റാലിയ്‌ക്കിടെ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ കൂടുതൽ പോപ്പുലർഫ്രണ്ടുകാർ കസ്റ്റഡിയിൽ

0

ആലപ്പുഴ: റാലിയ്‌ക്കിടെ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ കൂടുതൽ പോപ്പുലർഫ്രണ്ടുകാർ കസ്റ്റഡിയിൽ. റാലിയിൽ മുദ്രാവാക്യം ഏറ്റുവിളിച്ച 24 പേരെയാണ് കസ്റ്റഡിയിൽ എടുത്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ളവരാണ് ഇവർ.

വീഡിയോ ദൃശ്യങ്ങളിൽ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത ഇവരെല്ലാവരും ജില്ലയിലെ വിവിധ സ്റ്റേഷനുകളിലാണ് ഇപ്പോൾ ഉള്ളത്. ഉച്ചയ്‌ക്ക് ശേഷം ഇവരെ കോടതിയിൽ ഹാജരാകും. കുട്ടി വിളിയ്‌ക്കുന്ന മുദ്രാവാക്യം ചുറ്റും നിന്ന് ഇവർ ഏറ്റുവിളിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം.
മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ നേരത്തെ കോടതി രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് അന്വേഷണവും നടപടികളും വേഗത്തിൽ ആക്കിയത്. പരിപാടി സംഘടിപ്പിച്ച സംഘാടകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം.
അതേസമയം പോപ്പുലർ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കേസിൽ കുട്ടിയുടെ പിതാവിനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി. കൊച്ചി തോപ്പുംപടിയിലെ താമസക്കാരായ കുട്ടിയുടെ കുടുംബം ഒളിവിലാണ്. ഇവർക്കായി ഈരാറ്റുപേട്ടയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. കുടുംബത്തിന് ഒളിവിൽ കഴിയാനുള്ള സഹായം ഈരാറ്റുപേട്ടയിൽ നിന്ന് കിട്ടിയെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് നീക്കം.

പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ പിതാവാണ് പ്രകടനത്തിലേക്ക് കുട്ടിയെ കൊണ്ടുവന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരങ്ങളിലും കുട്ടിയെ പങ്കെടുപ്പിച്ചിരുന്നു. കുട്ടിയെ ചുമലിലേറ്റിയ ഈരാറ്റുപേട്ട സ്വദേശിയായ അൻസാറിനെ പൊലീസ് പിടികൂടിയിരുന്നു. മതവിദ്വേഷം ഉണ്ടാക്കുന്ന തരത്തില്‍ മുദ്രാവാക്യം വിളിക്കാന്‍ കുട്ടിക്ക് പരിശീലനം നല്‍കിയെന്ന് പൊലീസിന്‍റെ റിമാന്‍റ് റിപ്പോര്‍ട്ടിൽ പറയുന്നു. റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് പുറത്ത് വന്നിരുന്നു.
സമൂഹമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ച് നാല് ദിവസം കഴിഞ്ഞാണ് പൊലീസിന് കുട്ടിയെ തിരിച്ചറിയാന്‍ കഴിഞ്ഞത്. ആലപ്പുഴയില്‍ നിന്നുള്ള പൊലീസ് സംഘം കൊച്ചി തോപ്പുംപടിക്ക് സമീപമുള്ള വീട്ടിലെത്തിയെങ്കിലും അടച്ചിട്ട നിലയിലായിരുന്നു വീട്. ദൃശ്യങ്ങള്‍ വിവാദമായതിന് പിന്നാലെ കുടുംബം സ്ഥലം വിട്ടെന്ന് പൊലീസ് അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്‍റെ സജീവ പ്രവര്‍ത്തകനാണ് പിതാവ്. ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ടിന്‍റെ പ്രകടനത്തിന് കുട്ടിയെ കൊണ്ടുവന്നത് പിതാവ് തന്നെയായിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരങ്ങളിലും കുട്ടിയെ പങ്കെടുപ്പിച്ചതായി പൊലീസിന്‍റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ ഹിന്ദു ക്രിസ്ത്യന്‍ മതവികാരങ്ങള്‍ ആളിക്കത്തിക്കാന്‍ പ്രതികള് ലക്ഷ്യമിട്ടതായി പൊലീസ് കോടതിയില്‍ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ ആരോപിക്കുന്നു. ഇതിനായി കുട്ടിയെ ചുമലിലേറ്റി മറ്റു സമുദായങ്ങളിലുള്ളവരെ ആക്രമിക്കുന്നതിന് പ്രേരിപ്പിക്കുന്ന തരത്തില്‍ മുദ്രാവാക്യം വിളിപ്പിച്ചു. മുസ്ലിം ജനവിഭാഗത്തെ ഇളക്കിവിടാന്‍ ശ്രമിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.
പ്രകോപനപരമായ മുദ്രാവാക്യം വിളിക്കാന്‍ കുട്ടിക്ക് പ്രത്യേകം പരിശീലനം നല്‍കിയിട്ടുണ്ട്. എവിടെ വെച്ചാണ് പരിശീലനം നല്കിയതെന്ന് കണ്ടെത്തണം. ആരാണ് പരിശീലിപ്പിച്ചതെന്നും ഇതിനായി ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നന്വേഷിക്കണമെന്നും റിമാൻഡ് റിപ്പോര‍്‍ട്ടില്‍ പറയുന്നു.

ബാബരി മസ്ജിദ്, ഗ്യാന്‍ വ്യാപി വിഷയങ്ങള്‍ മുദ്രാവാക്യങ്ങളില്‍ ഉള്‍പ്പെടുത്തിയതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും പൊലീസ് ആരോപിക്കുന്നു. നിലവില്‍ മൂന്ന് പേരെയാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പ്രതി ചേർത്തിരിക്കുന്നത്. പോപ്പുലർ ഫ്രണ്ട് ജില്ലാ സെക്രട്ടറി മുജീബ് യാക്കൂബ് കേസില്‍ രണ്ടാം പ്രതിയാണ്. ഇതിനിടെ പ്രതികൾക്കെതിരെ ബാലനീതിനിയമ പ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്തെ കുട്ടിയെ കുറ്റകൃത്യങ്ങളില്‍ പങ്കാളിയാക്കി എന്നതാണ് കുറ്റം.

LEAVE A REPLY

Please enter your comment!
Please enter your name here