Thursday, May 13, 2021

ഒരുദിവസം 40-50 മൃതശരീരങ്ങൾ വരുന്ന ഇവിടെ ചൊവ്വാഴ്ച ഉച്ചയോടെ മാത്രം എത്തിയത് എൺപതിലധികം മൃതദേഹങ്ങളാണ്. ഇങ്ങനെയൊരവസ്ഥ മുമ്പ് കണ്ടിട്ടേയില്ല. പുലർച്ചെ തുടങ്ങിയതാണ്. അഞ്ചും ആറും മാത്രമാണ് സാധാരണ മൃതദേഹങ്ങൾ. ബാക്കിയെല്ലാം കോവിഡ് ബാധിച്ചതാണ്. ഇത്രയും ദഹിപ്പിക്കാനുള്ള സൗകര്യം ഇവിടെയില്ല SC

Must Read

ന്യൂഡൽഹി:”സാധാരണ ഒരുദിവസം 40-50 മൃതശരീരങ്ങൾ വരുന്ന ഇവിടെ ചൊവ്വാഴ്ച ഉച്ചയോടെ മാത്രം എത്തിയത് എൺപതിലധികം മൃതദേഹങ്ങളാണ്. ഇങ്ങനെയൊരവസ്ഥ മുമ്പ് കണ്ടിട്ടേയില്ല. പുലർച്ചെ തുടങ്ങിയതാണ്. അഞ്ചും ആറും മാത്രമാണ് സാധാരണ മൃതദേഹങ്ങൾ. ബാക്കിയെല്ലാം കോവിഡ് ബാധിച്ചതാണ്. ഇത്രയും ദഹിപ്പിക്കാനുള്ള സൗകര്യം ഇവിടെയില്ല”- ശ്മശാനപാലകനായ റോമിത്ത് ‘ പറഞ്ഞു.

മോക്ഷമന്ത്രങ്ങളില്ല, അന്ത്യപ്രാർഥനകളില്ല, ദിക്കും ദിശയും നോക്കിയുള്ള ദഹനച്ചടങ്ങുകളില്ല, നിരനിരയായി ഒരുക്കിയ ചിതകളിൽ കാർമികന്റെ നിർദേശങ്ങൾക്കു പകരം ജീവനക്കാരുടെ കോവിഡ് പ്രോട്ടോകോൾ തീരുമാന പ്രകാരമുള്ള അന്ത്യകർമങ്ങൾ. കണ്ണീരോടെ, നിസ്സഹായരും മൗനികളുമായി ബന്ധുക്കളും മിത്രങ്ങളും. എങ്ങും മരണത്തിന്റെ കനത്ത നിശ്ശബ്ദത… ഡൽഹിയിലെ സരായ് കലേഖാൻ ശ്മശാനത്തിലെ ദൃശ്യമാണിത്.

മൃതദേഹങ്ങളുമായി ഇരുപതു മണിക്കൂർ വരെയാണു പൊരിവെയിലത്തും ഇരുളിലും എല്ലാവരും ഊഴവും കാത്തിരിക്കുന്നത്. ശ്മശാനങ്ങളിൽനിന്ന് ശ്മശാനങ്ങളിലേക്കും ദഹിപ്പിക്കാനവസരം കിട്ടുംവരെ മൃതദേഹം സൂക്ഷിക്കാൻ ശീതീകരണ സംവിധാനം തേടിയും ഉള്ള കരളലിയിക്കുന്ന യാത്രകളാണ് ഡൽഹിയിലെങ്ങും.

ഇവിടെ താത്കാലികമായി 20 ദഹനത്തറകൾ കൂടി നിർമിച്ചിട്ടുണ്ട്. മറ്റൊരു അമ്പതെണ്ണത്തിന്റെകൂടി നിർമാണം പുരോഗമിക്കുകയാണ്. ഇതിന്റെ പണി ബുധനാഴ്ചയോടെ പൂർത്തിയാകുമെന്ന് കരാറുകാരനായ ശ്യാം കുമാർ പറഞ്ഞു.

വിറകുവെട്ടുകാരനായ രാജ്പാൽ റായിയും കൂട്ടരും ഉച്ചയാകുമ്പോഴേക്കും തളർന്നു കഴിഞ്ഞു. വളരെ നല്ല യന്ത്രം ഉപയോഗിച്ചിട്ടുപോലും ജോലിഭാരം ഇരട്ടിയിലധികമാണിപ്പോഴെന്ന് റായി നിസ്സഹായനാവുന്നു. മുത്തശ്ശിയുടെ മൃതദേഹത്തിന് അന്ത്യകർമങ്ങൾ യഥാവിധി ചെയ്യാനായില്ലെന്നതായിരുന്നു ശ്മശാനത്തിനു പുറത്തെ കസേരയിലിരുന്നു വിതുമ്പിയ കൗശിക് എന്ന യുവാവിന് പങ്കുവെക്കാനുണ്ടായിരുന്നത്.

ഡൽഹി മുനിസിപ്പൽ കോർപ്പറേഷനു കീഴിലെ 26 ശ്മശാനങ്ങളിലെയും സ്ഥിതിയിതാണ്. മൃതദേഹങ്ങളുടെ നീണ്ട വരി. ദഹിപ്പിക്കാൻ ആവശ്യത്തിന് തറകളില്ല. ഗാസിപ്പുർ ശ്മശാനത്തിൽ വാഹനം പാർക്കു ചെയ്യുന്ന സ്ഥലത്ത് 20 തറകൾകൂടി പണിതു. വസീറാബാദിൽ 10-ഉം. സീമാപുരിയിലും പാർക്കിങ് മേഖലയെ സംസ്കാരത്തിനായി ഉപയോഗിച്ചു തുടങ്ങി.

ഓക്സിജൻ ലഭ്യതയിൽ അല്പം ആശ്വാസമുണ്ടെങ്കിലും ഡൽഹിയിൽ മരണനിരക്കിനു കുറവൊന്നുമില്ല. ചൊവ്വാഴ്ച മാത്രം മരിച്ചത് 380 പേർ. ഔദ്യോഗികരേഖകൾ പ്രകാരം ഈ മാസം ഇതുവരെ മരിച്ചത് 3601 പേർ. കോവിഡ് രണ്ടാം തരംഗം തുടങ്ങിയശേഷം കഴിഞ്ഞ ഏഴു ദിവസത്തിനിടെ മാത്രം 2,267 പേർ. ഫെബ്രുവരിയിൽ 57-ഉം മാർച്ചിൽ 117-ഉം ആയിരുന്നു എന്നതറിയുമ്പോഴാണ് ഇതിന്റെ ഭീതിദ യാഥാർഥ്യം തിരിച്ചറിയുക.

Leave a Reply

Latest News

ആശുപത്രിയിൽ ഓക്സിജൻ മാസ്കുമായി കിടന്ന് വീഡിയോ കോൺഫറൻസിലൂടെ കേസ് വാദിച്ച മലയാളി അഭിഭാഷകന് ഡൽഹി ഹൈക്കോടതിയുടെ അഭിനന്ദനം

ന്യൂഡൽഹി :ആശുപത്രിയിൽ ഓക്സിജൻ മാസ്കുമായി കിടന്ന് വീഡിയോ കോൺഫറൻസിലൂടെ കേസ് വാദിച്ച മലയാളി അഭിഭാഷകന് ഡൽഹി ഹൈക്കോടതിയുടെ അഭിനന്ദനം. അഡ്വ. സുഭാഷ് ചന്ദ്രന്റെ ജോലിയോടുള്ള ആത്മാർഥതയാണ്...

More News