വാഷിങ്ടൺ: നാസയുടെ ചൊവ്വാദൗത്യപേടകം പെഴ്സെവറൻസ് റോവർ ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങി. ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചേ 2.25നാണ് ആറു ചക്രങ്ങളുള്ള റോവർ വിജയകരമായി ചൊവ്വ തൊട്ടത്.
ചൊവ്വയുടെ അന്തരീക്ഷത്തിൽ 12,100 മൈൽ (19,500 കിലോമീറ്റർ) വേഗതയിൽ സഞ്ചരിച്ച റോവറിനെ ഒരു പാരച്യൂട്ട് ഉപയോഗിച്ച് വേഗത മന്ദഗതിയിലാക്കി ചൊവ്വാ ഉപരിതലത്തിലിറക്കുകയായിരുന്നു.
ചൊവ്വയിലെ ജീവന്റെ തുടിപ്പ് കണ്ടെത്താനാണ് നാസയുടെ ഈ ദൗത്യം. കഴിഞ്ഞ ഏഴ് മാസത്തിനുള്ളിൽ 30 കോടി മൈൽ സഞ്ചരിച്ചാണ് പെർസെവറൻസ് ചുവന്ന ഗ്രഹത്തിലെത്തിയത്.
2020 ജൂലായ് 30-ന് ഫ്ലോറിഡയിലെ നാസയുടെ യു.എൽ.എ. അറ്റ്ലസ്-541ൽ നിന്നാണ് ദൗത്യം ആരംഭിച്ചത്. ഇൻജെന്യൂയിറ്റി എന്ന ചെറു ഹെലികോപ്റ്ററിനെയും റോവർ വഹിക്കുന്നുണ്ട്. 300 കോടി ഡോളറാണ് ആകെ ചെലവ്.
ചൊവ്വയിലിറങ്ങുന്ന അഞ്ചാമത്തെ റോവറാണ് പെഴ്സെവറൻസ്. സോജണർ, ഓപ്പർച്യൂണിറ്റി, സ്പിരിറ്റ്, ക്യൂരിയോസിറ്റി എന്നിവ നേരത്തെ വിജയകരമായി ചൊവ്വ തൊട്ടിരുന്നു.
English summary
NASA’s Mars rover Perseverance rover on the surface of Mars