Friday, July 30, 2021

കർശന നിയന്ത്രണങ്ങളെത്തുടർന്ന് കേരളത്തിലേക്ക് വരാൻ യാത്രക്കാരില്ല;സുൽത്താൻ ബത്തേരി ഡിപ്പോയിൽനിന്ന് കർണാടകയിലെ ഗുണ്ടൽപേട്ടയിലേക്ക് തുടങ്ങിയ രണ്ടു ബസ് സർവീസുകളിൽ ഒരെണ്ണം നിർത്തി

Must Read

സുൽത്താൻബത്തേരി: അന്തർ സംസ്ഥാന യാത്രക്കാർക്കുള്ള കർശന നിയന്ത്രണങ്ങൾക്കിടെ, കെ.എസ്.ആർ.ടി.സി. സുൽത്താൻ ബത്തേരി ഡിപ്പോയിൽനിന്ന് കർണാടകയിലെ ഗുണ്ടൽപേട്ടയിലേക്ക് തുടങ്ങിയ രണ്ടു ബസ് സർവീസുകളിൽ ഒരെണ്ണം നിർത്തിവെച്ചു. കർശന നിയന്ത്രണങ്ങളെത്തുടർന്ന് കേരളത്തിലേക്ക് വരാൻ യാത്രക്കാരില്ലാത്തതിനാലാണ് ആദ്യ ട്രിപ്പിനുശേഷം ഒരു ബസ് സർവീസ് നിർത്തിവെച്ചത്. മറ്റൊരു ബസ് പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്തിയെങ്കിലും യാത്രക്കാർ തീരെ കുറവായിരുന്നു.

ലോക് ഡൗൺ ഇളവുകൾക്കുശേഷം തിങ്കളാഴ്ച രാവിലെ മുതലാണ് ബത്തേരിയിൽനിന്ന് ഗുണ്ടൽപേട്ടയിലേക്ക് രണ്ട് ബസുകൾ സർവീസ് തുടങ്ങിയത്. ഗുണ്ടൽപേട്ടയിലേക്ക് പോകുന്നവർക്ക് ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റോ അല്ലെങ്കിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്തതിന്റെ സർട്ടിഫിക്കറ്റോ മതി. എന്നാൽ, ഗുണ്ടൽപേട്ടയിൽനിന്ന് തിരിച്ച് ബത്തേരിയിലേക്ക് വരാൻ ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. ഈ രേഖകളുണ്ടെങ്കിൽ മാത്രമേ ബസിൽ യാത്രചെയ്യാൻ അനുവദിക്കുകയുള്ളൂ. അതിർത്തി ചെക്‌പോസ്റ്റുകളിൽ യാത്രക്കാരെ പരിശോധിക്കുന്നുമുണ്ട്.

വരുമാനമില്ല

ബത്തേരിയിൽനിന്ന് രാവിലെ ഏഴുമണിക്കും 9.30-നുമായിരുന്നു ഗുണ്ടൽപേട്ട സർവീസുകൾ. യാത്രക്കാരില്ലാതെ നഷ്ടത്തിലോടുന്ന സർവീസുകൾ അടുത്തദിവസങ്ങളിൽ തുടരുമോ എന്നതിനെക്കുറിച്ച് തീരുമാനമായിട്ടില്ല. നിലവിലെ നിയന്ത്രണങ്ങൾ തുടരുകയാണെങ്കിൽ ഈ ബസ് സർവീസുകളിൽ യാത്രക്കാർ കുറവായിരിക്കും.

ഇളവുവേണം

കോവിഡ് വാക്സിൻ എടുത്തവരെ കർണാടകത്തിലേക്ക് പോകാൻ അനുവദിക്കുന്നതുപോലെ കേരളത്തിലേക്കും വരാൻ അനുവദിക്കണമെന്ന ആവശ്യം ശക്തമായിത്തുടങ്ങിയിട്ടുണ്ട്. കോവിഡ് പ്രതിരോധ വാക്സിനെടുത്തവർക്ക് കേരളത്തിലേക്ക് യാത്രചെയ്യാൻ ഇളവു നൽകണമെന്നാണ് ആവശ്യമുയരുന്നത്.

തമിഴ്‌നാട്ടിലേക്ക് യാത്രചെയ്യാൻ ഇ-പാസ് മാത്രം മതി. എന്നാൽ, പോയി ഒരു മണിക്കൂർ കഴിഞ്ഞ് തിരിച്ചുവന്നാലും കേരളത്തിലേക്ക് കടക്കണമെങ്കിൽ ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. കർണാടക, തമിഴ്നാട് മാതൃകയിൽ കേരളത്തിലേക്ക് യാത്രക്കാരെ പ്രവേശിപ്പിക്കാൻ സൗകര്യമൊരുക്കണമെന്നാണ് ആവശ്യം. അതേസമയം, കെ.എസ്.ആർ.ടി.സി. കോഴിക്കോടുനിന്ന് ബെംഗളൂരുവിലേക്ക് സർവീസ് ആരംഭിച്ച രണ്ടുബസുകളിലും യാത്രക്കാരുടെ നല്ല തിരക്കുണ്ട്.

Leave a Reply

Latest News

അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം

പാലക്കാട്: അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തീ അണയ്ക്കുന്നതിനിടയില്‍ ഫാക്ടറിയിലെ ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാര്‍ക്കാട് ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും...

More News