പൂങ്കുന്നം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ബോർഡിൽ തന്റെ ഫോട്ടോ എം.എൽ.എ.യുടെ ഫോട്ടോയെക്കാൾ ചെറുതായതിൽ പ്രതിഷേധിച്ച് മേയർ എം.കെ. വർഗ്ഗീസ് അവിടത്തെ വിജയദിനാഘോഷം ബഹിഷ്കരിച്ചു.

0

പൂങ്കുന്നം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ബോർഡിൽ തന്റെ ഫോട്ടോ എം.എൽ.എ.യുടെ ഫോട്ടോയെക്കാൾ ചെറുതായതിൽ പ്രതിഷേധിച്ച് മേയർ എം.കെ. വർഗ്ഗീസ് അവിടത്തെ വിജയദിനാഘോഷം ബഹിഷ്കരിച്ചു.

വിവാദത്തെ തുടർന്ന് ഉദ്ഘാടനം ചെയ്യേണ്ട പി. ബാലചന്ദ്രൻ എം.എൽ.എ. സ്ഥലത്തെത്തിയില്ല.

ഇരുവരുടെയും അഭാവത്തിൽ മുഖ്യാതിഥിയായ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.എ. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ആശംസ അറിയിക്കാനെത്തിയ കൗൺസിലർ എ.കെ. സുരേഷ് അധ്യക്ഷനുമായി.

പ്രോട്ടോക്കോൾ പ്രകാരം എം.എൽ.എ.യെക്കാൾ വലുത് താനാണെന്നും ഫ്ളക്സിൽ ഫോട്ടോയുടെ വലുപ്പം കുറച്ചത് ശരിയായില്ലെന്നും പ്രിൻസിപ്പലിനോട് പരാതി പറഞ്ഞാണ് മേയർ മടങ്ങിയത്. വേദിയിൽ കയറാൻ കൂട്ടാക്കിയില്ല. നൂറിലധികം പേർ ചടങ്ങിനെത്തിയിരുന്നു.

പോലീസ് ഉദ്യോഗസ്ഥർ തനിക്ക് സല്യൂട്ട് നൽകാത്തത് പ്രോട്ടോക്കോൾ ലംഘനമാണെന്ന മേയർ വർഗ്ഗീസിന്റെ പരാതി വിവാദമായിരുന്നു.

പദവിയെ താഴ്ത്തിക്കെട്ടുന്നു -മേയർ

ഫ്ളക്സിൽ എം.എൽ.എ.യുടെ ചിത്രം വലുപ്പത്തിലും തന്റേത് കൗൺസിലർമാരുടെ ചിത്രങ്ങൾപോലെ ചെറുതാക്കിയുമാണ് വെച്ചതെന്ന് മേയർ പ്രതികരിച്ചു. ”ആരാണ് അധ്യക്ഷനെന്ന് തിരിച്ചറിയാത്ത അവസ്ഥ. പ്രോട്ടോക്കോൾ അനുസരിച്ച് ചിത്രം എങ്ങനെയാണ് വയ്ക്കേണ്ടതെന്ന് തന്നോട് ചോദിക്കാമായിരുന്നു. മേയറുടെ പദവി ഡെപ്യൂട്ടി സ്പീക്കർക്ക് തുല്യമാണ്. എം.എൽ.എ.യും എം.പി.യും തനിക്ക് താഴെയാണ്. ആ ബഹുമാനം നൽകിയില്ല.

പ്രോട്ടോക്കോൾ ലംഘനമാണ് നടന്നത്. അധികാരം എന്തെന്നറിഞ്ഞാൽ ചോദിച്ചുവാങ്ങും. അതെന്റെ സ്വഭാവമാണ്. ഇതുസംബന്ധിച്ച് പ്രോട്ടോക്കോൾ ഓഫീസർക്കും വകുപ്പ് മേധാവികൾക്കും കത്തെഴുതും” മേയർ എം.കെ. വർഗ്ഗീസ് പറഞ്ഞു.

Leave a Reply