നഗരമധ്യത്തിൽ തോപ്പ് പള്ളിക്കുസമീപം നാലേക്കർ ഭൂമി ഇനി സർക്കാരിനു സ്വന്തം

0

നഗരമധ്യത്തിൽ തോപ്പ് പള്ളിക്കുസമീപം നാലേക്കർ ഭൂമി ഇനി സർക്കാരിനു സ്വന്തം. ഒരു സെന്റിന് 10 ലക്ഷം രൂപ വിലവരുന്ന ‘അന്യംനിൽപ്പ് ഭൂമി’യാണ് വെള്ളിയാഴ്ച റവന്യൂ അധികൃതർ ഏറ്റെടുത്തത്

. കൊല്ലം വെസ്റ്റ് വില്ലേജ് പരിധിയിൽപ്പെട്ട് പള്ളിത്തോട്ടത്ത് ചേരിയിൽ കടപ്പുറം വീട്ടുപുരയിടത്തിൽ ബ്രിട്ടീഷ് പൗരന്മാർ ഉപേക്ഷിച്ചുപോയ 4.4 ഏക്കർ ഭൂമി ഹാരിസൺ മലയാളം പ്ലാന്റേഷൻ കൈവശംവെച്ചിരുന്നതാണ്. കളക്ടറുടെ ഉത്തരവുപ്രകാരം വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ഭൂമി ഏറ്റെടുത്തത്.

അവകാശമുള്ള ഉടമസ്ഥനാൽ ഉപേക്ഷിക്കപ്പെട്ട (അന്യംനിൽപ്പ്) ഭൂമി സർക്കാരിലേക്ക് കണ്ടുകെട്ടുകയായിരുന്നു. ഇത്തരത്തിൽ ജില്ലയിൽ ആദ്യമായി ഏറ്റെടുക്കുന്ന ‘അന്യംനിൽപ്പ് ഭൂമി’യാണിത്.

ഇതിന്റെ തണ്ടപ്പേർ ബ്രിട്ടീഷ് പൗരന്മാരുടെ പേരിലായിരുന്നു. ചുറ്റുമതിൽകെട്ടി സംരക്ഷിച്ചിരുന്നതിനാൽ കൈയേറ്റമൊന്നും ഉണ്ടായിട്ടില്ല. ഹാരിസൺ ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച തർക്കങ്ങൾ കോടതി വ്യവഹാരങ്ങളിലേക്കു നീങ്ങിയതിനാൽ നിർത്തിവെച്ചിരിക്കുകയായിരുന്നു. ഇതിനുശേഷം ആദ്യമായാണ് ഇത്തരം ഭൂമി സർക്കാർ ഏറ്റെടുക്കുന്നത്.

കൊല്ലം തഹസിൽദാർ ശശിധരൻ പിള്ള, ഭൂരേഖ തഹസിൽദാർ ശുഭൻ, ഡെപ്യൂട്ടി തഹസിൽദാർമാരായ സുരേഷ് ബാബു, ഡോണൽ ലാവോസ്, ദേവരാജൻ, കൊല്ലം വെസ്റ്റ് വില്ലേജ് ഓഫീസർ ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഭൂമി ഏറ്റെടുത്തത്. കൊല്ലം വെസ്റ്റ് വില്ലേജ് ഓഫീസറെ റിസീവറായി നിയോഗിച്ചു.

ഭൂമിയിലെ സ്ഥാവര ജംഗമ വസ്തുക്കളുടെ വിശദമായ പട്ടിക തയ്യാറാക്കി, ഗേറ്റ്‌ പൂട്ടി സീൽചെയ്തു. ഭൂമിക്ക് 40 കോടിയാണ് റവന്യൂ അധികൃതർ വില കണക്കാക്കുന്നത്. ജില്ലാ ഗവൺമെന്റ് പ്ലീഡർ സേതുനാഥിന്റെ നിയമോപദേശം തേടിയശേഷമായിരുന്നു കളക്ടറുടെ നടപടി.

ഹാരിസൺ ഭൂമിയിൽ ജയിൽ വരുമോ

:നഗരമധ്യത്തിലെ നാലേക്കർ ഭൂമി സർക്കാരിനു സ്വന്തമായതോടെ ഇവിടെ സർക്കാർ സ്ഥാപനങ്ങൾ തുടങ്ങാൻ സാധ്യതയുണ്ട്. ജയിൽവകുപ്പ് നഗരത്തിൽ നാലേക്കർ ഭൂമി കണ്ടെത്തിനൽകണമെന്ന് നേരത്തേ ആവശ്യപ്പെട്ടിരുന്നതാണ്. ഇതിന് അംഗീകാരം ലഭിച്ചാൽ ഹാരിസൺ ഭൂമിയിൽ ജില്ലാ ജയിൽ നിർമിക്കാൻ സാധ്യതയുണ്ട്. അങ്ങനെയായാൽ ജില്ലാ ജയിൽ നിൽക്കുന്ന സ്ഥലത്ത് കളക്ടറേറ്റ് അനക്സ് കെട്ടിടം നിർമിക്കാമെന്നും റവന്യൂ അധികൃതർ പറയുന്നു.

Leave a Reply