Friday, May 14, 2021

സിദ്ദീഖ് കാപ്പന് മികച്ച ചികിത്സലഭ്യമാക്കണമെന്ന് എംകെ മുനീർ ; ദേശീയ മനുഷ്യാവകാശ കമ്മീഷന് കത്തുനൽകി

Must Read

കൊവിഡ് ബാധിതനായി മഥുര ജയിലാശുപത്രിയിൽ കഴിയുന്ന സിദ്ദീഖ് കാപ്പന് മികച്ച ചികിത്സലഭ്യമാക്കണമെന്നും നീതിക്കായി കേരളം ഒരുമിച്ച് കൈകോർക്കണമെന്നുമാവശ്യപ്പെട്ട് എംകെ മുനീർ രംഗത്ത്. ചങ്ങലയിൽ കിടന്ന് പ്രാഥമിക കാര്യങ്ങൾ പോലും നിർവ്വഹിക്കാനാവാത്ത കാപ്പന് മികച്ച് ചികിത്സ ലഭ്യമായില്ലെങ്കിൽ അവസ്ഥ കൂടുതൽ മോശമാകുമെന്ന് ചൂണ്ടികാട്ടി പ്രതിപക്ഷ ഉപനേതാവ് കൂടിയായ മുനീർ ദേശീയ മനുഷ്യാവകാശ കമ്മീഷന് കത്തുനൽകി.

മുനീറിന്‍റെ കുറിപ്പ് പൂർണരൂപത്തിൽ

അത്യന്തം ദാരുണമായ അവസ്ഥയിൽ കൂടിയാണ് സിദ്ദിഖ് കാപ്പൻ എന്ന മലയാളി പത്രപ്രവർത്തകൻ കടന്നു പോകുന്നത് എന്ന് അദ്ദേഹത്തിന്‍റെ ഭാര്യയുടെ വെളിപ്പെടുത്തലുകൾ വ്യക്തമാക്കുന്നു. കൊവിഡ് ബാധിതനായ അദ്ദേഹം ബാത്ത്റൂമിൽ തല കറങ്ങി വീഴുകയും താടിയെല്ല് പൊട്ടുകയും ശരീരമാസകലം വേദന അനുഭവിക്കുകയും ചെയ്യുന്ന അവശനിലയിലാണ് ഉള്ളതെന്ന് ഭാര്യ പറയുന്നു. ചങ്ങലയിൽ കിടന്ന് പ്രാഥമിക കാര്യങ്ങൾ പോലും നിർവ്വഹിക്കാനാവാത്ത തരത്തിൽ ജയിലിൽ ക്രൂര മർദ്ദനമാണ്, ഉടൻ ചികിത്സ ലഭ്യമായില്ലെങ്കിൽ അദ്ദേഹത്തിന്‍റെ അവസ്ഥ കൂടുതൽ മോശമാകുമെന്നും പുറത്ത് വരുന്നു.

കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ വീട് തേടിയുള്ള റിപ്പോർട്ടിംഗിന്‍റെ ഭാഗമായി ഹഥ്രാസിലേക്ക് പോയ മലയാളി പത്രപ്രവർത്തകനാണ് സിദ്ദിഖ് കാപ്പൻ. പിന്നീടദ്ദേഹം തിരിച്ചു വന്നിട്ടില്ല. പത്രപ്രവർത്തക യൂണിയൻ നേതാവ് കൂടിയായ അദ്ദേഹം ഡൽഹിയിൽ നിന്ന് ഹാഥ്രസിലേക്ക് എത്തും മുൻപെ പിടിയിലായി. അദ്ദേഹത്തിന്‍റെ പേര് നോക്കി അറസ്റ്റ് ചെയ്യാൻ ഉത്തർപ്രദേശ് പോലിസിന് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല. സിദ്ദീഖ് കാപ്പന്‍റെ കാര്യത്തിൽ മനുഷ്യാവകാശങ്ങളെല്ലാം നിഷേധിക്കപ്പെടുകയാണ്. അതിന് മാത്രംഎന്ത് കുറ്റമാണ് അദ്ദേഹം ചെയ്തിട്ടുള്ളത് ? യോഗിയും മോദിയും ഷായും തീർത്ത തടവറകളിൽ എത്ര പേർ ഇങ്ങനെ ജീവിതം ഹോമിക്കുന്നുണ്ടാവണം. കരുതൽ തടങ്കൽ അനുഭവിക്കുന്ന മനുഷ്യരെ കുറിച്ചുള്ള വാർത്തകളെത്ര നാം കേൾക്കുന്നു. മനുഷ്യാവകാശ ലംഘനങ്ങളുടെ ഇരുണ്ട യുഗത്തിലേക്ക് നാം തിരിച്ചു പോവുകയാണോ? എന്ത് കൊണ്ടാണ് മലയാളിയായ ഒരു പത്രപ്രവർത്തകന്‍റെ അകാരണമായ അറസ്റ്റിലും അദ്ദേഹത്തോടുള്ള മനുഷ്യാവകാശ ലംഘനത്തിലും സംസ്ഥാന ഗവൺമെന്‍റും നിശബ്ദമാകുന്നത്?

സിദ്ദീഖ് കാപ്പന് അടിയന്തിരമായി കൊവിഡ് ചികിത്സ സൗകര്യം ലഭ്യമാവണം. അദ്ദേഹത്തിന്‍റെ മോചനം എത്രയും വേഗം സാധ്യമാകണം. നീതി ലഭ്യമാവണം. ഈ ആവശ്യങ്ങളുന്നയിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന് കത്ത് നൽകിയിട്ടുണ്ട്. ഈ മനുഷ്യാവകാശ ധ്വംസനത്തിനെതിരെ സാധ്യമാകുന്നതെല്ലാം ചെയ്യാൻ കേരളം ഒന്നിച്ച് കൈകോർക്കേണ്ട സമയമാണിത്.

നേരത്തെ കാപ്പനെ എയിംസിലേയ്ക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുധാകരൻ ചീഫ് ജസ്റ്റിസിന് കത്ത് നൽകിയിരുന്നു. സിദ്ദീഖ് കാപ്പന്‍റെ ജീവൻ രക്ഷിക്കാൻ മുഖ്യമന്ത്രിയും മനുഷ്യാവകാശ കമ്മീഷനും അടിയന്തിരമായി ഇടപെടണമെന്ന് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് മുനവറലി ശിഹാബ് തങ്ങളും ആവശ്യപ്പെട്ടു. കാപ്പന് വേണ്ടി സംസാരിക്കാൻ മുഖ്യമന്ത്രി ഇനിയെങ്കിലും തയ്യാറാകണമെന്ന് ഭാര്യ ആവശ്യപ്പെട്ടു

English summery

MK Muneer urges Siddique Kappan to get better treatment; Letter to the National Human Rights Commission

Leave a Reply

Latest News

ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജമായി മൂവാറ്റുപുഴ താലൂക്ക്

മഴക്കാല ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജമായി മൂവാറ്റുപുഴ താലൂക്ക്. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി താലൂക്കിലെ ഐ.ആർ.എസ് സമിതി, യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. താലൂക്കിലെ അടിയന്തരഘട്ട...

More News