തൃശൂർ: കേരള കാർഷിക സർവകലാശാലയിൽ അധ്യാപന-ഗവേഷണ-വിജ്ഞാന വ്യാപന പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടവരെ ഭരണ വിഭാഗത്തിൽ നിയമിക്കാൻ നീക്കം.രജിസ്ട്രാറുടെ ഓഫിസിെൻറ ജോലിഭാരം കാരണം പറഞ്ഞാണ് ഈ നീക്കം. ഇത് സംബന്ധിച്ച രജിസ്ട്രാറുടെ ശിപാർശ വൈസ് ചാൻസലർ അംഗീകരിച്ചു. അധ്യാപകരിൽ ചിലർ ഇതിന് അനുകൂലമാണെങ്കിലും വലിയൊരു വിഭാഗം കടുത്ത എതിർപ്പിലാണ്.
രജിസ്ട്രാറുടെ ഓഫിസ് ഫയൽ പ്രവാഹത്തിൽ അമരുകയാണെന്നും ഓരോന്നും പ്രത്യേകം ശ്രദ്ധ കൊടുക്കേണ്ട വിഷയങ്ങളാണെന്നും രജിസ്ട്രാർ വി.സിക്ക് നൽകിയ ശിപാർശയിൽ പറയുന്നു. മറ്റു പല സംസ്ഥാനങ്ങളിലെ കാർഷിക സർവകലാശാലകളിലും ഡയറക്ടറേറ്റുകളിലും രജിസ്ട്രാറുടെ ഓഫിസിന് അസിസ്റ്റൻറ്/ഡെപ്യൂട്ടി രജിസ്ട്രാർ എന്ന പേരിൽ രണ്ടോ മൂന്നോ ഫാക്കൽറ്റികളുടെ സാങ്കേതിക സഹായം നൽകുന്നുണ്ട്.
വി.സിമാരുടെ ഓഫിസിലും ഡയറക്ടറേറ്റുകളിലും ഇവരെ ടെക്നിക്കൽ ഓഫിസർ എന്നാണ് പറയുന്നത്. കേരള കാർഷിക സർവകലാശാലയുടെ ആരംഭത്തിലും രണ്ട്-മൂന്ന് പതിറ്റാണ്ട് ഈ രീതി ഉണ്ടായിരുന്നുവെന്നും കെ.എ.യു സ്റ്റാറ്റ്യൂട്ടിൽ അസിസ്റ്റൻറ് പ്രഫസർ തസ്തികയിലുള്ള അധ്യാപകരെ അസിസ്റ്റൻറ് രജിസ്ട്രാർമാരായി നിയമിക്കാൻ വ്യവസ്ഥയുണ്ടെന്നുമാണ് രജിസ്ട്രാറുടെ വാദം.
ഇത്തരത്തിൽ മാറ്റം വഴി അധ്യാപകരെ ലഭ്യമാവുന്നില്ലെങ്കിൽ കാർഷിക കോഴ്സുകളിൽ ബിരുദാനന്തര ബിരുദവും അഞ്ച് വർഷത്തെ അധ്യാപന പരിചയവുമുള്ളവരെ നേരിട്ട് നിയമിക്കാനും സ്റ്റാറ്റ്യൂട്ട് അനുവദിക്കുന്നുണ്ടെന്നും രജിസ്ട്രാറുടെ കുറിപ്പിൽ പറയുന്നു. ഈ സാഹചര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകണമെന്നും ആദ്യ പടിയായി രജിസ്ട്രാറുടെ ഓഫിസിലേക്ക് ഡെപ്യൂട്ടേഷനിലൂടെയോ നിയമനം വഴിയോ ഒരു ടെക്നിക്കൽ ഓഫിസറെയെങ്കിലും നിയമിക്കണമെന്നുമാണ് രജിസ്ട്രാറുടെ ആവശ്യം.
എന്നാൽ, ടെക്നിക്കൽ ഓഫിസർ എന്നൊരു തസ്തിക കാർഷിക സർവകലാശാലയിൽ ഇല്ലെന്ന് സർവകലാശാലയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. കേരള കാർഷിക സർവകലാശാല സ്ഥാപിച്ചത് നിയമസഭ പാസാക്കിയ നിയമപ്രകാരമാണ്. സർവകലാശാലയിൽ നിലവിലുള്ള എല്ലാ തസ്തികകളും നിയമപ്രകാരം സൃഷ്ടിച്ചതാണ്. തസ്തിക സൃഷ്ടിച്ചാലേ നിയമനം നടത്താനാവൂ.
സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും എല്ലാ തസ്തികകളും ഏകീകരിച്ചിട്ടുമുണ്ട്. അസിസ്റ്റൻറ് രജിസ്ട്രാർ, ഡെപ്യൂട്ടി രജിസ്ട്രാർ തസ്തികകൾ ഒരു ഉത്തരവിലൂടെ അനധ്യാപക തസ്തികകളാക്കി സർക്കാർ തീരുമാനിച്ചതാണ്. മാത്രമല്ല, എല്ലാ ഡയറക്ടറേറ്റിലും ഇത്തരം സാങ്കേതിക ജോലികളുടെ നിർവഹണത്തിന് അഡീഷണൽ ഡയറക്ടർമാരുണ്ട്.അധ്യാപനത്തിന് നിശ്ചിത യോഗ്യതകൾ അനുസരിച്ച് നിയമിക്കപ്പെടുകയും യു.ജി.സി സ്കെയിൽ പ്രകാരം ശമ്പളം വാങ്ങുകയും ചെയ്യുന്നവരെ അനധ്യാപക തസ്തികയിൽ നിയമിക്കുന്നത് സർക്കാർ നയത്തിനും തീരുമാനത്തിനും വിരുദ്ധമാണെന്നും സർവകലാശാല വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
അധ്യാപന-ഗവേഷണ പ്രവർത്തനങ്ങളിൽനിന്ന് പിന്മാറി ഭരണ കാര്യങ്ങളിൽ ഇടപെടാൻ ചെറിയ വിഭാഗം അധ്യാപകർ നടത്തുന്ന നീക്കത്തിെൻറ ഭാഗമാണ് പുതിയ നടപടിയെന്നും വിമർശനമുണ്ട്.
English summary
Move to appoint persons in the administrative department to engage in teaching, research and extension activities in Kerala Agricultural University