നോര്‍ത്ത് സൗണ്ട്: വെസ്റ്റിന്‍ഡീസില്‍ നടക്കുന്ന അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഫൈനല്‍ ഉറപ്പാക്കി ഇംഗ്ലണ്ട്. അഫ്ഗാനിസ്ഥാനെതിരെ ഡക്ക്വര്‍ത്ത്/ലൂയിസ് നിയമപ്രകാരം 15 റണ്ണിനാണ് ഇംഗ്ലണ്ട് ജയിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 47 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത അഫ്ഗാന് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. മഴ കാരണം മത്സരം 47 ഓവറുകളാക്കിയിരുന്നു. അഫ്ഗാന് ഒന്നിന് 94 എന്ന ശക്തമായ നിലയിലായിരുന്നെങ്കിലും തുടരെ വിക്കറ്റ് വീണതു താളം തെറ്റിച്ചു. 41 റണ്‍ വഴങ്ങി നാല് വിക്കറ്റെടുത്ത ലെഗ് സ്പിന്നര്‍ രഹാന് അഹമ്മദാണ് ഇംഗ്ലണ്ടിനു ജയം ഒരുക്കിയത്. തോമസ് ആസ്പിന്‍വാല്‍ രണ്ട് വിക്കറ്റെടുത്തു. ജോഷ്വ ബോയ്ഡന്, നായകന് ടോം പ്രസ്റ്റ് എന്നിവര്‍ ഒരു വിക്കറ്റ് വീതമെടുത്തു. 60 റണ്ണെടുത്ത അല്ലാ നൂര്‍, മുഹമ്മദ് ഇസ്ഹാക് (65 പന്തില്‍ രണ്ട് സിക്സറും മൂന്ന് ഫോറുമടക്കം 43) എന്നിവരും അബ്ദുള്‍ ഹാദി(37), ബിലാല്‍ അഹമ്മദ്(33), നൂര്‍ അഹമ്മദ്(25) എന്നിവരും അഫ്ഗാനെ ജയത്തിലെത്തിക്കാന്‍ ശ്രമിച്ചു. നായകന് സുലിമാന്‍ സാഫി, ഓപ്പണര്‍ നാംഗലിയ ഖാരോതെ, ഇസ്ഹാറുള്ള നാവീദ്, ബിലാല്‍ സാമി എന്നിവര്‍ക്കു റണ്ണെടുക്കാനായില്ല. ഇംഗ്ലണ്ടിനു വേണ്ടി ജോര്‍ജ് ബെല്‍ (67 പന്തില്‍ പുറത്താകാതെ 56), അലക്സ് ഹോര്ടണ് (36 പന്തില്‍ ഒരു സിക്സറും അഞ്ച് ഫോറുമടക്കം പുറത്താകാതെ 53) എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ഓപ്പണര്‍ ജോര്‍ജ് തോമസും (69 പന്തില്‍ രണ്ട് സിക്സറും നാല് ഫോറുമടക്കം 50) അര്‍ധ സെഞ്ചുറി നേടി.