‘ചെത്തുകാരന്‍ കോരന് സ്ത്രീധനം കിട്ടിയതല്ല കേരളം’; പിണറായിക്കെതിരെ മുദ്രാവാക്യവുമായി മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍

0

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ മുദ്രാവാക്യവുമായി മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍. വഖഫ് നിയമനങ്ങള്‍ പി എസ് സിക്ക് വിട്ടതില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് നടത്തിയ വഖഫ് സംരക്ഷണ റാലിയിലായിരുന്നു ലീഗ് പ്രവര്‍ത്തകരുടെ അധിക്ഷേപകരമായ മുദ്രാവാക്യം. ”ചെത്തുകാരന്‍ കോരന് സ്ത്രീധനം കിട്ടിയതല്ലീ കേരളം, ഓര്‍ത്തുകളിച്ചോ സൂക്ഷിച്ചു, സമുദായത്തിന് നേരെ വന്നാല്‍ കത്തിക്കും”-എന്നിങ്ങനെയായിരുന്നു മുദ്രാവാക്യം.

മുന്‍മന്ത്രി കെടി ജലീലിനെതിരെയും മുദ്രാവാക്യമുയര്‍ന്നു. ലീഗിന്റെ പ്രതിഷേധ പരിപാടിയില്‍ മന്ത്രി മുഹമ്മദ് റിയാസിനെതിരെ ലീഗ് നേതാവ് അബ്ദുറഹിമാന്‍ കല്ലായി അധിക്ഷേപകരമായ പരാമര്‍ശം ഉന്നയിച്ചിരുന്നു. മുസ്ലിം ലീഗില്‍ നിന്ന് സിപിഎമ്മിലേക്ക് പോകുന്നവര്‍ മതം വിട്ടാണ് പോകുന്നതെന്ന കെഎം ഷാജിയുടെ പരാമര്‍ശവും വിമര്‍ശന വിധേയമായി. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സിക്ക് വിട്ട സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗ് പ്രതിഷേധയോഗം നടത്തിയത്. കഴിഞ്ഞ മാസം ഒമ്പതിനാണ് വഖഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിടാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ലീഗിന്റെ നേതൃത്വത്തില്‍ മതസംഘടനകള്‍ യോഗം ചേര്‍ന്നു. പള്ളികളില്‍ പ്രതിഷേധിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സമസ്ത പിന്‍മാറിയത് ലീഗിന് ആഘാതമായിരുന്നു

Leave a Reply