നേതാജിയുടെ മരണം: വിവിധ രാജ്യങ്ങളോട്‌ വിവരം തേടിയെന്നു കേന്ദ്രസര്‍ക്കാര്‍

0

ന്യൂഡല്‍ഹി: നേതാജി സുഭാഷ്‌ ചന്ദ്ര ബോസുമായി ബന്ധപ്പെട്ട രേഖകളും ഫയലുകളും ബ്രിട്ടന്‍, അമേരിക്ക, റഷ്യ, ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങളില്‍നിന്നു ലഭ്യമാക്കാന്‍ ശ്രമം തുടരുകയാണെന്നു കേന്ദ്രസര്‍ക്കാര്‍. വിദേശകാര്യസഹമന്ത്രി വി. മുരളീധരനാണ്‌ രാജ്യസഭയില്‍ ഇക്കാര്യം അറിയിച്ചത്‌.
നേതാജിയുമായി ബന്ധപ്പെട്ട 62 ഫയലുകള്‍ വെബ്‌സൈറ്റുകളിലും ബ്രിട്ടീഷ്‌ ലൈബ്രറിയിലുമുള്‍പ്പെടെ ലഭ്യമാണെന്നു ബ്രിട്ടന്‍ അറിയിച്ചതായും മുരളീധരന്‍ പറഞ്ഞു. മറ്റ്‌ രാജ്യങ്ങളുമായും ബന്ധപ്പെട്ടു. നേതാജിയുടെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വ്യക്‌തത വരുത്തുന്നതു സംബന്ധിച്ച ചോദ്യത്തിന്‌ ഉത്തരം നല്‍കുകയായിരുന്നു മന്ത്രി.
ഇന്ത്യയുടെ ആവശ്യപ്രകാരം കൂടുതല്‍ അന്വേഷണം നടത്തിയെങ്കിലും രേഖകളൊന്നും കണ്ടെത്താനായില്ലെന്നാണു റഷ്യയുടെ മറുപടി. ചൈന ഇക്കാര്യത്തില്‍ മറുപടി നല്‍കിയിട്ടില്ല. നേതാജിയുമായി ബന്ധപ്പെട്ട രണ്ട്‌ ഫയലുകള്‍ ജപ്പാന്‍ രഹസ്യപ്പട്ടികയില്‍നിന്നു നീക്കം ചെയ്‌തിട്ടുണ്ട്‌. ഇവ പൊതുസമൂഹത്തിനു ലഭ്യമാണെന്നു മാത്രമല്ല, ഇന്ത്യയുടെ അഭ്യര്‍ഥനപ്രകാരം കൈമാറിയിട്ടുമുണ്ട്‌. ആവശ്യമെങ്കില്‍ കൂടുതല്‍ രേഖകള്‍ നിശ്‌ചിതസമയത്തിനുള്ളില്‍ രഹസ്യപ്പട്ടികയില്‍നിന്നു നീക്കാമെന്നും ജപ്പാന്‍ അറിയിച്ചിട്ടുണ്ട്‌.
30 വര്‍ഷത്തിനു മുമ്പുള്ള ചരിത്രരേഖകളൊന്നും ഡിജിറ്റലാക്കിയിട്ടില്ലെന്നാണ്‌ അമേരിക്ക അറിയിച്ചത്‌. അതുകൊണ്ടുതന്നെ അവ കണ്ടെത്താന്‍ വ്യത്യസ്‌ത ഏജന്‍സികളുടെ ഗവേഷണം േവണ്ടിവരും. ഇപ്പോള്‍ അതു സാധ്യമല്ലെന്നും അമേരിക്ക അറിയിച്ചിട്ടുണ്ട്‌.
നേതാജി 1945 ഓഗസ്‌റ്റ്‌ 18-നു തായ്‌പേയിയിലുണ്ടായ വിമാനാപകടത്തില്‍ മരിച്ചെന്നാണു രണ്ട്‌ അന്വേഷണ കമ്മിഷനുകള്‍ കണ്ടെത്തിയത്‌. മൂന്നാമതായി 1999-ല്‍ രൂപീകരിച്ച ജസ്‌റ്റിസ്‌ എം.കെ. മുഖര്‍ജി കമ്മിഷന്‍ ഇതിനോടു വിയോജിച്ചു. 1945-നുശേഷവും നേതാജി ജീവിച്ചിരുന്നെന്നാണു മുഖര്‍ജി കമ്മിഷന്റെ നിഗമനം.
ജപ്പാനിലെ ഒരു ക്ഷേത്രത്തില്‍ സൂക്ഷിച്ചിട്ടുള്ള ചിതാഭസ്‌മം നേതാജിയുടേതാണോ എന്നതായിരുന്നു മുഖര്‍ജി കമ്മിഷന്റെ പരിഗണനാവിഷയങ്ങളിലൊന്ന്‌. കമ്മിഷന്‍ റിപ്പോര്‍ട്ട്‌ നാഷണല്‍ ആര്‍ക്കൈവ്‌സ്‌ ഓഫ്‌ ഇന്ത്യയിലും വെബ്‌സൈറ്റിലും ലഭ്യമാണ്‌. പ്രവാസികള്‍ക്കു വിദേശത്തുനിന്നു വോട്ട്‌ െചയ്യാന്‍ അനുവാദം നല്‍കുന്ന കാര്യത്തില്‍ കൂടുതല്‍ മ്രന്തിതലചര്‍ച്ചകള്‍ ആവശ്യമാണെന്നും മുരളീധരന്‍ പറഞ്ഞു.

Leave a Reply