Tuesday, July 27, 2021

മൈതാനങ്ങളിൽ മാത്രമല്ല വീടിന്റെ ചുവരുകൾക്കും അകത്തളങ്ങൾക്കും വരെ ഫുട്‌ബോൾ മാമാങ്കത്തിന്റെ കഥയാണ് പറയാനുള്ളത്

Must Read

കോഴഞ്ചേരി:മൈതാനങ്ങളിൽ മാത്രമല്ല വീടിന്റെ ചുവരുകൾക്കും അകത്തളങ്ങൾക്കും വരെ ഫുട്‌ബോൾ മാമാങ്കത്തിന്റെ കഥയാണ് പറയാനുള്ളത്. യൂറോ, കോപ്പ അമേരിക്ക ഫുട്‌ബോൾ മത്സരങ്ങൾ ഫൈനലിന്റെ വല കിലുക്കുന്ന അവസാന നിമിഷങ്ങളിലേക്ക് കടക്കുന്ന ആവേശപോരാട്ടത്തിന്റെ അലയൊലികൾ കാടും കടലും കടന്ന് കേരള മണ്ണിലും തീപാറുന്ന പോരാട്ടങ്ങളിലേക്ക് കാലൂന്നിക്കഴിഞ്ഞു. കോഴഞ്ചേരിക്ക്‌ സമീപം തെക്കേമല പന്നിവേലിച്ചിറ ഗ്രാമത്തിനും ഈ ഫുട്‌ബോൾ ലഹരി വീട്ടുകാര്യം പോലെയാണ്. ഇവിടെ വീടായ വീടുകളെല്ലാം ഫുട്‌ബോൾ ലഹരിയിൽ മതിമറന്നിരിക്കുകയാണ്. അർജന്റീന, ബ്രസീൽ ടീമുകൾക്കാണ് ഇവിടെ ഭൂരിപക്ഷം വീടുകളുടെയും പിന്തുണ. ഈ ആവേശം ചേർത്തുപിടിച്ചാണ് ഓരോ വീട്ടുകാരും മത്സരത്തിന്റെ പേരിൽ കൊമ്പുകോർക്കുന്നത്. കോപ്പ അമേരിക്ക ഫുട്‌ബോളിന്റെ ഫൈനലിൽ കടന്ന മഞ്ഞപ്പടയായ ബ്രസീലും സെമിയിൽ പ്രവേശിച്ച അർജന്റീന ടീമുകളാണ് നാട്ടിലെ യുവാക്കളുടെയും ഹരം. ഇവിടെ ഉഴത്തിൽ ചിറയിൽ യേശുദാസ് സേവ്യറുടെ വീട് മുഴുവൻ അർജന്റീനയുടെയും ബ്രസീലിന്റെയും ടീമുകളെ അടയാളപ്പെടുത്തുന്ന നിറങ്ങൾ കൊണ്ട് വർണാഭമാക്കിയിരിക്കുകയാണ്. യേശുദാസ് സേവ്യർ അർജന്റീന അനുഭാവിയും മക്കളായ അബുദാബിയിലുള്ള ജോജോയും നാട്ടിലുള്ള പ്ലസ്ടു വിദ്യാർഥി ജോമോനും ബ്രസീൽ ആരാധകരുമാണ്. രണ്ട് ടീമിന്റെയും നിറങ്ങൾ വീടിന്റെ ചുവരുകളിൽ ആവേശം ആവോളം വാരിനിറച്ചിരിക്കുന്നു. വീടിന്റെ പ്രധാന വാതിലിനരികിൽ ഒരു ഫുട്‌ബോളും ജോജോ നിർമിച്ചെടുത്ത വേൾഡ് കപ്പ് മാതൃകയും ഒരുക്കിയിരിക്കുന്നത് കാണികളെ ആവേശഭരിതരാക്കുന്നു. വീടിന്റെ ഒരു പകുതി യേശുദാസ് സേവ്യറുടെ വക അർജന്റീന ടീമിനും മറുപാതി മക്കളായ ജോമോന്റെയും ജിജോയുടെയും വക ബ്രസീൽ ടീമിനുമായാണ് ചായം പൂശി ആർഭാടമാക്കിയിരിക്കുന്നത്. അർജന്റീന ടീമിന്റെ വക്താക്കളായി ജിബു ജോൺസൺ, മണിക്കുട്ടൻ, മോൻസി, സിബി എന്നിവരും ബ്രസീൽ ടീമംഗങ്ങളായി ജോമോൻ, ശ്യാം, സോമൻ, എം.എ.ജോസഫ് എന്നിവരുമാണ് നാട്ടിലെ ഗോൾപോസ്റ്റിൽ ആവേശത്തിന്റെ വല ഉലയ്ക്കുന്നത്. ശനിയാഴ്ച വൈകീട്ട് 5.30-ന് കിനാവള്ളി സ്റ്റേഡിയത്തിൽ ഇവരുടെ സൗഹൃദമത്സരമുണ്ട്. അർജന്റീന, ബ്രസീൽ എന്ന പേരിലാണ് ഇവിടെയും ’ലോകകപ്പ്’ മത്സരം നടക്കാനൊരുങ്ങുന്നത്.

Leave a Reply

Latest News

ടീമില്‍ സ്ഥാനം നിലനിര്‍ത്തണം എങ്കില്‍ സഞ്ജുവിന് ഇന്ന് മികച്ച പ്രകടനം പുറത്തെടുക്കണം;ടി20 പരമ്പരയും സ്വന്തമാക്കുക ലക്ഷ്യമിട്ട് ശ്രീലങ്കക്കെതിരെ രണ്ടാം മത്സരത്തിന് ഇന്ത്യ ഇന്ന് ഇറങ്ങും

കൊളംബോ: ടീമില്‍ സ്ഥാനം നിലനിര്‍ത്തണം എങ്കില്‍ സഞ്ജുവിന് ഇന്ന് മികച്ച പ്രകടനം പുറത്തെടുക്കണം. ആദ്യ ടി20യില്‍ മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ സഞ്ജുവിന് കഴിഞ്ഞില്ല....

More News