ന്യൂജന്‍ മയക്കുമരുന്ന്‌ വില്‍പ്പന സംഘത്തിലെ നൈജീരിയക്കാരന്‍ നെടുമ്പാശ്ശേരിയില്‍ അറസ്‌റ്റില്‍

0

നെടുമ്പാശ്ശേരി: ന്യൂജന്‍ മയക്കുമരുന്ന്‌ വില്‍പ്പന സംഘത്തിലെ നൈജീരിയക്കാരന്‍ നെടുമ്പാശ്ശേരിയില്‍ അറസ്‌റ്റില്‍. നൈജീരിയന്‍ പൗരനായ റെമിജുസ്‌ (38) നെയാണ്‌ നെടുമ്പാശേരി പോലീസ്‌ പിടികൂടിയത്‌. ദിവസങ്ങള്‍ നീണ്ട ഓപ്പറേഷനൊടുവില്‍ ജില്ലാ പോലീസ്‌ മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക ടീം ബാംഗ്ലൂര്‍ മേദനഹള്ളിയിലെ ഫ്‌ലാറ്റ്‌ വളഞ്ഞാണ്‌ ഇയാളെ കസ്‌റ്റഡിയിലെടുത്തത്‌. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക്‌ എം.ഡി.എം.എ പോലുള്ള മയക്ക്‌ മരുന്ന്‌ വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ്‌ ഇയാള്‍. കഴിഞ്ഞ നവംബറില്‍ 168 ഗ്രാം എം.ഡി.എം.എ യുമായി നാല്‌ യുവാക്കളെ നെടുമ്പാശേരി കരിയാട്‌ നിന്ന്‌ പോലീസ്‌ പിടികൂടിയിരുന്നു. ബാംഗ്ലൂരില്‍ നിന്ന്‌ മയക്കുമരുന്ന്‌ കൊണ്ടുവരുന്ന വഴിയാണ്‌ സംഘത്തെ അറസ്‌റ്റ് ചെയ്‌തത്‌. ഇതിന്റെ അന്വേഷണമാണ്‌ നൈജീരിയന്‍ പൗരനിലേക്ക്‌ എത്തിയത്‌. നാലംഘ സംഘത്തിന്‌ മയക്കുമരുന്ന്‌ നല്‍കിയത്‌ ഇയാളാണ്‌. 2016 ല്‍ ആണ്‌ റെമിജുസ്‌ മെഡിക്കല്‍ വിസയില്‍ ഇന്ത്യയിലെത്തിയത്‌. എസ്‌.പി കെ. കാര്‍ത്തിക്കിന്‍റെ നേതൃത്വത്തില്‍ എസ്‌.എച്ച്‌.ഒ പി.എം ബൈജു , എസ്‌.ഐ അനീഷ്‌ കെ.ദാസ്‌, എസ്‌.സി.പി. ഒമാരായ റോണി അഗസ്‌റ്റിന്‍, അജിത്‌ കുമാര്‍, മിഥുന്‍ ആലുവ ഡി.വൈ.എസ്‌.പി പി.കെ ശിവന്‍ കുട്ടി, എസ്‌.ഐമാരായ ടി.എം,സൂഫി, അനീഷ്‌.കെ.ദാസ്‌ എന്നിവരടങ്ങുന്നുന്ന സംഘമാണ്‌ കേസ്‌ അന്വേഷിച്ചത്‌.

Leave a Reply