Thursday, July 29, 2021

ഓൺലൈൻ പഠനമാരംഭിച്ച് ഒന്നരവർഷമാകുമ്പോഴും ജില്ലയിൽ 68 ആദിവാസികോളനികൾ മൊബൈൽ റേഞ്ചുകളുടെ പരിധിക്കുപുറത്ത്

Must Read

പാലക്കാട്: ഓൺലൈൻ പഠനമാരംഭിച്ച് ഒന്നരവർഷമാകുമ്പോഴും ജില്ലയിൽ 68 ആദിവാസികോളനികൾ മൊബൈൽ റേഞ്ചുകളുടെ പരിധിക്കുപുറത്ത്. 77 കോളനികളിൽ ഭാഗികമായും നെറ്റ്‌വർക്ക് കണക്ഷനില്ലെന്നാണ് പട്ടികവർഗ വികസന വകുപ്പിന്റെ കണ്ടെത്തൽ.

അട്ടപ്പാടിമേഖലയിൽ 42 ആദിവാസികോളനികളിലും ജില്ലയിലെ മറ്റുപഞ്ചായത്തുകളിലെ 25 ആദിവാസികോളനികളിലും പൂർണമായും മൊബൈൽ ഫോൺ നെറ്റ്‌വർക്ക് ലഭ്യമല്ല. ഭാഗികമായിമാത്രം മൊബൈൽ നെറ്റ്‌വർക്ക് ലഭ്യമാകുന്ന 49 കോളനികളാണ് അട്ടപ്പാടിമേഖലയിലുള്ളത്. ജില്ലയിലെ മറ്റുപഞ്ചായത്തുകളിലായി 28 ആദിവാസികോളനികളിലും ഭാഗികമായേ മൊബൈൽ ഫോൺ പ്രവർത്തിക്കൂ. കോളനികളിൽ ടവറുകൾ സ്ഥാപിച്ച് നെറ്റ്‌വർക്ക് ലഭ്യമാക്കാൻ, മൊബൈൽഫോൺ സേവനദാതാക്കളിൽനിന്ന് വകുപ്പ് സഹായവും തേടി.

അഗളി, പുതൂർ, ഷോളയൂർ പഞ്ചായത്തുകൾ ഉൾപ്പെടുന്ന അട്ടപ്പാടിമേഖലയിലെ ആദ്യ കണക്കെടുപ്പിൽ 45 കോളനികളിലാണ് ഒട്ടും റെയ്‌ഞ്ചില്ലെന്ന് കണ്ടെത്തിയത്. പിന്നീട് ഇതിൽ മൂന്ന് കോളനികൾക്ക് നെറ്റ്‌വർക്ക് ലഭ്യമാക്കി. അഗളി പഞ്ചായത്തിലെ ചിണ്ടക്കി ഫസ്റ്റ് സൈറ്റ്, ചിണ്ടക്കി സെക്കൻഡ് സൈറ്റ്, വീരന്നൂർ കോളനികളിലാണ് കണക്ഷൻ ലഭ്യമാക്കിയത്. ഇതുകൂടാതെ, ഭാഗികമായി മാത്രം കണക്ഷനുണ്ടായിരുന്ന അഗളിയിലെ കക്കുപ്പടി, ചിണ്ടക്കി തേർഡ് സൈറ്റ് ഭാഗങ്ങളിലേക്കും നെറ്റ്‌വർക്ക് കണക്ഷൻ നൽകി. എം.പി.യുടെ സഹായത്തോടെയടക്കം ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ സ്ഥാപിച്ച് വൈഫൈ സൗകര്യത്തോടെയാണ് ഇവിടേക്ക് കണക്ഷൻ നൽകിയത്.

മുതലമടയിലും നെല്ലിയാമ്പതിയിലും പ്രശ്നം

അട്ടപ്പാടിക്കുപുറമെ, ജില്ലയിലെ അതിർത്തിമേഖലയിലെ മുതലമട പഞ്ചായത്തിലാണ് മൊബൈൽ നെറ്റ്‌വർക്ക് ഒട്ടുമില്ലാത്ത കൂടുതൽ കോളനികളുള്ളത്. പത്ത്‌ ആദിവാസികോളനികളിൽ ഇവിടെ റേഞ്ചില്ല. സമീപ പഞ്ചായത്തായ നെല്ലിയാമ്പതിയിൽ ഒമ്പത് കോളനികളിലും റേഞ്ച് ലഭ്യമല്ല. ഭാഗികമായിമാത്രം നെറ്റ്‌വർക്ക് കണക്ഷനുള്ള കൂടുതൽ കോളനികളുള്ളത് മലമ്പുഴ പഞ്ചായത്തിലാണ്. 13 കോളനികളിൽ ഇവിടെ ഭാഗികമായേ നെറ്റ്‌വർക്കുള്ളൂ. എല്ലാ ഭാഗങ്ങളിലും നെറ്റ്‌വർക്ക് ലഭ്യത ഉറപ്പാക്കാനും കുട്ടികളുടെ പഠനം സുഗമമാക്കാനുമായി വകുപ്പ് ബി.എസ്.എൻ.എൽ. ഉൾപ്പെടെയുള്ള സേവനദാതാക്കളുമായി ചർച്ച നടത്തിക്കഴിഞ്ഞു. കൂടാതെ, ടവറുകൾ സ്ഥാപിക്കാൻ വിവിധ ടെലികോം കമ്പനികളും താത്പര്യം അറിയിച്ചിട്ടുണ്ട്. കമ്പനികൾ സ്ഥലം സന്ദർശിച്ച് സർവേ നടപടികൾ നടത്തിവരികയാണ്. ഓരോ തദ്ദേശസ്ഥാപനങ്ങളിലും പൊതുവായുള്ള ഉയർന്ന കെട്ടിടങ്ങൾ കണ്ടെത്തി ഇവിടെ ടവറുകൾ സ്ഥാപിക്കാനാണ് ആലോചിച്ച് വരുന്നതെന്ന് ജില്ലാ പട്ടിക വർഗവികസന വകുപ്പ് ഓഫീസർ എം. മല്ലിക പറഞ്ഞു.

Leave a Reply

Latest News

ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഔദ്യോഗിക ട്വിറ്റർ ഹാൻഡിലാണ് 70 മില്യൺ പേർ പിന്തുടരുന്നത്. സമൂഹ മാദ്ധ്യമങ്ങളിൽ ഏറ്റവുമധികം...

More News