അമ്മയും ഭിന്നശേഷിക്കാരായ പെണ്‍മക്കളും പൊള്ളലേറ്റു മരിച്ച നിലയില്‍

0

ചാരുംമൂട്‌ (മാവേലിക്കര): വീട്ടമ്മയെയും ഭിന്നശേഷിക്കാരായ രണ്ടു പെണ്‍മക്കളെയും വീട്ടിലെ കിടപ്പുമുറിയില്‍ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞു തിരിച്ചറിയാന്‍ കഴിയാത്ത നിലയിലായിരുന്നു. താമരക്കുളം കിഴക്കേമുറി പച്ചക്കാട്‌ കലാഭവനത്തില്‍ ശശിധരന്‍പിള്ളയുടെ ഭാര്യ പ്രസന്നകുമാരി(54), മക്കളായ കലമോള്‍(33), മീനുമോള്‍(32) എന്നിവരെയാണ്‌ ഇന്നലെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. കലമോളും മീനുമോളും ഭിന്നശേഷിക്കാരാണ്‌. ഇരുവരും താമരക്കുളം ഗ്രാമപഞ്ചായത്ത്‌ ബഡ്‌സ് സ്‌കൂളില്‍ പോകുന്നുണ്ടായിരുന്നു. മീനുമോള്‍ വിവാഹബന്ധം വേര്‍പെടുത്തി അമ്മയ്‌ക്കൊപ്പമായിരുന്നു. ശശിധരന്‍പിള്ള ഒരു മാസമായി കരുനാഗപ്പള്ളി താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌.
ഇന്നലെ രാവിലെ 8.30 ന്‌ പ്രസന്നയുടെ സഹോദരിയും അയല്‍വാസിയുമായ സുജാത ഇവര്‍ക്ക്‌ ഭക്ഷണവുമായി എത്തിയപ്പോള്‍ വീടിന്റെ ജനാല കത്തിക്കരിഞ്ഞ്‌ ചില്ലുകള്‍ പൊട്ടിച്ചിതറി കിടക്കുന്നതും മുറിയില്‍നിന്നു പുക ഉയരുന്നതും കണ്ടു. സംശയം തോന്നി നോക്കിയപ്പോഴാണ്‌ മൃതദേഹങ്ങള്‍ കണ്ടത്‌. വിവരമറിഞ്ഞ്‌ ഗ്രാമപഞ്ചായത്തംഗം ശോഭാ സജി ഉള്‍പ്പെടെയെത്തി മുന്‍വശത്തെ വാതില്‍ തള്ളിയപ്പോള്‍ തന്നെ തുറന്നു.
മൂവരെയും ഒരു മുറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. രണ്ടുപേര്‍ കട്ടിലിലും ഒരാള്‍ തറയിലുമാണു കിടന്നിരുന്നത്‌. കട്ടിലുകളും മുറിയിലുണ്ടായിരുന്ന ഫര്‍ണിച്ചറുകളും പൂര്‍ണമായും അഗ്നിക്കിരയായി. മൃതദേഹങ്ങള്‍ കണ്ട മുറിയില്‍ മാത്രമേ തീപിടിച്ചിരുന്നുള്ളൂ. സമീപം മറ്റു വീടുകള്‍ ഇല്ലാത്തതാണു സംഭവം അറിയാന്‍ വൈകിയത്‌. മക്കളുടെ ശാരീരിക ബുദ്ധിമുട്ടുകളും ഭര്‍ത്താവിന്റെ രോഗവും പ്രസന്നകുമാരിയെഅലട്ടിയിരുന്നു. പച്ചക്കാട്‌ സ്വദേശിയായ യുവാവ്‌ സിനിമ കഴിഞ്ഞ്‌ രാത്രി 12 മണിയോടെ സമീപത്തുള്ള റോഡിലൂടെ പോകുമ്പോള്‍ മാംസം കരിയുന്ന ഗന്ധം അനുഭവപ്പെട്ടതായി പോലീസിനോട്‌ പറഞ്ഞു. സംഭവം അറിഞ്ഞ്‌ പോലീസ്‌ സംഘവും വിരലടയാള വിദഗ്‌ധരും സ്‌ഥലത്തെത്തി പരിശോധന നടത്തി.
ഫോറന്‍സിക്‌ പരിശോധനകള്‍ക്ക്‌ ശേഷം മൃതദേഹങ്ങള്‍ ഉച്ചയ്‌ക്ക് രണ്ടു മണിയോടെ മോര്‍ച്ചറിയിലേക്കു മാറ്റി. ജില്ലാ പോലീസ്‌ മേധാവി ജി. ജയദേവ്‌, എസ്‌.പി ട്രെയിനി ടി. ഫ്രാഷ്‌, ഡിവൈ.എസ്‌.പി: ഡോ.ആര്‍. ജോസ്‌, സ്‌പെഷല്‍ ബ്രാഞ്ച്‌ ഡിവൈ.എസ്‌.പി: സാബു, സി.ഐ: വി.ആര്‍.ജഗദീഷ്‌, എസ്‌.ഐ: അരുണ്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിശദമായ പരിശോധന നടത്തി.
സംഭവ സംഭവസ്‌ഥലത്ത്‌ മണ്ണെണ്ണയുടെ ഗന്ധം ഉണ്ടായിരുന്നതായും വിശദമായ ഫോറന്‍സിക്‌ പരിശോധനയും പോസ്‌റ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും വന്നതിനു ശേഷം സംഭവത്തിന്റെ നിജസ്‌ഥിതി കണ്ടെത്താന്‍ കഴിയുമെന്നും എസ്‌.പി: ജി.ജയദേവ്‌ പറഞ്ഞു. എം.എസ്‌.അരുണ്‍കുമാര്‍ എം.എല്‍.എയും സ്‌ഥലത്തെത്തിയിരുന്നു.

Leave a Reply