ന്യൂഡൽഹി: അന്തരിച്ച മഹാ ഗായിക ലതാ മങ്കേഷ്ക്കര്‍ക്ക് ആദരമര്‍പ്പിച്ച് രാജ്യസഭയും ലോക്സഭയും. നികത്താനാവാത്ത നഷ്ടമാണ് ലതാ മങ്കേഷ്ക്കറിന്റെ വേർപാടെന്ന് രാജ്യസഭ ചെയർമാൻ വെങ്കയ്യ നായിഡു അനുസ്മരിച്ചു. സംഗീതജ്ഞ മാത്രമല്ല മികച്ച പാർലമെന്റേറിയന് കൂടിയായിരുന്നു ലതാ മങ്കേഷ്ക്കറെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലത മങ്കേഷ്ക്കരിനോടുള്ള ആദര സൂചകമായി മൗനം ആചരിച്ച് പിരിഞ്ഞ സഭ ഒരു മണിക്കൂറിന് ശേഷമാണ് വീണ്ടും കൂടിയത്. ലതാ മങ്കേഷ്ക്കറിന് ആദരമർപ്പിച്ച് ലോക്സഭ ഒരു മണിക്കൂർ നേരത്തേക്ക് പിരിഞ്ഞു. ഇന്നലെ രാവിലെ 8.12 ഓടെയാണ് ലതാ മങ്കേഷ്ക്കരുടെ മരണം സ്ഥിരീകരിച്ചത്.
കൊവിഡിനെ തുടർന്ന് ജനുവരി എട്ട് മുതൽ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്നു ലതാ മങ്കേഷ്ക്കര്‍. ആറ് ദിവസം മുൻപ് രോഗമുക്തയായി ജീവിതത്തിലേക്ക് തിരിച്ച് വരുമെന്ന് സൂചന നൽകിയ ശേഷമാണ് മരണം. ആരോഗ്യനില മോശമായതിനെ തുടർന്ന് ശനിയാഴ്ച്ച വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. 2019 ൽ സമാന സാഹചര്യത്തിൽ ഒരുമാസത്തോളം ആശുപത്രിയിൽ കഴിഞ്ഞെങ്കിലും സാധാരണ ജീവിതത്തിലേക്ക് അത്ഭുതകരമായി തിരിച്ച് വന്നിരുന്നു. അങ്ങനെയൊരു അത്ഭുതം ഇത്തവണയുണ്ടായില്ല. പല അവയവങ്ങൾ ഒന്നിച്ച് പ്രവർത്തന രഹതിമായതോടെ ഡോക്ടമാരുടെ പരിശ്രമങ്ങൾ വിഫലമാവുകയായിരുന്നു. ഇന്നലെ ഉച്ചയോടെ പെഡ്ഡാർ റോഡിലെ വസതിയിൽ മൃതദേഹം ആദ്യം എത്തിച്ചു. അമിതാഭ് ബച്ചൻ അടക്കമുള്ള പ്രമുഖർ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. വൈകിട്ട് നാല് മണിയോടെ വിലാപയാത്രയായി ശിവാജി പാർക്കിലേക്കേത്തി.