കൊച്ചി: മദ്യപാനത്തിനിടെയുള്ള വാക്കുതർക്കത്തെ തുടർന്ന് ബ്യൂട്ടി പാർലർ മാനേജരെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ബോഡ വെങ്കിടേഷ് (ചണ്ടി രുദ്ര) പിടിയിൽ. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ യാപ്രാൾ ഐ.ടി.ഐ. എംപ്ലോയീസ് കോളനി സ്വദേശിയായ പി.വി. ശ്രീധരന്റെ മകൻ വിജയ് ശ്രീധരൻ (28) ആണ് കൊല്ലപ്പെട്ടത്. കാക്കനാടിനടുത്ത് തെങ്ങോട് വായനശാല ജങ്ഷന് സമീപമായിരുന്നു.
വിജയ് യുടെ സഹപ്രവർത്തകനായിരുന്ന സെക്കന്തരാബാദ് സ്വദേശി ചണ്ടി രുദ്ര ആണ് ഇയാളെ കൊലപ്പെടുത്തിയതെന്ന് പോലീസിന് നേരത്തേ വിവരം ലഭിച്ചിരുന്നു.വയറിന്റെ ഇടതുഭാഗത്ത് ആഴത്തിൽ മൂർച്ചയേറിയ ആയുധമുപയോഗിച്ച് മുറിവേൽപ്പിച്ചതാണ് മരണ കാരണം.
ഇൻഫോപാർക്കിനടുത്ത് ഇടച്ചിറയിലെ ബ്യൂട്ടി പാർലറിലെ ജീവനക്കാരായിരുന്ന ഇരുവരും താമസിച്ചിരുന്നത് വായനശാല ജങ്ഷന് സമീപം ബ്യൂട്ടി പാർലർ ഉടമ തൊഴിലാളികൾക്കായി വാടകയ്ക്ക് എടുത്ത ഇരുനില വീട്ടിലായിരുന്നു. രണ്ടാഴ്ച മുമ്പാണ് ഒരു സ്ത്രീയടക്കം അഞ്ചുപേർ ഇവിടെ താമസമാക്കിയത്. വിജയും ചണ്ടിയും താഴത്തെ നിലയിലെ മുറിയിൽ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി ഇരുവരും മദ്യപിച്ചശേഷമാണ് ഉറങ്ങാനായി മുറിയിലേക്ക് പോയത്. പിന്നീട് ഇവരുടെ മുറിയിൽ വാക്കേറ്റം നടന്നതായും ഇതേ തുടർന്നുണ്ടായ വൈരാഗ്യമാകാം കൊലപ്പെടുത്താൻ കാരണമായതെന്നുമാണ് കണ്ടെത്തൽ.