Wednesday, June 16, 2021

പൊറോട്ടയടിക്കാൻ പഠിപ്പിച്ചത് അമ്മയാണ്. ആദ്യം ചെറിയ ബോളുകൾ ഉരുട്ടാൻ പഠിപ്പിച്ചു, പിന്നെ പതിയെ വീശാനും ചുട്ടെടുക്കാനും… സോഷ്യൽ മീഡിയയിൽ താരമായ അനശ്വരയുടെ കഥ ഇങ്ങനെ

Must Read

ബെൽസി ജോസ്

പൊറോട്ട വക്കീലാണ് സോഷ്യൽ മീഡിയയിലെ പുതിയ താരം. തൊടുപുഴ അൽ അസർ കോളേജിൽ എൽഎൽബി അവസാന വർഷ വിദ്യാർഥിനിയാണ് അനശ്വര.
സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്ന അനശ്വര എന്ന നിയമവിദ്യാർഥിനിയുടെ ജീവിത പോരാട്ടത്തിന് ലക്ഷക്കണക്കിന് ആളുകളാണ് സ്നേഹം വാരിക്കോരി നൽകുന്നത്. കണ്ടുപഠിക്കണം ഈ മിടുക്കിയെ എന്നാണ് കാഴ്ചക്കാർ ഒന്നടങ്കം പറയുന്നത്.

ചെറുപ്രായം മുതലേ സ്വന്തമായി അധ്വാനിച്ച് സ്വപ്‌നങ്ങൾ വെട്ടിപ്പിടിക്കാൻ ശ്രമിക്കുന്ന ഒരു മകളുടെയും, അവളുടെ അമ്മയുടെയും വീഡിയോയായിരുന്നു വൈറലായത്. അവർ സ്വന്തമായി ‘ആര്യ’ എന്ന പേരിൽ ഒരു ഹോട്ടൽ നടത്തുകയാണ്. അത്രമാത്രം പറഞ്ഞാൽ പോരാ, അവിടെ ഏറ്റവും ഡിമാന്റുള്ള ഭക്ഷണം പൊറാട്ടയാണ്. പൊറാട്ട അടിക്കുന്നത് അത്ര എളുപ്പമുള്ള ജോലിയല്ല. സാധാരണ പൊറോട്ടയടിക്കുന്ന സ്ത്രീകള്‍ വളരെ കുറവാണ്. എന്നാൽ, ഈ അമ്മയും മകളും അനായാസമായി പൊറോട്ടയടിക്കുന്നത് ഇവിടെയെത്തുന്നവർക്ക് കൗതുകം നിറ‍ഞ്ഞ കാഴ്ചയാണ്

പൊറോട്ടയടിക്കാൻ പഠിപ്പിച്ചത് അമ്മയാണ്. ആദ്യം ചെറിയ ബോളുകൾ ഉരുട്ടാൻ പഠിപ്പിച്ചു, പിന്നെ പതിയെ വീശാനും ചുട്ടെടുക്കാനും… സോഷ്യൽ മീഡിയയിൽ താരമായ അനശ്വരയുടെ കഥ ഇങ്ങനെ 1

കുടുംബ വീടിനോടു ചേർന്ന് ഹോട്ടൽ നടത്തുന്ന അമ്മയെ സഹായിക്കാൻ അനശ്വര വർഷങ്ങളായി ചെയ്യുന്ന ജോലിയാണിത്.

മകൾ വക്കീലാകുന്നതും പൊറോട്ട അടിക്കുന്നതും ഒക്കെ സന്തോഷമാണ് അമ്മയ്ക്ക്. ഇതിന്റെ എല്ലാം മാസ്റ്റർ അമ്മയും അമ്മയുടെ ചേച്ചിയുമാണെന്ന് അനശ്വര പറഞ്ഞു. പൊറോട്ടയടിക്കാൻ പഠിപ്പിച്ചത് അമ്മയാണ്. ആദ്യം ചെറിയ ബോളുകൾ ഉരുട്ടാൻ പഠിപ്പിച്ചു, പിന്നെ പതിയെ വീശാനും ചുട്ടെടുക്കാനും. രണ്ട് അനിയത്തിമാരുണ്ട്– മാളവികയും അനാമികയും. പ്ലസ് വണ്ണിലും ആറാംക്ലാസിലും പഠിക്കുന്നു. അനശ്വര പഠിക്കാൻ പോകുമ്പോൾ അവരാണ് അമ്മയെ സഹായിക്കുന്നത്.

പഠനം പൂർത്തിയാക്കാൻ ഇനി കുറച്ച് മാസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. പക്ഷെ പഠിച്ച് വക്കീൽ ആയാലും പൊറോട്ടയടി വിടില്ലെന്നാണ് അനശ്വര പറയുന്നത്. അമ്മ ചെയ്യുന്ന പണി ഏറ്റെടുക്കും. വക്കീൽ പഠനവും ഹോട്ടലിലെ ജോലിയുമെല്ലാം ഒരുമിച്ച് കൊണ്ടുപോവുന്നതിൽ അമ്മയ്ക്കും കുടുംബത്തിനും സന്തോഷം മാത്രമേ ഉള്ളൂ.

ആദ്യമൊക്കെ കൂട്ടുകാർ തമാശയ്ക്ക് പൊറോട്ട എന്നു വിളിക്കാറുണ്ടായിരുന്നു. എന്നാൽ തമാശയാണെങ്കിലും ഒരിക്കൽ പോലും ഈ വിളി അപമാനമായി തോന്നിയില്ല. പകരം ജീവിതം നൽകുന്ന തൊഴിലിനെക്കുറിച്ച് അഭിമാനം മാത്രമേ ഉള്ളൂ. ഇപ്പോൾ കൂട്ടുകാരെല്ലാവരും എല്ലാ പിന്തുണയുമായി കൂടെത്തന്നെയുണ്ട്. സോഷ്യൽ മീഡിയയുടെ വാർത്ത പുറത്തുവന്നതോടെ എല്ലാവരും എന്റെ കഥയറിഞ്ഞു. എല്ലാവരും വിളിച്ച് സ്നേഹവും പിന്തുണയും അറിയിക്കുന്നുണ്ട്.

എരുമേലി കാഞ്ഞിരപ്പള്ളി റോഡിലെ കുറുവാമൊഴിയാണ് അനശ്വരയുടെ സ്ഥലം. ഒരു കുഞ്ഞുവീടും അതിനോട് ചേർന്ന ചെറിയ ഹോട്ടലും. അമ്മ സുബിയെ സഹായിക്കാനായാണ് അനശ്വര ഹോട്ടലിൽ പൊറോട്ടയടിക്കാൻ തുടങ്ങിയത്. പിന്നെ അത് പതിവായി. ആദ്യമൊക്കെ അൽപം ബുദ്ധിമുട്ട് തോന്നിയിരുന്നെങ്കിലും ഇപ്പാൾ ആരെയും വെല്ലുന്ന കൈവഴക്കത്തോടെ അനശ്വര ഈ പണി ചെയ്യും. അമ്മയും അമ്മയുടെ സഹോദരിയും എല്ലാ സഹായത്തിനും കൂടെയുണ്ട്. അനശ്വരയ്ക്കൊപ്പം സഹോദരിമാരായ മാളവികയും അനാമികയും പൊറോട്ടയടിക്കാനായി രംഗത്തുണ്ട്. അനശ്വരയെപ്പോലെ തന്നെ മിടുമിടുക്കികളാണ് ആറിലും പ്ലസ് വണ്ണിലും പഠിക്കുന്ന സഹോദരിമാരും.

അനശ്വരയുടെ അമ്മമ്മയാണ് ആര്യ ഹോട്ടൽ തുടങ്ങിയത്. പിന്നീട് അനശ്വരയുടെ അമ്മ സുബിയും സഹോദരിയും ഹോട്ടലിന്റെ മേൽനോട്ടം ഏറ്റെടുത്തു. ഇപ്പോൾ അവർക്ക് പുറമേ അനശ്വരയും സഹോദരിമാരും അമ്മയുടെ സഹോദരിയുടെ മകനും ആര്യയിൽ സജീവമായി രംഗത്തുണ്ട്. അനശ്വരയ്ക്കും കുടുംബത്തിനും സ്വന്തമായി വീടില്ല.

Leave a Reply

Latest News

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിന് വിധേനയാക്കിയെന്ന കേസില്‍ ആള്‍ദൈവം ശിവശങ്കര്‍ ബാബ അറസ്റ്റില്‍

ചെന്നൈ : സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിന് വിധേനയാക്കിയെന്ന കേസില്‍ ആള്‍ദൈവം ശിവശങ്കര്‍ ബാബ അറസ്റ്റില്‍. ഡല്‍ഹിയില്‍ നിന്നാണ് ബാബയെ തമിഴ്‌നാട് സിബിസിഐഡി അറസ്റ്റ് ചെയ്തത്....

More News