കൊച്ചി: കോവിഡ് പ്രതിസന്ധിക്കിടയിലും കേരളത്തിൽ തന്നെ ഇന്നു വരെ നേടിയതില്‍ ഏറ്റവും ഉയര്‍ന്ന ഒറ്റത്തവണ നിക്ഷേപം നേടി മലയാളി സ്റ്റാര്‍ട്ടപ്പ്. നാടൻ പലചരക്ക് കടകൾ ഹൈടെക്ക് ആക്കി മാറ്റുന്ന സ്റ്റോർ ഇൻ ബ്രാൻഡിനാണ് 300 മില്യണ്‍ ഡോളര്‍ (ഏകദേശം 2200 കോടി രൂപ) വിദേശ നിക്ഷേപം ലഭിച്ചത്. റാഡോ പോള്‍ എന്ന പെരുമ്പാവൂര്‍ സ്വദേശിയാണ് അമരക്കാരൻ.

സ്റ്റോര്‍ മാനേജ്മെന്റ് മേഖലയില്‍ ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചു വരുന്ന സ്റ്റാര്‍ട്ടപ്പാണ് സ്റ്റോര്‍ഇന്‍. ആഗോള ബ്രാൻഡുകൾക്ക് തന്നെ കടുത്ത വെല്ലുവിളിയാണ് സ്റ്റോർ ഇൻ. വൻകിട മാളുകളിലേതുപോലെ വിലക്കുറവിലാകും സ്റ്റോർ ഇൻ ഷോപ്പുകളിൽ സാധനങ്ങൾ വിൽക്കുക. കേരളത്തിൽ ഏറ്റവും കൂടുതൽ പലചരക്കു കടകളുള്ളതും സ്റ്റോർ ഇന്നിനാണ്.

അസംഘടിത മേഖലയിലെ പലചരക്കു കടകളെ സംഘടിത രൂപത്തിലേക്ക് കൊണ്ടു വന്ന് ശക്തമാക്കുകയാണ് റാഡോ പോള്‍ എന്ന സംരംഭകന് ഇതിലൂടെ. കേരളത്തിലെ പലചരക്കു കടകളിലൂടെ തുടക്കമിട്ട സ്ഥാപനം തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും. നിലവിൽ കേരളത്തിൽ മാത്രം ഏകദേശം 600 ലേറെ സ്റ്റോറുകളാണ് ഉള്ളത്. നിലവിലെ സാഹചര്യത്തിൽ സ്റ്റോറുകളുടെ എണ്ണം കൂട്ടണമെങ്കിൽ വെയർഹൗസുകൾ അത്യാവശ്യമാണ്.

“ഒരു വര്‍ഷം മുമ്പ് തുടക്കമിട്ട ശ്രമങ്ങള്‍ക്ക് ഇപ്പോഴാണ് ഫലം കണ്ടത്. അടിസ്ഥാന സൗകര്യ വികസനത്തിനാവും ഫണ്ട് പ്രയോജനപ്പെടുത്തുക, ഇന്ത്യയിലെ തന്നെ പ്രമുഖ ബ്രാൻഡുകളുടെ നിലവാരത്തിലേക്ക് സ്റ്റോർ ഇന്നിനെ എത്തിക്കുകയാണ് ലക്ഷ്യം. അതിന് ഉതകുന്ന വിധമാകും നിക്ഷേപം ഉപയോഗിക്കുക. “റാഡോ പോള്‍ മീഡിയ മലയാളത്തോട് പറഞ്ഞു. അശരണരായ രോഗികൾക്ക് സൗജന്യ ഡയാലിസിസ് സെൻ്ററുകൾ ഒരുക്കി ശ്രദ്ധേയനായ ആളാണ് റാഡോ.

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 40 വെയര്‍ ഹൗസുകള്‍ നിര്‍മിക്കാനാണ് പദ്ധതി. കേരളത്തില്‍ 45,000 ചതുരശ്രയടി വിസ്തൃതിയില്‍ മിനി മാളും അതിനോട് ചേര്‍ന്ന് വെയര്‍ ഹൗസുകളും നിര്‍മിക്കും. മറ്റിടങ്ങളില്‍ വെയര്‍ ഹൗസുകള്‍ മാത്രമാകും നിര്‍മിക്കുക, റാഡോ പോള്‍ പറയുന്നു. ജൂണ്‍ മാസത്തോടെ ഇവയുടെ നിര്‍മാണം പൂര്‍ത്തിയാക്കും. നഗരങ്ങളിൽ എകദേശം രണ്ടേക്കറോളം സ്ഥലത്താ വും മിനി മാളുകൾ നിർമിക്കുക. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ യാത്ര ചെയ്യുന്നവർക്ക് മിനി മാളുകൾ എറെ ഉപകാരപ്രധമാകും. ഉപഭോക്താവിൻ്റെ മനസ് കണ്ടറിഞ്ഞുള്ള ഷോപ്പുകളാവും മിനി മാളുകളിൽ ഉണ്ടാവുക.

6000ത്തിലേറെ പലചരക്കു കടകള്‍ സ്റ്റോര്‍ ഇന്നില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും സേവനം എല്ലായിടത്തും ലഭ്യമാക്കാന്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം തടസ്സമാകുന്നുവെന്നാണ് റാഡോ പോള്‍ പറയുന്നത്. സ്റ്റോര്‍ ഇന്‍ നെറ്റ്വര്ക്കില് പെടുന്ന കടകള്‍ക്ക് ഉല്‍പ്പാദകരില്‍ നിന്ന് വിലക്കുറവില്‍ വാങ്ങുന്ന സാധനങ്ങള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നു. ജിഎസ്ടി ബാധകമാകാത്ത വ്യാപാര സ്ഥാപനങ്ങള്‍ക്ക് അതിനുള്ള തെളിവ് ഹാജരാക്കേണ്ടതുണ്ട്. എന്നാല്‍ ബില്ലിംഗ് സിസ്റ്റം ഇല്ലാത്ത ഇത്തരം ചെറുകിട സ്ഥാപനങ്ങള്‍ക്ക് അത് ബുദ്ധിമുട്ടാണ്. ബില്ലിംഗ് സിസ്റ്റം ഉള്‍പ്പടെ സമഗ്രമായ സേവനങ്ങള്‍ നല്കി സ്റ്റോര്‍ ഇന്‍ വ്യാപാരികള്‍ക്ക് സഹായമാകുന്നതായി റാഡോ പോള്‍ പറയുന്നു.

ഭാവിയില്‍ ഇ കൊമേഴ്സ് സൈറ്റുകളുടെ ഓഡര്‍ സ്വീകരിച്ച് ഇത്തരം നെറ്റ് വര്ക്കില്പ്പെടുന്ന കടകളിലൂടെ ഗ്രാമീണ മേഖലയില്‍ പോലും വീട്ടുപടിക്കല്‍ പലചരക്കു സാധനങ്ങളെത്തിക്കുന്നതിനുള്ള സര്‍വീസ് പ്രൊവൈഡറായി മാറാനുള്ള ശ്രമത്തിലാണ് സ്റ്റോര്‍ ഇന്‍.
മുമ്പ് രണ്ട് സംരംഭങ്ങള്‍ നടത്തിയെങ്കിലും പരാജിതനായ റാഡോ പോള്‍ പിന്നീട് തുടങ്ങിയ സ്റ്റോര്‍ ഇന്‍ വന്‍ വിജയം നേടുകയായിരുന്നു.
English summary
Offers from major shopping malls are now available at local grocery stores. Store in Kerala with Rs 2200 crore investment; Malayalee startup has achieved the highest single investment ever in Kerala