Wednesday, December 1, 2021

വ്യാജപുരാവസ്‌തു തട്ടിപ്പു കേസ്‌ പ്രതി മോന്‍സന്‍ മാവുങ്കലിനെ പോക്‌സോ കേസില്‍ ക്രൈംബ്രാഞ്ച്‌ ഈയാഴ്‌ച കസ്‌റ്റഡിയില്‍ വാങ്ങും

Must Read

കൊച്ചി: വ്യാജപുരാവസ്‌തു തട്ടിപ്പു കേസ്‌ പ്രതി മോന്‍സന്‍ മാവുങ്കലിനെ പോക്‌സോ കേസില്‍ ക്രൈംബ്രാഞ്ച്‌ ഈയാഴ്‌ച കസ്‌റ്റഡിയില്‍ വാങ്ങും. ജീവനക്കാരിയുടെ മകളെ പീഡിപ്പിച്ചെന്ന ആരോപണത്തിലാണു പോക്‌സോ കേസ്‌. കസ്‌റ്റഡി അപേക്ഷ ശനിയാഴ്‌ച കോടതിയില്‍ നല്‍കിയിരുന്നു. ആനക്കൊമ്പ്‌ കണ്ടെടുത്ത കേസില്‍ വനം വകുപ്പിനു നിര്‍ണായക വിവരം കിട്ടിയെന്നും സൂചനയുണ്ട്‌.
വന്യജീവി സംരക്ഷണ നിയമപ്രകാരം രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ ചോദ്യം ചെയ്യാനായി വനംവകുപ്പ്‌ കഴിഞ്ഞ ദിവസം മോന്‍സണെ കസ്‌റ്റഡിയില്‍ വാങ്ങിയിരുന്നു. പ്രതിയുടെ താമസസ്‌ഥലത്തുനിന്ന്‌ ആനക്കൊമ്പിനോടും തിമിംഗല അസ്‌ഥിയോടും സാദൃശ്യമുള്ള ഉരുപ്പടികള്‍, ശംഖ്‌, പവിഴപ്പുറ്റ്‌ എന്നിവ കണ്ടെത്തിയതിനെത്തുടര്‍ന്നാണു കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌. തിമിംഗല അസ്‌ഥിയും ശംഖുകളും മറ്റും കണ്ടെടുത്ത കേസില്‍ മോന്‍സനെ വനംവകുപ്പ്‌ വീണ്ടും അറസ്‌റ്റ്‌ രേഖപ്പെടുത്തി കസ്‌റ്റഡിയില്‍ വാങ്ങുന്നുണ്ട്‌.
പിടിച്ചെടുത്ത നാല്‌ ശംഖുകളില്‍ ചിലതും തിമിംഗല എല്ലും ഷെഡ്യൂളില്‍പെടുന്നതായതിനാല്‍ കുറ്റകരമാണ്‌. ശംഖുകള്‍ പരിശോധനയ്‌ക്കായി എറണാകുളം സി.എം.എഫ്‌.ആര്‍.ഐയില്‍ നല്‍കിയിട്ടുണ്ട്‌. തിമിംഗല അസ്‌ഥി സി.എം.എഫ്‌.ആര്‍.ഐയിലോ തിരുവനന്തപുരം രാജീവ്‌ ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലോ പരിശോധനയ്‌ക്കു നല്‍കാനാണു ഉദ്ദേശിക്കുന്നത്‌. എട്ടടി നീളം വരുന്ന രണ്ടു എല്ലുകളാണു വനം വകുപ്പു പിടിച്ചെടുത്തത്‌. പിടിച്ചെടുത്ത ആനക്കൊമ്പുകളും ഇവിടെയാണു നല്‍കിയിരിക്കുന്നത്‌.
സംസ്‌ഥാനത്ത്‌ തിമിംഗല മാഫിയ സജീവമാണെന്നതിന്റെ തെളിവുകളും വനംവകുപ്പിനു കിട്ടി. കടലിലെ അമൂല്യ വസ്‌തുക്കള്‍ അനധികൃതമായി വില്‍പ്പന നടത്തുന്ന സംഘത്തെക്കുറിച്ചാണു വിവരങ്ങള്‍ കിട്ടിയത്‌. വ്യാജ ആനക്കൊമ്പും തിമിംഗല ഛര്‍ദിയും വരെ കേരളത്തില്‍ ലഭ്യമാണെന്നാണു സൂചന. വ്യാജ ആനക്കൊമ്പുകള്‍ രാജസ്‌ഥാനിലെ കരകൗശല വില്‍പനക്കാരില്‍നിന്നാണു വാങ്ങിയത്‌.
സാമ്പത്തിക തട്ടിപ്പു കേസിലാണു മോന്‍സനെതിരേ പോലീസിനു പരാതി ലഭിച്ചതെങ്കിലും അന്വേഷണം പുരോഗമിച്ചപ്പോഴാണു മറ്റു കേസുകളും രജിസ്‌റ്റര്‍ ചെയ്‌തത്‌. അതേസമയം, പോക്‌സോ കേസിലെ മുഖ്യസാക്ഷിയുടെ വൈദ്യപരിശോധന സംബന്ധിച്ച്‌ അന്വേഷണസംഘവും എറണാകുളം മെഡിക്കല്‍ കോളജിലെ ഡോക്‌ടര്‍മാരും ശീതസമരത്തിലാണ്‌. കേസിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഉന്നത പൊലീസ്‌ ഉദ്യോഗസ്‌ഥരുമായുള്ള മോന്‍സന്റെ അടുപ്പത്തിന്റെ തെളിവുകള്‍ പുറത്തുവന്നതും അന്വേഷണത്തിലെ പാളിച്ചകളും പ്രതിഭാഗത്തിനു സഹായകരമാകുമെന്ന ആശങ്കയിലാണു പരാതിക്കാര്‍.

Leave a Reply

Latest News

പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. അയ്യപ്പഭക്തരും...

More News