തൃക്കാക്കര നഗരസഭയിൽ പുതിയ വിവാദം;ഓണസമ്മാനം’ ആയി കൗൺസിലർമാർക്ക് 10,000 രൂപ

0

കാക്കനാട്: ‘ഓണസമ്മാനം’ ആയി കൗൺസിലർമാർക്ക് 10,000 രൂപ വീതം നൽകിയെന്ന ആരോപണത്തെ തുടർന്ന് തൃക്കാക്കര നഗരസഭയിൽ പുതിയ വിവാദം കത്തുന്നു. അഴിമതി നടത്തിയതിലൂടെ ഉണ്ടാക്കിയ പണത്തിൽ നിന്നുള്ള വിഹിതം തങ്ങൾക്ക് നൽകാൻ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തെ 18 കൗൺസിലർമാർ വിജിലൻസിന് പരാതി നൽകി. ഇരു പക്ഷത്തെയും നിരവധി കൗൺസിലർമാർ ലഭിച്ച പണം തിരികെ നൽകിയിട്ടുമുണ്ട്.

നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പൻ കഴിഞ്ഞദിവസം തന്റെ ചേംബറിലേക്ക് വിളിച്ചുവരുത്തിയാണ് എല്ലാവർക്കും 10,000 രൂപയടങ്ങിയ കവർ നൽകിയതെന്ന് എൽ.ഡി.എഫ്. കൗൺസിലർമാർ പറഞ്ഞു. ഓരോ വാർഡിലെയും വയോജനങ്ങൾക്കുള്ള ഓണക്കോടിക്കൊപ്പമാണ് തുക നൽകിയത്.

എന്നാൽ, ഇത് എൽ.ഡി.എഫിലെയും യു.ഡി.എഫിലെയും ചില കൗൺസിലർമാർ നിരസിച്ചിരുന്നു. എൽ.ഡി.എഫ്. കൗൺസിലർമാർ ആദ്യം തുക തിരികെ നൽകി. പിന്നാലെ നാല് കോൺഗ്രസ് കൗൺസിലർമാരും പണം മടക്കിനൽകി. വാർഡിലേക്കുള്ള ഏതെങ്കിലും നോട്ടിസാണെന്ന്‌ കരുതിയാണ് തങ്ങളിത്‌ സ്വീകരിച്ചതെന്നാണ് ഇവരുടെ വിശദീകരണം.

ഇതിനു പിന്നാലെയാണ് പ്രതിപക്ഷം വിജിലൻസിന് പരാതി നൽകിയത്. പണത്തിന്റെ ഉറവിടം കണ്ടെത്തണമെന്ന് ഇവർ ആവശ്യപ്പെട്ടു.

പണം നൽകിയിട്ടില്ല -ചെയർപേഴ്സൺ

കൗൺസിലർമാർക്കാർക്കും ഇത്തരമൊരു തുക നൽകിയിട്ടില്ലെന്നും അടിസ്ഥാനരഹിതമായ ആരോപണമാണ് പ്രചരിക്കുന്നതെന്നും നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പൻ പറഞ്ഞു. വാർഡിലെ മുതിർന്ന പൗരൻമാർക്ക് ഓണക്കോടി നൽകിയിട്ടുണ്ട്. എന്നാലിതിനൊപ്പം പണമൊന്നും ആർക്കും നൽകിയിട്ടില്ല.

Leave a Reply