പോളി വടക്കൻ
കൊച്ചി: കാക്കനാട്ടിലെ ബ്യൂട്ടിപാര്‍ലറിലെ മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് വിജയ് ശ്രീധറുടെ കൊലപാതകത്തിലെ പ്രതി ചണ്ഡിരുദ്രയെ കേരള പൊലീസ് വലയിലാക്കിയത് അതിസാഹസികമായി. കൊല്ലപ്പെട്ട വിജയും പ്രതി ചണ്ഡിരുദ്രയും സെക്കന്തരാബാദുകാരാണ്. കൊലപാതകം നടന്നതിന്റെ പിറ്റേദിവസം തന്നെ ചണ്ഡിരുദ്ര സ്വദേശമായ സെക്കന്തരാബാദ് സുഭാഷ് നഗറിലെ വൃന്ദാവന്‍ കോളനിയിലെത്തിയിരുന്നു. കോളനിയിലെത്തി മലയാളം ടിവി ചാനല്‍ നോക്കിയാണ് പ്രതി വിജയ് മരിച്ചെന്ന് ഉറപ്പാക്കിയത്.
ശനിയാഴ്ച രാത്രിയാണ് കാക്കനാട് ഇടച്ചിറയിലെ മസ്ക്കി ബ്യൂട്ടി പാര്‍ലറില്‍ മനേജരായിരുന്ന വിജയ് ശ്രീധരന് കുത്തേറ്റ് മരിച്ചത്. ഇവിടെ ടാറ്റൂ ആര്‍ട്ടിസ്റ്റായിരുന്ന ചണ്ഡി രുദ്ര ( വെങ്കിടേഷ് 28) വാക്കുതര്‍ക്കത്തിനിടെ വിജയിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മദ്യവും മയക്കു മരുന്നും ഉപയോഗിച്ച ശേഷം, തൊഴില്‍ സംബന്ധമായ കാര്യങ്ങളെ ചൊല്ലിയുണ്ടായ വാക്കു തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
പ്രശ്നസാധ്യതയുള്ള കോളനിയായതിനാല്‍ നടപടിക്ക് പിന്തുണ നല്കാന് തെലങ്കാന പൊലീസ് വിസമ്മതിച്ചു. തുടര്‍ന്ന് പ്രദേശത്തെ മലയാളി അസോസിയേഷന് പ്രവര്‍ത്തകരുടെ സഹകരണത്തോടെയായിരുന്നു പൊലീസ് നീക്കം നടത്തിയത്. ചേരി പ്രദേശമായ സുഭാഷ് നഗറില്‍ പ്രതിയുണ്ടെന്ന് വ്യക്തമായിട്ടും കണ്ടെത്തി കീഴ്പ്പെടുത്താന്‍ പൊലീസിന് എട്ടുമണിക്കൂര്‍ വേണ്ടി വന്നു. കൊലപാതകത്തിന് പിന്നാലെ പ്രതി മൊബൈല്‍ സിം കളഞ്ഞെങ്കിലും, മൊബൈല്‍ ഫോണ്‍ മാറ്റാതിരുന്നത് പൊലീസിന് സഹായമായി. സൈബര്‍ പൊലീസിന്റെ സഹായത്തോടെ മൊബൈല്‍ സദാ നിരീക്ഷണത്തിലാക്കി.
പൊലീസാണെന്ന് സംശയം തോന്നാതിരിക്കാന്‍ മലയാളി അസോസിയേഷന് പ്രവര്‍ത്തകരുടെ തെലങ്കാന രജിസ്ട്രേഷനുള്ള കാറില്‍ ലുങ്കിയും ഷര്‍ട്ടും ധരിച്ചായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ സഞ്ചാരം. ചൊവ്വാഴ്ച രാത്രി ഉറക്കമൊഴിച്ചു നടത്തിയ നിരീക്ഷണത്തിനൊടുവില്‍ ബുധനാഴ്ച ഉച്ചയോടെ ചണ്ഡിരുദ്രയെ കീഴ്പ്പെടുത്തുകയായിരുന്നു. പ്രതിയെ കൊച്ചി ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനിലെത്തിച്ചു. കുത്താനുപയോഗിച്ച കത്തി കണ്ടെത്താനായിട്ടില്ല. രക്ഷപ്പെടും വഴി ആയുധം ഉപേക്ഷിച്ചെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.
ഇടച്ചിറയിലെ ബ്യൂട്ടിപാര്‍ലറില്‍ മൂന്നാഴ്ച മുമ്പാണ് കൊല്ലപ്പെട്ട വിജയ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് കം മാനേജറായി ജോലിയില്‍ പ്രവേശിച്ചത്. ഈ ബ്യൂട്ടി പാര്‍ലറില്‍ ടാറ്റൂ ആര്‍ട്ടിസ്റ്റായി ജോലിക്ക് ചേരാനായി കൊലപാതകത്തിന് രണ്ടുദിവസം മുമ്പാണ് കൊച്ചിയില്‍ എത്തിയതെന്ന് ചണ്ഡിരുദ്ര വെളിപ്പെടുത്തിയതായി പൊലീസ് പറയുന്നു. വിജയിനോട് മുന്‍വൈരാഗ്യം ഇല്ലെന്നാണ് പ്രതി പറയുന്നത്. എന്നാല്‍ ഒരേ നാട്ടുകാരായ ഇരുവരുടെയും ബന്ധവും ഇടപാടുകളും പൊലീസ് പരിശോധിച്ചുവരികയാണ്.