സുഹൃത്തിനെ സഹായിക്കാനായി സ്വന്തം വീട് പണയപ്പെടുത്തി; തിരിച്ചടവ് മുടങ്ങി പലിശ കയറി വീട് ജപ്തി ചെയ്തപ്പോൾ സുഹൃത്ത് കയ്യൊഴിഞ്ഞു; ഒടുവിൽ ഷാജി ജീവനൊടുക്കി; സുഹൃത്തിന്റെ വഞ്ചനയിൽ നാടിനെ നടുക്കിയ ആത്മഹത്യ ഇങ്ങനെ

0

ആലങ്ങാട്: സുഹൃത്തിന്റെ വീടിനു മുന്നിൽ എരിഞ്ഞു തീർന്ന ഷാജിയുടെ മരണം കേട്ട ഞെട്ടലിലാണ് നാടും നാട്ടുകാരും. വീടിനു വേണ്ടി 25 വർഷം പ്രവാസജീവിതം നയിച്ച ഷാജി എങ്ങനെ മരിക്കേണ്ട ആളായിരുന്നില്ല എന്നാണ് നാട്ടുകാരുൾപ്പെടെ പറയുന്നത്. സുഹൃത്തിനെ സഹായിക്കാൻ ബാങ്ക് വായ്പയെടുത്ത് നൽകി വീടും പുരയിടവും ജപ്തിയിലായ മുൻപ്രവാസി സ്വന്തം സുഹൃത്തിന്റെ വീട്ടിലെത്തിയാണ് തീ കൊളുത്തി ജീവനൊടുക്കിയത്.

കരുമാല്ലൂർ കാരുചിറ കുതിരവട്ടത്തു വീട്ടിൽ പരേതനായ ശ്രീധരന്റെ മകൻ എം.എസ്. ഷാജിയാണ് (54) കാഞ്ഞൂർ പള്ളിക്ക് സമീപം സുഹൃത്തിന്റെ വാടക വീടിന്റെ മുറ്റത്തെത്തി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ഇന്നലെ രാവിലെ 8.45 ഓടെയാണ് സംഭവം. ഓട്ടോ ഡ്രൈവറായ ഷാജി രാവിലെ 6.30ന് ഓട്ടമുണ്ടെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. സംഭവം നടക്കുമ്പോൾ സുഹൃത്തിന്റെ മാതാപിതാക്കൾ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.

25 വർഷം ഗൾഫിൽ ഡ്രൈവറായിരുന്ന ഷാജി അഞ്ചു വർഷം മുമ്പാണ് മടങ്ങിയെത്തിയത്. ഗൾഫിൽ ഒപ്പമുണ്ടായിരുന്ന ഈ സുഹൃത്തിന്റെ ടാങ്കർ ലോറിയിലും ഡ്രൈവറായി ജോലി നോക്കി. ഇയാൾക്ക് വേണ്ടി ഷാജി സ്വന്തം വീടും പുരയിടവും ബാങ്കിൽ പണയം വച്ച് 25 ലക്ഷം രൂപ വായ്പയെടുത്തു നൽകിയതായി ബന്ധുക്കൾ പറഞ്ഞു. വായ്പ അടയ്ക്കാതെ വന്നതോടെ വീട് ജപ്തി ചെയ്തു. സുഹൃത്ത് പണം നൽകുമെന്ന ഉറപ്പിന്മേൽ മറ്റൊരു വീട് വാങ്ങിയെങ്കിലും പണം ലഭിക്കാത്തതിനാൽ അവിടെനിന്നും ഇറങ്ങേണ്ടി വന്നു. പലതവണ സുഹൃത്തിനോട് പണമാവശ്യപ്പെട്ടെങ്കിലും നൽകാൻ തയ്യാറായിരുന്നില്ലെന്നും ബന്ധുക്കൾ പറഞ്ഞു. ഏറെ നാളായി മനയ്ക്കപ്പടിയിൽ വാടകയ്ക്കു താമസിച്ചു വരികയായിരുന്നു ഷാജിയും കുടുംബവും.

ഇരുവരും തമ്മിൽ സാമ്പത്തിക പ്രശ്നമുള്ളതായി വ്യക്തമായിട്ടില്ലെന്നും അന്വേഷിച്ചു വരുകയാണെന്നും കാലടി പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുക്കും. ഭാര്യ: ഷീബ. മക്കൾ: ജിഷ്ണു, വിഷ്ണു(വിദ്യാർത്ഥി).

LEAVE A REPLY

Please enter your comment!
Please enter your name here