സിൽവർലൈൻ പദ്ധതിക്കു കേന്ദ്രം അനുമതി നിഷേധിച്ചെന്ന പ്രചാരണം ശരിയല്ലെന്നും തത്വത്തിൽ പദ്ധതിക്കു കേന്ദ്ര അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി കെ.എൻ.ബാലഗോപാൽ

0

തിരുവനന്തപുരം ∙ സിൽവർലൈൻ പദ്ധതിക്കു കേന്ദ്രം അനുമതി നിഷേധിച്ചെന്ന പ്രചാരണം ശരിയല്ലെന്നും തത്വത്തിൽ പദ്ധതിക്കു കേന്ദ്ര അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. പദ്ധതിക്ക് ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നു കേന്ദ്ര ധന മന്ത്രാലയത്തിന്റെയും റെയിൽവേയുടെയും കത്തുകൾ ലഭിച്ചത് ഇതിനു തെളിവാണ്. ഇതുകൂടി കണക്കിലെടുത്താണു പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകുന്നത്. എന്നാൽ, കേരളത്തിലെ ബിജെപി നേതാക്കൾക്കു പദ്ധതിക്ക് അനുമതി ലഭിക്കരുതെന്നാണ് ആഗ്രഹം. അതിനുള്ള ശ്രമങ്ങൾ അവർ നടത്തിയേക്കാം.

പാർലമെന്റിൽ ഇന്നലെ കേന്ദ്രമന്ത്രി നൽകിയ മറുപടി സിൽവർലൈൻ പദ്ധതി നടക്കേണ്ടെന്നോ നടക്കില്ലെന്നോ അനുമതി തരില്ലെന്നോ അല്ല. പദ്ധതിയെക്കുറിച്ച് കേന്ദ്രം പഠിക്കുന്നെന്നാണ്. പദ്ധതി സംബന്ധിച്ചു സംശയങ്ങളുണ്ടെങ്കിൽ കേന്ദ്രം ചോദിക്കും. അതു സ്വാഭാവികമാണ്. എല്ലാം കുറ്റമറ്റതായിരുന്നെങ്കിൽ ഇതിനകം അനുമതി ലഭിക്കുമായിരുന്നല്ലോ. വന്ദേഭാരത് പദ്ധതിയുടെ ഭാഗമായി 130 കിലോമീറ്റർ വേഗമുള്ള ട്രെയിനുകൾ ഓടിക്കുമെന്നു ബജറ്റിൽ പ്രഖ്യാപിച്ച കേന്ദ്രത്തിന്, വേഗമുള്ള ട്രെയിനുകൾ ആവശ്യമാണെന്നു ബോധ്യപ്പെട്ടിട്ടുണ്ടെന്നും ബാലഗോപാൽ പറഞ്ഞു.

ഇപ്പോൾ നടപ്പാക്കേണ്ട പദ്ധതിക്ക് 5 വർഷം കഴിഞ്ഞ് അനുമതി കിട്ടിയിട്ടു കാര്യമില്ല. അപ്പോൾ പദ്ധതിച്ചെലവ് ഇരട്ടിയാകും. കേന്ദ്രവും റെയിൽവേയും തന്ന നിർദേശങ്ങൾ കൂടി കണക്കിലെടുത്താണു തുടർ‌നടപടികളുമായി കേരളം മുന്നോട്ടു പോകുന്നത്.

Leave a Reply