തിരുവനന്തപുരം ∙ ലത്തീൻ അതിരൂപതയുടെ പുതിയ ആർച്ച്ബിഷപ്പായി മോൺ. ഡോ. തോമസ് ജെ. നെറ്റോയെ (58) ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. വിശ്വാസി സമൂഹത്തിന്റെ അവകാശ സമരങ്ങളിലെ മുന്നണിപ്പോരാളിയായി, ലാളിത്യത്തിന്റെ ആത്മീയ മുഖവുമായി അതിരൂപതയെ നയിച്ച ആർച്ച്ബിഷപ് ഡോ.എം.സൂസപാക്യം 75 വയസ്സ് പിന്നിട്ട് വിരമിച്ചതിനെത്തുടർന്നാണു നിയമനം. മെത്രാഭിഷേകം ഒരു മാസത്തിനകം നടക്കും. അതുവരെ അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ഡോ.സൂസപാക്യം തുടരാൻ മാർപാപ്പ നിർദേശിച്ചിട്ടുണ്ട്.
തന്റെ മെത്രാഭിഷേകത്തിന്റെ 32–ാം വാർഷികത്തിൽ പാളയം സെന്റ് ജോസഫ്സ് മെട്രോപ്പൊലിറ്റൻ കത്തീഡ്രലിലെ കൃതജ്ഞതാ ദിവ്യബലിക്കിടെയാണു പുതിയ ആർച്ച് ബിഷപ്പിനെ നിയമിച്ചുള്ള മാർപാപ്പയുടെ നിയമന ഉത്തരവ് ഡോ.സൂസപാക്യം വായിച്ചത്. ഇതേ സമയം റോമിലും പ്രഖ്യാപനം നടന്നു. തിരുവനന്തപുരം പുതിയതുറ സെന്റ് നിക്കോളാസ് ഇടവകാംഗമായ ഡോ.തോമസ് നെറ്റോ, നിലവിൽ തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ ശുശ്രൂഷകളുടെ കോഓർഡിനേറ്ററാണ്.
കഴിഞ്ഞ വർഷം മാർച്ചിൽ 75 വയസ്സ് പൂർത്തിയായ സാഹചര്യത്തിൽ ആർച്ച്ബിഷപ് ഡോ. എം.സൂസപാക്യം തന്റെ ചുമതലകൾ ഭാഗികമായി സഹായ മെത്രാൻ ഡോ.ആർ.ക്രിസ്തുദാസിനു കൈമാറിയിരുന്നു. കോവിഡ് സാഹചര്യത്തിലാണ് പുതിയ ആർച്ച് ബിഷപ്പിന്റെ പ്രഖ്യാപനം നീണ്ടുപോയത്.
ദിവ്യബലിക്ക് ഡോ.സൂസപാക്യം മുഖ്യകാർമികത്വം വഹിച്ചു. സഹായമെത്രാൻ ഡോ.ആർ.ക്രിസ്തുദാസ്, കൊല്ലം രൂപത മെത്രാൻ ഡോ. പോൾ ആന്റണി മുല്ലശേരി, അതിരൂപത വികാരി ജനറൽ മോൺ.ഡോ.സി.ജോസഫ്, പാളയം ഇടവക വികാരി മോൺ.ഡോ.ടി.നിക്കോളാസ്, സിബിസിഐ ലേബർ മിനിസ്ട്രി ഡയറക്ടർ യൂജിൻ എച്ച്.പെരേര, രൂപതാ വൈദികർ എന്നിവർ സഹകാർമികരായി. മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ, പുനലൂർ ബിഷപ് ഡോ.സെൽവിസ്റ്റർ പൊന്നുമുത്തൻ എന്നിവരും സന്നിഹിതരായിരുന്നു.