മൈസൂര്‍ സ്വദേശി വൈദ്യന്‍ ഷാബാ ഷെരീഫിന്റെ കൊലപാതകക്കേസില്‍ എസ്‌.ഡി.പി.ഐ. പ്രവര്‍ത്തകന്‍ പിടിയില്‍

0

മൈസൂര്‍ സ്വദേശി വൈദ്യന്‍ ഷാബാ ഷെരീഫിന്റെ കൊലപാതകക്കേസില്‍ എസ്‌.ഡി.പി.ഐ. പ്രവര്‍ത്തകന്‍ പിടിയില്‍. ചന്തക്കുന്നിലെ ബേക്കറി ഉടമയുമായ നിലമ്പൂര്‍ ചന്തക്കുന്ന്‌ വൃന്ദാവനത്തിലെ കൈപ്പഞ്ചേരി സുനിലിനെ(40)ആണ്‌ നിലമ്പൂര്‍ സി.ഐ വിഷ്‌ണു അറസ്‌റ്റ്‌ ചെയ്‌തത്‌. ഒളിവില്‍ പോയ പ്രതികള്‍ക്ക്‌ സാമ്പത്തിക സഹായം നല്‍കിയതിനാണ്‌ മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന്റെ ബന്ധുകൂടിയായ ഇയാള്‍ പിടിയിലായത്‌. ഇതോടെ ഈ കേസില്‍ പിടിയിലായവരുടെ എണ്ണം അഞ്ചായി.
ഒളിവില്‍ പോയ അജ്‌മല്‍, ഫാസില്‍, ഷമീം, ഷഫീക്ക്‌, ഷെബീബ്‌ എന്നീ കൂട്ടുപ്രതികള്‍ക്ക്‌ സാമ്പത്തികസഹായം ചെയ്‌തുകൊടുത്തത്‌ സുനിലാണെന്ന്‌ പോലിസ്‌ പറഞ്ഞു. മേയ്‌ 11ന്‌ ഷൈബിനെ മുക്കട്ടയിലെ വീട്ടില്‍നിന്ന്‌ അറസ്‌റ്റ്‌ ചെയ്‌തുവെന്നറിഞ്ഞാണ്‌ ഇവര്‍ ഒളിവില്‍ പോയത്‌. കോയമ്പത്തൂരിലെത്തിയ ഇവര്‍ പല മൊബൈല്‍ നമ്പറുകളില്‍ നിന്നായി സുനിലുമായി ബന്ധപ്പെട്ടു. തുടര്‍ന്ന്‌ സുഹൃത്തിനൊപ്പം സ്വിഫ്‌റ്റ്‌ കാറില്‍ കോയമ്പത്തൂരില്‍ എത്തിയ സുനില്‍ എ.ടി.എമ്മില്‍നിന്ന്‌ അരലക്ഷം രൂപയെടുത്ത്‌ പ്രതികളിലൊരാളായ അജ്‌മലിന്‌ നല്‍കി.
പിന്നീട്‌ മറ്റൊരു പ്രതിയായ ഫാസിലും പണം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന്‌ഫാസില്‍ പറഞ്ഞ തനൂജ എന്നയാളുടെ അക്കൗണ്ടിലേക്ക്‌ 50000 രൂപ ഇട്ടുകൊടുത്തു. പ്രതികള്‍ ഡിണ്ടിഗലില്‍ വച്ച്‌ എ.ടി.എമ്മില്‍ നിന്നും മറ്റൊരാളെ ഉപയോഗിച്ച്‌ ഈ പണം പിന്‍വലിച്ചു.
തുടര്‍ന്ന്‌ ഫോണുകള്‍ സ്വിച്ച്‌ ഓഫ്‌ ചെയ്‌ത്‌ രക്ഷപ്പെടുകയായിരുന്നു. ഒളിവില്‍ പോയ പ്രതികള്‍ക്ക്‌ സഹായം ചെയ്‌ത്‌ കൊടുത്ത മറ്റുള്ളവര്‍ക്കെതിരേയും ശക്‌തമായ നടപടിയെടുക്കുമെന്നു പോലീസ്‌ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here