എട്ടുവയസ്സുകാരൻ പുക വലിക്കുന്നത് കയ്യോടെ പിടികൂടി അമ്മ; രക്ഷപെടാൻ കുട്ടി പറഞ്ഞത് പതിനെട്ടുകാരൻ ബാത്‌റൂമിൽ വെച്ച് പീഡനത്തിനിരയാക്കിയ കഥ; സംഭവത്തിൽ കോടതിയുടെ നിർണ്ണായക വിധി ഇങ്ങനെ..

0

മുംബൈ: പതിനെട്ടുകാരനെതിരായ പോക്‌സോ കേസിൽ നിർണായക വിധിയുമായി കോടതി. എട്ടുവയസുകാരനായ കുട്ടിയെ പതിനെട്ടുകാരനായ യുവാവ് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിലാണ് കോടതി നിർണ്ണായക വിധി പുറപ്പെടുവിച്ചത്. പീഡനത്തിന് വിധേയനാക്കി എന്ന എട്ടുവയസ്സുകാരന്റെ മൊഴി ശരിയാണെന്ന് ബോധ്യപ്പെടുത്താൻ ആവശ്യമായ തെളിവുകൾ ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസിൽ പതിനെട്ടുകാരനെ മുംബൈ പ്രത്യേക കോടതി വെറുതെ വിട്ടു.

2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. എട്ടുവയസ്സുകാരൻ പുകവലിക്കുന്നത് അമ്മ കയ്യോടെ പിടികൂടി. അമ്മ കുട്ടിയെ ശകാരിക്കുന്നതിനിടെ, മറ്റു ദുഃശ്ശീലങ്ങൾ എന്തെല്ലാം ഉണ്ടെന്ന് ചോദിച്ചു. അതിനിടെയാണ് മുനിസിപ്പൽ സ്‌കൂളിന്റെ ബാത്ത്‌റൂമിൽ തന്നെ 18കാരൻ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയതായി കുട്ടി അമ്മയോട് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ അമ്മ പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് 18 വയസ്സുകാരനെതിരെ കേസെടുത്തത്. എന്നാൽ 18 വയസ്സുകാരൻ കുട്ടിയുടെ ആരോപണം നിഷേധിച്ചു. തന്നെ കള്ളക്കേസിൽ കുടുക്കിയതാണെന്നും 18കാരൻ ആരോപിച്ചു.

കേസിന്റെ വാദത്തിനിടെയാണ് 18കാരൻ കുറ്റക്കാരനാണ് എന്ന് തെളിയിക്കുന്നതിനുള്ള തെളിവില്ലെന്ന് കോടതി കണ്ടെത്തിയത്. 18 വയസ്സുകാരനെതിരെ മതിയായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതിയെ വെറുതെ വിട്ടത്. കുട്ടി പുകവലിക്കുന്നത് അമ്മ കണ്ടതാണ് കേസിലേക്ക് നയിച്ച ആരോപണങ്ങളുടെ തുടക്കം. മറ്റു ദുഃശ്ശീലങ്ങളെ കുറിച്ച് അമ്മ ചോദിച്ചപ്പോൾ കുട്ടി വിവരിച്ച സംഭവം, സംശയം ജനിപ്പിക്കുന്നതാണ്. കൂടാതെ മതിയായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

എട്ടു സാക്ഷികളെയാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. എന്നാൽ കോടതിയിൽ കുട്ടി നൽകിയ മൊഴി നേരത്തെ പൊലീസിന് നൽകിയ മൊഴിയുമായി പൊരുത്തക്കേടുകൾ ഉണ്ടെന്ന് പ്രത്യേക കോടതി ജഡ്ജി ഭാരതി കാലെ പറഞ്ഞു.

എവിടെയാണ് സംഭവം നടന്നത് എന്നതിനെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ നൽകാൻ എട്ടുവയസ്സുകാരന് സാധിച്ചില്ല. എവിടേയ്ക്കാണ് 18കാരൻ കുട്ടിയെ കൂട്ടിക്കൊണ്ടുപോയത് എന്നതിലും വ്യക്തത കുറവുണ്ട്. പുകവലിക്കുന്നത് അമ്മ കയ്യോടെ പിടികൂടിയതോടെ, കുട്ടി ഭയന്നുപോയി. തുടർന്നാണ് കുട്ടി തനിക്ക് ഉണ്ടായ അനുഭവം പറഞ്ഞത്. എന്തുകൊണ്ട് കുട്ടി നേരത്തെ അമ്മയോട് ഇക്കാര്യം പറഞ്ഞില്ല. ഇക്കാര്യം ബോധ്യപ്പെടുത്താൻ പ്രോസിക്യൂഷനും സാധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കുട്ടിയെ പ്രതി കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നതിന് വ്യക്തമായ തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here