ചെന്നൈ: നാടന്‍ പാട്ട് കലാകാരിയും സിനിമാ നടിയുമായ പറവൈ മുനിയമ്മ അന്തരിച്ചു. മധുരയ്ക്കടുത്ത പറവൈയിലെ വീട്ടിലായിരുന്നു അന്ത്യം. 83 വയസുള്ള മുനിയമമയ്ക്ക് വാര്‍ധക്യസഹജമായ ഒട്ടേറെ അസുഖങ്ങളുണ്ടായിരുന്നു. സിനിമാ താരങ്ങള്‍ തന്നെയായിരുന്നു അവരുടെ ചെലവുകള്‍ നോക്കിയിരുന്നത്.
നാടന്‍ പാട്ടിലൂടെ മധുരയില്‍ ശ്രദ്ധിക്കപ്പെട്ട മുനിയമ്മ 2003ല്‍ ധൂള്‍ എന്ന സിനിമയിലൂടെയാണ് ദക്ഷിണേന്ത്യയില്‍ അറിയപ്പെട്ടത്. ചലച്ചിത്ര പിന്നണി ഗാനരംഗത്തും അവര്‍ മികച്ച സാന്നിധ്യമായിരുന്നു. മമ്മൂട്ടി നായകനായ പോക്കിരിരാജയിലും അവര്‍ വേഷമിട്ടിട്ടുണ്ട്. 2012ല്‍ തമിഴ്നാട് സര്‍ക്കാര്‍ കലൈമാമണി പുരസ്കാരം നല്കി ആദരിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറച്ചുനാളുകളായി വൃക്ക രോഗം ബാധിച്ചിരുന്നു. അവര്‍ ധൂളില്‍ പാടി അഭിനയിച്ച സിങ്കം പോലെ ഇപ്പോഴും തമിഴര്‍ക്ക് ആവേശം നല്കുന്ന ഗാനമാണ്. മമ്മൂട്ടി, വിജയ്, അജിത്ത്, ധനുഷ്, സിമ്പു, ശിവകാര്ത്തികേയന് എന്നിവര്‍ക്കെല്ലാം അവര്‍ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ അവരുടെ ആരോഗ്യനില മോശമായി എന്ന വാര്‍ത്തകള്‍ വന്നിരുന്നു.
മധുരൈ ആണ് മുനിയമ്മയുടെ സ്വദേശം. മുത്തശ്ശിമാരുടെ റോളിലാണ് അവര്‍ സിനിമകളില്‍ നിറഞ്ഞത്. കോവില്‍ (2004), ദേവതയെ കണ്ടേന് (2005), സുയെച്ചായ് എംഎല്‍എ (2006), സണ്ടയ്(2008), തമിഴ് പടം(2010), ഭവാനി ഐപിഎസ് (2011) എന്നീ ചിത്രങ്ങളിലും അവര്‍ വേഷമിട്ടിരുന്നു. 2017ല്‍ പുറത്തിറങ്ങിയ സത്തുറ ആദിയിലാണ് അവസാനം അഭിനയിച്ചത്.
