനു സമീപത്തെ വിജനമായ പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here